ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) അതിന്റെ എട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ തിയ്യതിയും വേദിയും പ്രഖ്യാപിച്ചു. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും അതിവിപുലമായ രീതിയില്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാര്‍സലോ ബവാരോ പാലസ് 'ഓള്‍ ഇന്‍ക്ലൂസീവ്' ഫൈവ് സ്റ്റാര്‍ ഫാമിലി റിസോര്‍ട്ടില്‍ വെച്ച് ഇങ്ങനെയൊരു കണ്‍വന്‍ഷന്‍ നടത്തുന്നത്.
2024 ഓഗസ്റ്റ് എട്ടു മുതല്‍ പതിനൊന്നു വരെയാണ് കണ്‍വന്‍ഷന്‍. രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും (ആറ് വയസ്സില്‍ താഴെയുള്ള) ഉള്‍പ്പടെയുള്ള ഒരു കുടുംബത്തിന് എല്ലാ ഭക്ഷണവും, താമസവും, പ്രോഗ്രാമുകളും, എയര്‍പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷനും അടക്കം ആയിരത്തി ഇരുന്നൂറ്റി നാല്‍പ്പത്തിയഞ്ചു ഡോളര്‍ ($1245) മാത്രമാണ് ചിലവു വരിക. കൂടുതല്‍ ദിവസങ്ങള്‍ താമസിക്കേണ്ടവര്‍ക്ക് കണ്‍വെന്‍ഷനു മൂന്ന് ദിവസം വരെ മുന്‍പും പിന്‍പും അതേ നിരക്കില്‍ തന്നെ റൂമുകള്‍ ഫോമ ലഭ്യമാക്കും. കുറച്ചു കൂടുതല്‍ തുകക്ക് പൂര്‍ണമായും കടലിനെ അഭിമുഖീകരിക്കുന്ന 2 മുറികള്‍ അടങ്ങുന്ന പ്രീമിയം ഫാമിലി സ്യൂട്ടും ഫോമ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ പകുതി സ്‌പോണ്‍സര്‍മാര്‍ക്കായി നീക്കി വച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ അടുത്ത് തന്നെ ഫോമ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ജനുവരി അവസാന വാരത്തോടെ ആരംഭിക്കുന്നതായിരിക്കും.
കടലിനെ പ്രകൃതിദത്ത നീന്തല്‍ക്കുളമാക്കി മാറ്റുന്ന ഒരു പവിഴപ്പുറ്റിനാല്‍ സംരക്ഷിക്കപ്പെടുന്ന പുന്റാ കാനയിലെ ഏറ്റവും മികച്ച, പഞ്ചസാര മണലുള്ള കടല്‍ത്തീരത്താണ് സ്പാനിഷ് ഉടമസ്ഥതയിലുള്ള ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, മെക്‌സിക്കന്‍, ജാപ്പനീസ് തുടങ്ങിയ പതിനൊന്ന് മികച്ച റസ്റ്റോറന്റുകള്‍, കാസിനോ, ഷോപ്പിംഗ്, സ്പാ, ജിം, തിയേറ്റര്‍, ഫുട്‌ബോള്‍/വോളീബോള്‍ കോര്‍ട്ടുകള്‍, എല്ലാ മുറികളിലും ബാല്‍ക്കണി, ഹൈഡ്രോതെറാപ്പി, കടല്‍ കാഴ്ചകള്‍ (മുന്‍വശത്തോ ഭാഗികമായോ). ഡോള്‍ഫിന്‍ സഫാരി, സ്‌നോര്‍ക്കലിംഗ്, ബോട്ടിംഗ്, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് യാത്രകള്‍ ഇവയും കണ്‍വന്‍ഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കുഞ്ഞ് മാലിയില്‍ (തോമസ് സാമുവേല്‍) കണ്‍വെന്‍ഷന്‍ ചെയര്‍
ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു കണ്‍വന്‍ഷനു വേണ്ടി അരങ്ങൊരുക്കുവാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, നാഷണല്‍ കമ്മിറ്റിയുടെ പൂര്‍ണ അംഗീകാരത്തോടെ കണ്‍വന്‍ഷന്‍ ചെയര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത് കുഞ്ഞ് മാലിയില്‍ (തോമസ് സാമുവേല്‍) എന്ന പരിചയസമ്പന്നനായ, കിടയറ്റ സംഘാടകനെയാണ്. കേരളത്തില്‍ തലവടി സ്വദേശിയായ കുഞ്ഞ് മാലിയില്‍ കഴിഞ്ഞ 40 വര്‍ഷമായി ന്യൂയോര്‍ക്കില്‍ ലോംഗ് ഐലന്റില്‍ താമസിക്കുന്നു. കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍, ഫോമാ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം മികച്ച സംരംഭകനും യു ഡി എഫിനെ പ്രതിനിധീകരിച്ച് സംവാദങ്ങളില്‍ നിറസാന്നിധ്യവുമാണ്. മാര്‍ത്തോമ്മ സഭാ മണ്ഡലം മെമ്പറും, വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ലോംഗ് ഐലന്റ് ക്ലബ്ബിന്റെ പ്രസിഡന്റും കൂടിയാണ്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോമ കണ്‍വന്‍ഷന്‍ ജനപങ്കാളിത്തം കൊണ്ടും, വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ഏറ്റവും മികച്ചതാക്കുവാന്‍ ഫോമ എക്‌സിക്യൂട്ടീവിനോടും, ഫോമയുടെ എല്ലാ അഭ്യുദയകാംക്ഷികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കുഞ്ഞ് മാലിയില്‍ ഉറപ്പ് നല്‍കി.
അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഈ കുടുംബ സംഗമത്തിലേക്ക്, ഫോമാ 'DR' കണ്‍വന്‍ഷന്‍ 24ലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ കുഞ്ഞ് മാലിയില്‍ എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ഓജസ് ജോണ്‍, ഫോമ ജനറല്‍ സെക്രട്ടറി