ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വന്‍തോതില്‍ ബാധിക്കുന്നു; ഇത് മൂലമുള്ള മരണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമേറുന്നതിനാല്‍ സത്വര നടപടി വേണമെന്ന ആവശ്യം ശക്തം; ബുഷ് ഫയറും വര്‍ധിച്ച ചൂടും കാലാവസ്ഥാ വ്യതിയാനത്താല്‍

ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വന്‍തോതില്‍ ബാധിക്കുന്നു;  ഇത് മൂലമുള്ള മരണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമേറുന്നതിനാല്‍ സത്വര നടപടി വേണമെന്ന ആവശ്യം ശക്തം;  ബുഷ് ഫയറും വര്‍ധിച്ച ചൂടും കാലാവസ്ഥാ വ്യതിയാനത്താല്‍
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യത്തില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന മുന്നറിയിപ്പ് ശക്തമായി. തല്‍ഫലമായി ഈ പ്രശ്‌നത്തെ നേരിടുന്നതിന് കൂടുതല്‍ ജാഗ്രതയോടെയും മുന്‍ഗണനയോടെയുമുള്ള നീക്കങ്ങള്‍ നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച രാജ്യവ്യാപകമായി അനുഭവപ്പെട്ട അസാധാരണമായ കടുത്ത ഉഷ്ണ തരംഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന മുന്നറിയിപ്പും ശക്തമാണ്.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധയിടങ്ങളിലുണ്ടായ നാശം വിതച്ച ബുഷ് ഫയറുകള്‍ക്ക് പുറകെയാണ് ഈ വര്‍ഷം ഏറ്റവും ചൂടാര്‍ന്ന നവംബറും കടന്ന് പോയിരിക്കുന്നത്. ഇത്തരം പ്രതികൂലമായ കാലാവസ്ഥകളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളില്‍ ചിലത് മാത്രമാണെന്നും ഇതിലും ഭീകരമായ പ്രകൃതി ദുരന്തങ്ങളിലേക്കാണ് രാജ്യം നീങ്ങാന്‍ പോകുന്നതെന്ന ഭീതിദമായ പ്രവചനവും വിദഗ്ദര്‍ ഉയര്‍ത്തുന്നുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടാര്‍ന്ന വര്‍ഷമായിരുന്നു 2019. 2022ലും ഇതേ രീതിയിലായിരിക്കും രാജ്യത്ത് റെക്കോര്‍ഡ് ചൂടനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച സിഡ്‌നിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രിയിലെത്തിയിരുന്നു. 162 വര്‍ഷങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് സിഡ്‌നിയില്‍ ഇത്തരത്തില്‍ താപനില പരിധി വിട്ടുയര്‍ന്നിരിക്കുന്നത്.ഇത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം പരിസ്ഥിതിക്ക് മേല്‍ മാത്രമല്ല മറിച്ച് നിരവധി ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യത്തിന് മേലും കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

തല്‍ഫലമായുള്ള മരണങ്ങളുമേറി വരുന്നുണ്ട്. വളരെ വേഗത്തില്‍ മാറി മറിയുന്ന കാലാവസ്ഥയാണിതിന് കാരണമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കടുത്ത മുന്നറിയിപ്പാണേകിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ആരോഗ്യ പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇത് സംബന്ധിച്ച പ്രശ്‌നങ്ങളെ വിശദീകരിക്കുന്നുണ്ട്. മനുഷ്യന്റെ ആരോഗ്യത്തെ കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ ബാധിക്കാതിരിക്കാന്‍ സത്വര നടപടികളെടുക്കേണ്ടിയിരിക്കുന്നുവെന്നും ഈ മെഡിക്കല്‍ ജേര്‍ണല്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends