നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കിങ് ഖാന്റെ തിരിച്ചുവരവ് കൊണ്ടാടുകയാണ് സിനിമാ പ്രേമികള്‍. സംഘ്പരിവാര്‍ സംഘടനകളുടെ എതിര്‍പ്പുകളെയും പൈറസിയെയും തോല്‍പ്പിച്ചുകൊണ്ട് ഷാരൂഖ് ഖാന് നായകനായ പത്താന് ആദ്യ ദിനം ആഗോളതലത്തില്‍ വാരിക്കൂട്ടിയത് അമ്പത് കോടിയിലേറെയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഇന്ന് എട്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം മള്‍ട്ടി പ്ലക്സുകളില്‍ നിന്ന് മാത്രമായി 20.35 കോടി രൂപ വാരിക്കൂട്ടിയതായി പ്രമുഖ സിനിമാ അനലിസ്റ്റായ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരുന്നു. പി.വി.ആര്, ഐനോക്സ്, സിനിപോളിസ് എന്നീ വമ്പന്‍ മള്‍ട്ടിപ്ലക്സ് ചെയിനുകളില്‍ മാത്രമായാണ് ചിത്രം അത്രയും കളക്ഷന്‍ നേടിയത്.
ആദ്യ ദിനം ചിത്രത്തിന്റെ കളക്ഷന്‍ അമ്പത് കോടിയിലെത്തുമെന്ന് മറ്റൊരു അനലിസ്റ്റ് സുമിത് കദെലും അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 5500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിദേശത്ത് 2500 ഇടത്തും. കേരളത്തില്‍ 130 തിയേറ്ററുകളിലെത്തിയിരുന്നു.