ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍; അതിശയിച്ച് യുകെ വ്‌ളോഗര്‍

ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍; അതിശയിച്ച് യുകെ വ്‌ളോഗര്‍
യുകെയില്‍ നിന്ന് കൊച്ചിയിലെത്തിയ വ്‌ളോഗറുടെ അനുഭവമാണ് ഇന്‍സ്റ്റഗ്രാമില്‍ ചര്‍ച്ചയായിരിക്കുന്നത്. സാക്കി സൂ എന്ന വ്‌ളോഗറാണ് തന്റെ അനുഭവം പങ്കിട്ടിരിക്കുന്നത്. പണം എടുക്കുന്നതിന് ഫോര്‍ട്ട് കൊച്ചിയില്‍ എടിഎം അന്വേഷിച്ച് കൊണ്ടിരിക്കെ ഉച്ചവെയിലില്‍ ബുദ്ധിമുട്ടുകയായിരുന്നു താന്‍ എന്നും അപ്പോഴാണ് അഷ്‌റഫ് എന്ന ഓട്ടോ ഡ്രൈവറെ കണ്ടുമുട്ടിയതെന്നും സാക്കി പറഞ്ഞു. ആദ്യം ഒന്ന് മടിച്ചെങ്കിലും എടിഎം എവിടെയാണ് ഉള്ളതെന്ന് സാക്കി ഓട്ടോ ഡ്രൈവറോട് തിരക്കി. എന്നാല്‍, വ്‌ളോഗറെ ഞെട്ടിച്ചുകൊണ്ട് ഓട്ടോ ഡ്രൈവര്‍ ഇംഗ്ലീഷില്‍ ഒഴുക്കോടെ മറുപടി നല്‍കി. ഏതാനും മീറ്ററുകള്‍ക്കപ്പുറം എടിഎം ഉണ്ടെന്നും തന്റെ ഓട്ടോയില്‍ കയറുകയാണെങ്കില്‍ എടിഎമ്മിന് സമീപം ഇറക്കിത്തരാമെന്നും അദ്ദേഹം സാക്കിയോട് പറഞ്ഞു. ''ആദ്യം ഞാനൊന്നു മടിച്ചു. എന്നാല്‍ കുറച്ച് സമയം സംസാരിച്ചതിന് ശേഷം അദ്ദേഹം സൗഹൃദത്തോടെയാണ് ഇടപെടുന്നതെന്ന് മനസ്സിലായി. കടുത്ത ചൂടും അനുഭവപ്പെടുന്നുണ്ടായിരുന്നു. സ്ഥലങ്ങള്‍ അദ്ദേഹത്തിന് പരിചയമുണ്ടാകുമെന്ന് എനിക്ക് തോന്നി,'' സാക്കി പറഞ്ഞു.

അഷ്‌റഫ് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നുവെന്നും ഇന്ത്യയിലെ ഒരു ഓട്ടോ ഡ്രൈവറും ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് മുമ്പ് കേട്ടിട്ടില്ലെന്നും സാക്കി തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. അദ്ദേഹം കഠിനാധ്വാനിയും സത്യസന്ധനുമായ വ്യക്തിയാണെന്നും സാക്കി പറഞ്ഞു. ''ഇന്ത്യയിലെ ഒരു ഓട്ടോ ഡ്രൈവറില്‍ നിന്ന് ഞാന്‍ കേട്ടതില്‍വെച്ച് ഏറ്റവും മികച്ച ഇംഗ്ലീഷ് ആണ് അഷ്‌റഫ് സംസാരിച്ചത്. എന്നെ അതിശയിപ്പിച്ചുകൊണ്ടാണ് അഷ്‌റഫ് സംസാരിച്ചത്. ഓട്ടോ ഡ്രൈവര്‍മാരുമായി വ്യക്തമായി ആശയവിനിമയം നടത്താന്‍ കഴിയാത്തതിനാല്‍ ഞാന്‍ ഊബറിലേക്ക് യാത്ര മാറ്റിയിരുന്നു,'' അദ്ദേഹം പറഞ്ഞു. ''വളരെ കഠിനാധ്വാനിയായ വ്യക്തിയാണ് അഷ്‌റഫ്. അദ്ദേഹം സത്യസന്ധമായാണ് പെരുമാറിയത്. എടിഎമ്മിന് പുറത്ത് കാത്തുനില്‍ക്കേണ്ട എന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. സ്ഥലങ്ങള്‍ കൊണ്ടുപോയി കാണിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം എന്റെ അഭ്യര്‍ത്ഥ പൂര്‍ണമായും ചെവിക്കൊണ്ടു. പണമെടുത്ത് എടിഎമ്മില്‍നിന്ന് മടങ്ങിവന്നപ്പോഴേക്കും അദ്ദേഹം പോയിരുന്നു,'' സാക്കി പറഞ്ഞു.

വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് സാക്കിയുടെ പോസ്റ്റ് വൈറലായത്. 12 മില്യണ്‍ ആളുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടത്. 6.5 ലക്ഷത്തില്‍ പരം ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. അതാണ് കേരളമെന്നും അവിടെയുള്ളത് നല്ലയാളുകളാണെന്നും പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തു. ഇതാണ് യഥാര്‍ത്ഥ കേരളാ സ്‌റ്റോറിയെന്ന് മറ്റൊരാള്‍ പറഞ്ഞു.




Other News in this category



4malayalees Recommends