ബേസിംഗ്‌സ്റ്റോക്ക് സെന്റ് അഗസ്റ്റിന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരായ മാര്‍ത്തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ 24ന്

ബേസിംഗ്‌സ്റ്റോക്ക് സെന്റ് അഗസ്റ്റിന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരായ  മാര്‍ത്തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ 24ന്
ഇംഗ്ലണ്ടിലെ ബേസിംഗ്‌സ്റ്റോക്ക് സെന്റ് അഗസ്റ്റിന്‍സ് സീറോ മലബാര്‍ പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അഗസ്തീനോസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ 24 ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

തിരുനാള്‍ ദിവസം ഉച്ചകഴിഞ്ഞ് 2 .30 ന് സൗതാംപ്ടണ്‍ റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ വെരി റവ. ഫാദര്‍ ജോസ് ബേബി കുന്നുംപുറത്ത് കൊടിയേറ്റുന്നതോടുകൂടി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠ, വാഹന വെഞ്ചരിപ്പ് എന്നിവയും നടത്തും. മൂന്നുമണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി സിഞ്ചെല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പരിശുദ്ധ കുര്‍ബാന ആരംഭിക്കും. വെരി റവ. ഫാദര്‍ ജോസ് ബേബി കുന്നുംപുറത്ത് സഹകാര്‍മ്മികനായി ദിവ്യബലി മധ്യേ തിരുവചന സന്ദേശം നല്‍കും. പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം നേര്‍ച്ച വെഞ്ചരിപ്പും, ലദീഞ്ഞിനും ശേഷം തിരുനാള്‍ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടൂള്ള ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേര്‍ച്ച ഇവിടുത്തെ പ്രത്യേകതയാണ്. പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വ്വാദം നല്‍കും. നിര്‍ദിഷ്ട മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനോയ് കുര്യന്‍ കൊടിയിറക്കുന്നതോടുകൂടി തിരുകര്‍മ്മങ്ങള്‍ അവസാനിക്കുന്നതാണ്. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്ക് സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി 23 അംഗ പ്രസുദേന്തിമാരെയും പ്രതിനിധിയോഗാംഗങ്ങളെയും ഇടവക ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള വിവിധ കമ്മറ്റികളുടെ തീഷ്ണതയാര്‍ന്ന പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.


തിരുനാളിന് ഒരുക്കമായി ഉപവാസപ്രാര്‍ത്ഥനയും നൊവേനയും നടത്തി വരുന്നു. തിരുനാള്‍ ദിവസം നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരവും ഉണ്ടായിരിക്കുന്നതാണ്.


പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അല്‍ഫോന്‍സാമ്മയുടെയും മധ്യസ്ഥം തേടുവാനും അവരുടെ മഹനീയ മാതൃക പിന്തുടര്‍ന്ന് മിശിഹാനുഭവം സ്വന്തമാക്കുവാനും ജീവിതം രക്ഷാകരമാക്കുവാനും ഈ സംയുക്ത തിരുനാള്‍ ആചരണത്തില്‍ പങ്കുചേര്‍ന്ന് ദൈവകൃപയില്‍ പൂരിതരാകുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി നിര്‍ദ്ദിഷ്ട മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനോയ് കുര്യന്‍, കൈക്കാരന്‍മാരായ രാജു തോമസ് അമ്പാട്ട്, വിന്‍സന്റ് പോള്‍ പാണാകുഴിയില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ റോബിന്‍ ജോസഫ് മുണ്ടുചിറ, മാത്യു വര്‍ഗീസ് കൈതക്കടുപ്പില്‍ എന്നിവര്‍ അറിയിച്ചു.


ദൈവാലയത്തിന്റെ വിലാസം.

St. Bede's Catholic Church, Popley Way, Basingstoke, RG24 9DX.


Other News in this category



4malayalees Recommends