കാനഡയില്‍ കൊറോണ മരണങ്ങള്‍ 569; മൊത്തം രോഗികള്‍ 22,148; ആല്‍ബര്‍ട്ടയിലെ കെയര്‍ഹോമിലെ നാല് അന്തേവാസികള്‍ മരിച്ചു; വാന്‍കൂവറിലേക്കെത്തുന്നവര്‍ സെല്‍ഫ് ഐസൊലേഷന്‍ പ്ലാന്‍ വെളിപ്പെടുത്തണം; ബാറുകളും റസ്റ്റോറന്റുകളും പച്ചക്കറി വില്‍ക്കുന്നു..!!

കാനഡയില്‍ കൊറോണ മരണങ്ങള്‍ 569; മൊത്തം രോഗികള്‍ 22,148; ആല്‍ബര്‍ട്ടയിലെ കെയര്‍ഹോമിലെ നാല് അന്തേവാസികള്‍ മരിച്ചു;  വാന്‍കൂവറിലേക്കെത്തുന്നവര്‍ സെല്‍ഫ് ഐസൊലേഷന്‍ പ്ലാന്‍ വെളിപ്പെടുത്തണം; ബാറുകളും റസ്റ്റോറന്റുകളും പച്ചക്കറി വില്‍ക്കുന്നു..!!
കാനഡയില്‍ കൊറോണ മരണങ്ങള്‍ 569 ആയും വൈറസ് ബാധിച്ചവരുടെ എണ്ണം 22,148 ആയും ഉയര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 6013 ആയാണ് വര്‍ധിച്ചിരിക്കുന്നത്.കാല്‍ഗറിയിലെ കെയര്‍ഹോമില്‍ നാല് അന്തേവാസികള്‍ കൊറോണ ബാധിച്ച് മരിച്ചതിനാല്‍ ആല്‍ബര്‍ട്ടയില്‍ കോവിഡ്-19ന് എതിരായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ പ്രൊവിന്‍സില്‍ കോവിഡ് -19ബാധിച്ച് ഇത്രയും മരണങ്ങള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണെന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

മാക് കെന്‍സി ടൗണ്‍ കണ്ടിന്യൂയിംഗ് കെയര്‍ഹോമിലെ അന്തേവാസികളാണ് കോവിഡ്-19 ബാധിച്ച് വെള്ളിയാഴ്ച മരിച്ചിരിക്കുന്നത്.ഇതോടെ ആല്‍ബര്‍ട്ടയിലെ കൊറോണമരണസംഖ്യ 39 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കെയര്‍ ഫെസിലിറ്റികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ആല്‍ബര്‍ട്ടയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. ഡീന ഹിന്‍ഷാ പറയുന്നത്. പ്രായമായവര്‍ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരിക്കാനും സാധ്യതയേറിയതിനാലാണ് ഈ മുന്‍കരുതലെന്നും ഡോ. ഡീന വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച ആല്‍ബര്‍ട്ടയില്‍ 49 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവിടുത്തെ മൊത്തം വൈറസ് ബാധിതര്‍ 1500 ആയാണ് വര്‍ധിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഇവിടെ 2100 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്. ആല്‍ബര്‍ട്ടയിലെ 48 പേരാണ് കൊറോണ ബാധിച്ച് ആശുപത്രിയിലായത്. ഇവരില്‍ 13 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലുമായിരുന്നു. 201 പേര്‍ക്ക് സാമൂഹിക വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്.

രോഗപ്പകര്‍ച്ച നിയന്ത്രിക്കുന്നതിനായി വിദേശത്ത് നിന്നും വാന്‍കൂവറിലെത്തുന്നവര്‍ വിമാനമിറങ്ങിയപാടെ സെല്‍ഫ് ഐസൊലേഷന്‍ പ്ലാന്‍ കാണിക്കുകയോ അല്ലെങ്കില്‍ ക്വോറന്റീന് വിധേയമാകുകയോ ചെയ്യണമെന്ന കടുത്ത നിയമം ഇന്നലെ മുതല്‍ വാന്‍കൂവറില്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. സെല്‍ഫ് ഐസൊലേഷന്‍ പ്ലാന്‍ കാണിക്കുന്നതിനായി വിമാനമിറങ്ങുന്നവര്‍ തങ്ങള്‍ എവിടെയാണ് തങ്ങാനുദ്ദേശിക്കുന്നതെന്നും മറ്റെവിടേക്കും പോകാതെ ഇവിടേക്ക് തന്നെ പോകുമെന്ന് സത്യവാങ്മൂലം വിമാനത്താവളത്തില്‍ നിന്ന് തന്നെ നല്‍കുകയും വേണം. ഇതിന് പുറമെ ഗ്രോസറികള്‍, മരുന്ന്, ക്ലീനിംഗ് സപ്ലൈസ്, തുടങ്ങിയവ അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആരാണ് ഇവരെ സഹായിക്കുകയെന്ന വിശദാംശങ്ങളും നല്‍കേണ്ടതുണ്ട്.

കൊറോണ വ്യാപനം കണക്കിലെടുത്ത് ടൊറന്റോയിലെ ഒരു ബാര്‍ താല്‍ക്കാലികമായി ഓണ്‍ലൈന്‍ ഗ്രോസറി സ്‌റ്റോറായി മാറ്റിയിട്ടുണ്ട്. ക്യൂന്‍സ്ട്രീറ്റ് വെസ്റ്റിലെ മദര്‍ കോക്ക്‌ടെയില്‍ ബാറാണ് ഇത്തരത്തില്‍ മാതൃകാപരമായ നീക്കം നടത്തിയിരിക്കുന്നത്.ഇവിടെ നിന്നും കസ്റ്റമര്‍മാര്‍ക്ക് ഫ്രഷ് ഫ്രൂട്‌സും പച്ചക്കറികളും വാങ്ങാവുന്നതാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബാറുകളും റസ്റ്റോറന്റുകളും അടച്ച് പൂട്ടിയിരിക്കുന്നതിനാല്‍ ഇത്തരത്തില്‍ രാജ്യത്തെ നൂറ് കണക്കിന് ബാറുകളും റസ്റ്റോറന്റുകളും ഇത്തരത്തിലുള്ള ചുവട് വയ്പുകള്‍ നടത്താനൊരുങ്ങുന്നുവെന്നും സൂചനയുണ്ട്.

Other News in this category



4malayalees Recommends