300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള വലിയ പ്രതീക്ഷയാണ് ജ്യോതിക പങ്കുവച്ചിരിക്കുന്നത്.
'കങ്കുവയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. സിനിമ ഒരു വലിയ കാര്യത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നുവെന്ന് എനിക്ക് തോന്നുന്നു, വളരെ മികച്ചതായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂര്യ ഒരു അസാമാന്യ മനുഷ്യനും ഹീറോയുമാണ്. അദ്ദേഹം അദ്ദേഹത്തിന്റെ 200 ശതമാനം സിനിമയ്ക്ക് വേണ്ടി നല്‍കിയിട്ടുണ്ട്.'
'ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ ഈ ക്വാളിറ്റി കൊണ്ടാകാം. അദ്ദേഹം കുട്ടികള്‍ക്ക് വേണ്ടിയാണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും കരിയറിന് വേണ്ടിയാണെങ്കിലും 200 ശതമാനവും നല്‍കിയാണ് നിന്നിട്ടുള്ളത്' എന്നാണ് ജ്യോതിക പറയുന്നത്.
അതേസമയം, 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.