പണപ്പെരുപ്പം കുറയും, പലിശ നിരക്കുകള്‍ താഴും, യുകെ സമ്പദ് വ്യവസ്ഥ തിരിച്ചുവരും; ആത്മവിശ്വാസത്തില്‍ ചാന്‍സലര്‍ ജെറമി ഹണ്ട്; ബ്രിട്ടന്റെ ഇക്കോണമി വളര്‍ത്തുന്നത് കുടിയേറ്റമെന്ന് ഐഎംഎഫ്; വിദേശ ജോലിക്കാരുടെ എണ്ണമേറുന്നത് ഗുണം

പണപ്പെരുപ്പം കുറയും, പലിശ നിരക്കുകള്‍ താഴും, യുകെ സമ്പദ് വ്യവസ്ഥ തിരിച്ചുവരും; ആത്മവിശ്വാസത്തില്‍ ചാന്‍സലര്‍ ജെറമി ഹണ്ട്; ബ്രിട്ടന്റെ ഇക്കോണമി വളര്‍ത്തുന്നത് കുടിയേറ്റമെന്ന് ഐഎംഎഫ്; വിദേശ ജോലിക്കാരുടെ എണ്ണമേറുന്നത് ഗുണം
യുകെയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് അത്ര സുഖകരമായ പ്രവചനങ്ങളല്ല ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നടത്താറുള്ളത്. ഇതില്‍ ഭൂരിഭാഗം പ്രവചനങ്ങളും അട്ടിമറിച്ച് രാജ്യം മുന്നേറുന്ന കാഴ്ചയും പതിവാണ്. 2024-ല്‍ യുകെ ജിഡിപി കേവലം 0.5% വളര്‍ച്ച മാത്രമാണ് നേടുകയെന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം. സമ്പദ്ഘടനയുടെ മികവിന് പകരം ഉയരുന്ന ജനസംഖ്യയാണ് ഇതിന് ഊര്‍ജ്ജം പകരുകയെന്നും ഐഎംഎഫ് പറയുന്നു.

അതേസമയം കുറയുന്ന പണപ്പെരുപ്പവും, താഴുന്ന പലിശ നിരക്കുകളും ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഗവണ്‍മെന്റ്. യുകെയുടെ ജിഡിപി കുടിയേറ്റക്കാരുടെ വരവിന്റെ ബലത്തിലാണ് മുന്നേറുന്നതെന്നാണ് ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് കണ്ടെത്തിയത്.

ഈ വര്‍ഷത്തെ യുകെ വളര്‍ച്ച നേരത്തെ നടത്തിയ പ്രവചനത്തില്‍ നിന്നും 0.1% പോയിന്റ് കുറച്ച് 0.5 ശതമാനമായി പുതുക്കിയ ഐഎംഎഎഫ്, അടുത്ത വര്‍ഷം ഇത് 1.5 ശതമാനത്തിലേക്ക് ഉയരുമെന്നും വ്യക്തമാക്കി. ഈ വര്‍ഷം ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും മൂല്യത്തെ അടിസ്ഥാനമാക്കി സ്തംഭനാവസ്ഥയിലാകുമെന്നാണ് പ്രവചനം.

വിദേശത്ത് ജനിച്ച ജോലിക്കാരുടെ എണ്ണത്തില്‍ 2019 മുതല്‍ 20 ശതമാനത്തോളം വളര്‍ച്ചയുണ്ടെന്നാണ് ഐഎംഎഫ് നിരീക്ഷണം. ഈ കാലയളവില്‍ യുകെയില്‍ ജനിച്ച ജോലിക്കാരുടെ എണ്ണം ചെറുതായി കുറയുകയും ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തില്‍ നെറ്റ് മൈഗ്രേഷന്‍ 350,000 ആയി നില്‍ക്കുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ കണക്കുകൂട്ടല്‍.

അതേസമയം പണപ്പെരുപ്പം വേഗത്തില്‍ താഴുന്ന അടുത്ത ഗവണ്‍മെന്റിന് ആശ്വാസമേകും. സര്‍വ്വെകള്‍ പ്രകാരം ലേബര്‍ വിജയിച്ചാല്‍ ആരോഗ്യമുള്ള സമ്പദ് വ്യവസ്ഥയെ നയിക്കാന്‍ അവര്‍ക്ക് ഭാഗ്യം ലഭിക്കും.

Other News in this category



4malayalees Recommends