ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ റീജിയന്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു

ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ റീജിയന്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു
ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി എത്തിയ ക്‌നാനായ യുവതീ യുവാക്കള്‍ മൂന്നു ദിവസങ്ങള്‍ നീണ്ടു നിന്ന പ്രീ മാരിയേജ് കോഴ്‌സില്‍ പങ്കെടുത്തു. പ്രീ മാരിയേജ് കോഴ്‌സില്‍ പങ്കെടുക്കാന്‍ എത്തിയവരെ ചിക്കാഗോ സെന്റ് മേരീസ് ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍ സ്വാഗതം ചെയ്തു. വിവാഹം എന്നത് ഒരു ആഘോഷം എന്നതിലുപരി ആഴമേറിയ കത്തോലിക്കാ വിശ്വാസത്തിന്റെ കാതലായ നാഴികക്കല്ലും പവിത്രമായ കൂദാശയുമാണ് എന്നും പൂര്‍ണ്ണമായ ഒരുക്കത്തോടെയും ഹൃദയ വിശുദ്ധിയുടെയും ഈ കൂദാശയെ സമീപിക്കുമ്പോഴാണ്, ഓരോ കത്തോലിക്കാവിശ്വാസിയുടെയും കൗദാശിക ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത് എന്നും അദ്ദേഹം കോഴ്‌സില്‍ പങ്കെടുക്കുവാന്‍ എത്തിയവരെ ഓര്‍മിപ്പിച്ചു. ക്‌നാനായ റീജിയണിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വൈദീകരും ആല്മായരും പ്രീ മാരിയേജ് കോഴ്‌സിന്റെ ഭാഗമായി സെമിനാറുകളും ക്ലാസ്സുകളും നയിച്ചു. ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, ഫാ. എബ്രഹാം മുത്തോലത്ത് (ഹൂസ്റ്റണ്‍ സെന്റ് മേരീസ് കനായാ ഫൊറോനാ വികാരി), ഫാ. ബിബി തറയില്‍ (ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി), ഫാ. സിജു മുടക്കോടില്‍ (ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി) എന്നിവര്‍ വൈദീകരെ പ്രതിനിധീകരിച്ച് ക്ലാസ്സുകള്‍ നയിച്ചു. ടോണി പുല്ലാപ്പള്ളില്‍, ഷിബു & നിമിഷ കളത്തിക്കോട്ടില്‍, ലിന്‍സ് താന്നിച്ചുവട്ടില്‍, ജയ കുളങ്ങര, ആന്‍സി ചേലക്കല്‍, ബെന്നി കാഞ്ഞിരപ്പാറ, ഡോ ജീനാ മറ്റത്തില്‍, ഡോ അജിമോള്‍ പുത്തന്‍പുരയില്‍, ലിനു പടിക്കപ്പറമ്പില്‍, ജൂലി സജി കൈപ്പിങ്കല്‍ എന്നിവര്‍ അല്മായ പ്രതിനിധികളായി വിവിധ ദിവസങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. സമാപന ദിവസമായ ഞായറാഴ്ച ദൈവാലയത്തില്‍ വച്ച് നടന്ന വി. കുര്‍ബ്ബാനയെ തുടര്‍ന്ന് പ്രീ മാരിയേജ് കോഴ്‌സില്‍ പങ്കെടുത്ത യുവതീ യുവാക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ സന്ദേശം നല്‍കി.


ടോണി പുല്ലാപ്പള്ളില്‍ ഡയറക്ടറായ ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രീമാരിയേജ് കോഴ്‌സിന്റെ സുഗമമായ നടത്തിപ്പിന്, ചിക്കാഗോ സെന്റ് മേരീസ് വികാരി ഫാ. സിജു മുടക്കോടിയില്‍, അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍, പാരിഷ് സെക്രട്ടറി സിസ്റ്റര്‍ സില്‍വേരിയസ് എസ്. വി. എം. കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തില്‍പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ടില്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം എന്നിവര്‍ നേതൃത്വം നല്‍കി. ഫാമിലി കമ്മീഷന്റെ നേതൃത്വത്തിലുള്ള അടുത്ത പ്രീ മാര്യേജ് കോഴ്‌സ് മെയ് 10 മുതല്‍ മെയ് 12 വരെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോനാ ദൈവാലയത്തില്‍ വച്ച് നടത്തപെടുന്നതായിരിക്കും എന്ന് ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ടോണി പുല്ലാപ്പള്ളി അറിയിച്ചു.


Other News in this category4malayalees Recommends