മിസൈല്‍ പരീക്ഷണം കാണാന്‍ മകളുടെ കൈപിടിച്ച് കിം ജോങ് ഉന്‍; പൊതുവേദിയില്‍ ആദ്യം

മിസൈല്‍ പരീക്ഷണം കാണാന്‍ മകളുടെ കൈപിടിച്ച് കിം ജോങ് ഉന്‍; പൊതുവേദിയില്‍ ആദ്യം
മകളുടെ കൈ പിടിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുവേദിയില്‍. ഇതാദ്യമായാണ് കിമ്മിന്റെ മകളുടെ ചിത്രം പുറത്തുവരുന്നത്. യുഎസില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയില്‍ ഇന്നലെ പരീഷിച്ചിരുന്നു. ഇതിന് സാക്ഷ്യം വഹിക്കാനാണ് കിം മകളുമായി എത്തിയത്.രണ്ടു പെണ്‍മക്കളും ഒരു മകനുമാണ് കിമ്മിന് ഉള്ളതെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. പിതാവ് കിം ജോങ് ഉന്നിന്റെ കൈ പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വെള്ളിയാഴ്ച്ച നടന്ന ചടങ്ങില്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജൂവും പങ്കെടുത്തിരുന്നുവെന്നാണ് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

സെപ്റ്റംബറിലെ ദേശീയ അവധിദിന ആഘോഷങ്ങള്‍ക്കിടയില്‍ കുട്ടികളിലൊരാള്‍ പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കിം ആദ്യമായാണ് മകളുമൊത്ത് പൊതുചടങ്ങില്‍ എത്തുന്നതെന്ന് യുഎസ് ആസ്ഥാനമായ സ്റ്റിംസണ്‍ സെന്ററിലെ ഉത്തര കൊറിയന്‍ വിഷയ വിദഗ്ദന്‍ മൈക്കിള്‍ മാഡന്‍ പറഞ്ഞു. 2013ല്‍ കൊറിയ സന്ദര്‍ശിച്ച അമേരിക്കന്‍ മുന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ഡെന്നിസ് റോഡ്മാന്‍ ബ്രിട്ടന്റെ ഗാര്‍ഡിയന് നല്‍കിയ അഭിമുഖ പ്രകാരം കിമ്മിന് 'ജു ഏ' എന്ന് പേരുള്ളൊരു മകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.ഉത്തര കൊറിയ പരീക്ഷിച്ച പുതിയ മിസൈലിന്റെ പേര് ഹ്വാസോങ്17 എന്നാണെന്നാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറയുന്നത്. പ്യോങ്യാങ് ഇന്റര്‍നാഷണല്‍ എയര്‍ഫീല്‍ഡില്‍ നിന്നാണ് വെള്ളിയാഴ്ച മിസൈല്‍ വിക്ഷേപിച്ചത്. 999.2 കിലോമീറ്റര്‍ (621 മൈല്‍) ദൂരമാണ് ഈ മിസൈല്‍ പറന്നത്.

Other News in this category4malayalees Recommends