ഓസ്‌ട്രേലിയയിലെ പള്ളിയില്‍ ബിഷപ്പിനും വൈദികനും വിശ്വാസികള്‍ക്കും കുത്തേറ്റ സംഭവം ഭീകരാക്രമണം ; 16 കാരന്റെ ആക്രമണത്തെ ഗൗരവമായി എടുത്ത് പൊലീസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു

ഓസ്‌ട്രേലിയയിലെ പള്ളിയില്‍ ബിഷപ്പിനും വൈദികനും വിശ്വാസികള്‍ക്കും കുത്തേറ്റ സംഭവം ഭീകരാക്രമണം ; 16 കാരന്റെ ആക്രമണത്തെ ഗൗരവമായി എടുത്ത് പൊലീസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ പള്ളിയില്‍ നടന്ന ആക്രമണം ഭീകരാക്രമണമന്ന് പൊലീസ്. പള്ളിയിലുണ്ടായിരുന്ന ബിഷപ്പിനും വൈദികനും വിശ്വാസികള്‍ക്കും നേരെയാണ് തിങ്കളാഴ്ച 16കാരന്റ കത്തിയാക്രമണം നടന്നത്. അസീറിയന്‍ ക്രൈസ് ദി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ തിങ്കളാഴ്ചയാണ് കത്തിക്കുത്ത് നടന്നത്.

ഭീകരാക്രമണമെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് വ്യക്തമാക്കി. അക്രമിയായ 16കാരനും സംഭവത്തില്‍ പരിക്കേറ്റിരുന്നു. പള്ളിക്കുള്ളില്‍ നടന്ന കത്തിയാക്രമണത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കുകളാണ് സംഭവിച്ചിട്ടുള്ളത്. പള്ളിയുടെ ലൈവ് സ്ട്രീമിംഗിലും ആക്രമണ ദൃശ്യങ്ങള്‍ വന്നിരുന്നു. ഇത് മേഖലയില്‍ ആശങ്ക പടരാനും കാരണമായിരുന്നു. സിഡ്‌നിക്ക് സമീപമുള്ള വേക്ക്‌ലിയിലാണ് കത്തിയാക്രമണം നടന്നത്.

ആശയപരമായ തീവ്രസ്വഭാവമുള്ള ആക്രമണമാണ് അസീറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലുണ്ടായതെന്ന് വിശദമാക്കിയ പൊലീസ് പതിനാറുകാരന്റെ കൂടുതല്‍ വിവരം പുറത്ത് വിട്ടിട്ടില്ല. അതേസമയം ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സിഡ്‌നിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ചെറുനഗരത്തില്‍ നിരവധി പേരാണ് പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത്. പരിക്കേറ്റ അക്രമിയ്ക്ക് പള്ളിക്കുള്ളില്‍ വച്ച് തന്നെ ചികിത്സ നല്‍കുന്നതിനിടെ നിരവധി പേരാണ് പ്രതിഷേധവുമായി ഇവിടേക്ക് സംഘടിച്ചെത്തിയത്. ഇവര്‍ പള്ളിക്ക് കാവല്‍ നില്‍ക്കുകയായിരുന്ന പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ താടിയെല്ല് കട്ട കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റു. പത്ത് പൊലീസ് കാറുകളാണ് നാട്ടുകാരുടെ ആക്രമണത്തില്‍ തകര്‍ന്നത്.

ആക്രമണം ശല്യപ്പെടുത്തുന്നതാണെന്ന് വിശദമാക്കിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിരുന്നു. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ എന്നും ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇവിടെ ഇടമില്ലെന്നും പ്രധാനമന്ത്രി വിശദമാക്കി. മാര്‍ മാരി എമ്മാനുവല്‍ എന്ന ബിഷപ്പിന് നേരെയാണ് ആക്രമണമുണ്ടായത്. കൊവിഡ് വാക്‌സിന്‍ വിരുദ്ധ നിലപാടുകൊണ്ടും ലോക്‌ഡൌണ്‍ വിരുദ്ധ നിലപാടുകള്‍ക്കും മഹാമാരിക്കാലത്ത് ബിഷപ്പ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

Other News in this category



4malayalees Recommends