2023 ല്‍ അമേരിക്കന്‍ പൗരത്വം നേടിയത് 59,000ലധികം ഇന്ത്യക്കാര്‍ ; യുഎസ് പൗരത്വം നേടുന്ന വിദേശ രാജ്യക്കാരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തായി

2023 ല്‍ അമേരിക്കന്‍ പൗരത്വം നേടിയത് 59,000ലധികം ഇന്ത്യക്കാര്‍ ; യുഎസ് പൗരത്വം നേടുന്ന വിദേശ രാജ്യക്കാരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തായി
2023 ല്‍ അമേരിക്കന്‍ പൗരത്വം നേടിയത് 59,000ലധികം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് പുറത്തിവിട്ട കണക്കുകള്‍ അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം യുഎസ് പൗരത്വം നേടുന്ന വിദേശ രാജ്യക്കാരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തായി. ഇതിലൂടെ അമേരിക്കന്‍ ജനസംഖ്യയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന രാജ്യമായും ഇന്ത്യ മാറി.

മെക്‌സിക്കോ സ്വദേശികളാണ് കുടിയേറ്റക്കാരില്‍ ഒന്നാം സ്ഥാനത്ത്.

1.1 ലക്ഷം മെക്‌സിക്കന്‍ സ്വദേശികളാണ് യുഎസ് പൗരത്വം നേടിയത്. യുഎസ് പൗരത്വം നേടിയ ആകെ ആളുകളില്‍ 12.7 ശതമാനത്തോളം വരുമിത്. ആകെ പൗരത്വം നേടിയവരില്‍ 44,800 പേര്‍ ഫിലിപ്പീന്‍സ് സ്വദേശികളും 35,200 പേര്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ളവരുമാണ്.

കഴിഞ്ഞ ഒരു ദശാബ്ദ കാലത്തിനുള്ളില്‍ മാത്രം 7.7 മില്യണ്‍ വിദേശ പൗരന്മാരാണ് യുഎസ് പൗരത്വം നേടിയത്. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് പ്രകാരം യുഎസ് പൗരത്വം നേടാന്‍ യു എസ് സി ഐ എസ് നിര്‍ദ്ദേശിക്കുന്ന ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷമായെങ്കിലും അമേരിക്കയില്‍ സ്ഥിര താമസക്കാരായിരിക്കണം എന്നതാണ് ഇതിലെ ഒരു നിബന്ധന. എന്നാല്‍ പൗരത്വത്തിനായുള്ള അപേക്ഷകരില്‍ ചിലര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. യുഎസ് പൗരത്വമുള്ള ജീവിത പങ്കാളി ഉണ്ടാവുകയോ അല്ലെങ്കില്‍ പട്ടാളത്തില്‍ ജോലി ചെയ്യുകയോ ചെയ്തവര്‍ക്ക് ഇളവ് ലഭിക്കും.

കഴിഞ്ഞ വര്‍ഷം പൗരത്വം നേടിയവരില്‍ ഏറെപ്പേരും അഞ്ച് വര്‍ഷത്തിലധികം സ്ഥിര താമസക്കാരായ വ്യക്തികളായിരുന്നുവെന്ന് ഇമിഗ്രേഷന്‍ സര്‍വീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കുറഞ്ഞത് മൂന്ന് വര്‍ഷമായി അമേരിക്കന്‍ പൗരനായ ഒരു ജീവിത പങ്കാളി ഉണ്ടായിരിക്കുകയും അക്കാലയളവില്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കുകയും ചെയ്ത അപേക്ഷകര്‍ക്ക് പൗരത്വം നല്‍കിയിട്ടുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends