ബൈഡന്‍ ഭരണകൂടം ട്രംപ് വേര്‍പിരിച്ച കുടിയേറ്റ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നു; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വേര്‍പിരിക്കപ്പെട്ട കുട്ടികള്‍ അടങ്ങുന്ന നാല് കുടുംബങ്ങളെ ഈ വാരത്തില്‍ ഒന്നിപ്പിക്കും; വ്യാപകമായ നീക്കത്തിന്റെ തുടക്കമെന്ന് വിശദീകരണം

ബൈഡന്‍ ഭരണകൂടം ട്രംപ് വേര്‍പിരിച്ച കുടിയേറ്റ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നു;  മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വേര്‍പിരിക്കപ്പെട്ട കുട്ടികള്‍ അടങ്ങുന്ന നാല് കുടുംബങ്ങളെ ഈ വാരത്തില്‍ ഒന്നിപ്പിക്കും; വ്യാപകമായ നീക്കത്തിന്റെ തുടക്കമെന്ന് വിശദീകരണം
യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് മെക്‌സിക്കോ അതിര്‍ത്തിയില്‍ വച്ച് വേര്‍പിരിക്കപ്പെട്ട നാല് കുടിയേറ്റ കുടുംബങ്ങളെ യുഎസില്‍ വച്ച് ഈ ആഴ്ച ഒന്നിപ്പിക്കുമെന്ന നിര്‍ണായക വാഗ്ദാനവുമായി ജോ ബൈഡന്‍ ഭരണകൂടം രംഗത്തെത്തി. മാതൃകാപരമായ ഈ നീക്കത്തിന്റെ തുടക്കം മാത്രമാണിതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാന്‍ഡ്രോ മയോര്‍കാസ് പറയുന്നത്. ട്രംപ് കുടിയേറ്റ വിരുദ്ധ മനോഭാവത്താല്‍ നിരവധി കുടിയേറ്റ കുടുംബങ്ങളെയാണ് മെക്‌സിക്കോ അതിര്‍ത്തിയില്‍ വച്ച് വേര്‍തിരിച്ചിരുന്നത്.

തല്‍ഫലമായി കുട്ടികള്‍ പോലും കുടുംബങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ദീര്‍ഘകാലം കഴിയാന്‍ നിര്‍ബന്ധിതരായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്ന നടപടിക്കാണ് ബൈഡനും കൂട്ടരും തുടക്കമിടുന്നത്. 2017 അവസാനം തങ്ങളുടെ കുട്ടികളില്‍ നിന്ന് അകറ്റപ്പെട്ട അമ്മമാരും ഇപ്പോള്‍ ഒരുമിപ്പിക്കുന്ന നാല് കുടുംബങ്ങളില്‍ രണ്ടെണ്ണത്തിലുണ്ട്. ഇതിലൊരു സ്ത്രീ ഹോണ്ടുറാസ് പശ്ചാത്തലത്തില്‍ നിന്നുള്ളതും മറ്റൊന്ന് മെക്‌സിക്കന്‍ പശ്ചാത്തലത്തിലുള്ളതുമാണെന്ന് മയോര്‍കാസ് വെളിപ്പെടുത്തുന്നു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി തയ്യാറായിട്ടില്ല.

വേര്‍തിരിക്കപ്പെടുമ്പോള്‍ ഈ കുടുംബങ്ങളില്‍ മൂന്ന് വയസുള്ള കുട്ടികളും കൗമാരക്കാരുമുണ്ടായിരുന്നുവെന്നും രക്ഷിതാക്കളുടെ സഹായമില്ലാതെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിട്ട് പോലും യാതൊരു വിധ മനുഷ്യത്വവുമില്ലാതെ ഇവരെ ട്രംപ് ഭരണകൂടം വേര്‍തിരിക്കുകയായിരുന്നുവെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ആരോപിക്കുന്നു. പുതിയ നീക്കമനുസരിച്ച് മാതാപിതാക്കള്‍ക്ക് യുഎസിലേക്ക് തിരിച്ച് വരാനാവും. ഇവരുടെ ലീഗല്‍ സ്റ്റാറ്റസ് നിശ്ചയിക്കുന്ന പ്രക്രിയ അധികൃതര്‍ പരിഗണിച്ച് വരുകയാണ്.

Other News in this category4malayalees Recommends