പ്രവാസികള്‍ ഉള്‍പ്പെടെ 6.70 ലക്ഷം പേര്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

പ്രവാസികള്‍ ഉള്‍പ്പെടെ 6.70 ലക്ഷം പേര്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈറ്റില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ബയോമെട്രിക് വിരലടയാളം നിര്‍ബന്ധമാക്കിയെങ്കിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ളത് 6.70 ലക്ഷം പേര്‍. വിരലടയാളം നല്‍കാത്തവരില്‍ കൂടുതലും പ്രവാസികളാണെന്ന് അല്‍ റായ് ദിനപത്രം റിപോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 1 വെള്ളിയാഴ്ച മുതല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധിത വിരലടയാള നയം നടപ്പാക്കിയിരുന്നു. ഈ തീയതി മുതല്‍ മൂന്നു മാസത്തിനുള്ളില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് റെസിഡന്‍സി പെര്‍മിറ്റുകളുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെയും പുതുക്കല്‍ ഉള്‍പ്പെടെയുള്ള മന്ത്രാലയ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

എല്ലാ ഇടപാടുകളും സെന്‍ട്രല്‍ ബയോമെട്രിക് ഡാറ്റാബേസ് സിസ്റ്റവുമായി ബന്ധിപ്പിച്ച് അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്നു മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. 2024 മെയ് 31നുള്ളില്‍ വിരലടയാളം നല്‍കണം. ഇതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സൗകര്യം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.

Other News in this category



4malayalees Recommends