ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നിവാസികളായ മലയാളി മുസ്ലിം കുടുംബാഗങ്ങളുടെ ഓണ സദ്യ ഒത്തു ചേരല്‍ ബെല്‍ റോസിലുള്ള മുംതാസ് യൂസുഫ് ദമ്പതികളുടെ വസതിയില്‍ സുഭിക്ഷമായി കൊണ്ടാടി. ഓണാഘോഷങ്ങളോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്താറുള്ള കേരളീയ ഓണ സദ്യ കോവിഡ് മഹാമാരി സമയത്ത് താത്ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.
മലയാളി മുസ്ലിം കുടുംബിനികള്‍ മുന്‍കൈയ്യെടുത്തു ഒരുക്കിയ സ്വാദിഷടമായ സദ്യ വീണ്ടും അവിസ്മരണീയമാക്കി.
ബിരിയാണിയും, കബാബും, നെയ്‌ച്ചോറും, മന്തിയും, പത്തിരിയും, മുട്ട മാലയും മാത്രമല്ല അവിയലും, കിച്ചടിയും, സാമ്പാറും, എരിശ്ശേരിയും, പുളിശ്ശേരിയും, രസവും, വിവിധ തരം പായസങ്ങളും തങ്ങളുടെ കൈപുണ്യത്തില്‍ ഒതുങ്ങുമെന്നു ഒരിക്കല്‍ കൂടി അവര്‍ തെളിയിച്ചു.
ഓണ സദ്യ ഒരുക്കി വിളമ്പുന്നതിനു റസീന, അബ്ദു, ബീന, ഷാജിദ്, ഹസീബ, മെഹബൂബ്, മുംതാസ്, യാസിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെങ്കേമമായ ഭക്ഷണ ശേഷം രഹ്ന, ബീന എന്നിവരുടെ ശിക്ഷണത്തില്‍ ഒരു അനൗപചാരിക 'തിരുവാതിര കളി' അരങ്ങേറിയത് കൗതുകകരമായി.
റിപ്പോര്‍ട്ട്: യു എ നസീര്‍, ന്യൂയോര്‍ക്ക്