വരുന്നു, ഷാര്‍ജയില്‍ ക്ലാസിക് കാര്‍ ഉത്സവം

വരുന്നു, ഷാര്‍ജയില്‍ ക്ലാസിക് കാര്‍ ഉത്സവം
ലോകത്തില്‍ തന്നെ അപൂര്‍വമായ ക്ലാസിക് വിന്റേജ് കാറുകളുടെ പ്രത്യേക പ്രദര്‍ശനത്തിനൊരുങ്ങി ഷാര്‍ജ. 'ഓള്‍ഡ് കാര്‍സ് ക്ലബു'മായി ചേര്‍ന്ന് ഷാര്‍ജ നിക്ഷേപവികസന വകുപ്പാണ് (ഷുറൂഖ്) 'ക്ലാസിക് കാര്‍സ് ഫെസ്റ്റിവല്‍' സംഘടിപ്പിക്കുന്നത്. സ്വകാര്യവ്യക്തികളുടെ കാര്‍ ശേഖരത്തില്‍ നിന്നടക്കം, ലോകോത്തര ബ്രാന്‍ഡുകള്‍ നിര്‍മിക്കുകയും റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്ത അന്‍പതിലധികം അത്യപൂര്‍വ കാറുകളാണ് മേളയിലുണ്ടാവുക.

'വേള്‍ഡ്‌സ് കൂളസ്റ്റ് വിന്റര്‍' എന്ന വിനോദസഞ്ചാര കാംപയിന്റെ ഭാഗമായി ഒരുങ്ങുന്ന സൗജന്യ പ്രദര്‍ശനത്തിന് ഷാര്‍ജയുടെ വിവിധ ഭാ?ഗങ്ങളിലായുള്ള ഷുറൂഖിന്റെ വിനോദകേന്ദ്രങ്ങളാണ് വേദിയൊരുക്കുന്നത്. നാലു വ്യത്യസ്ത ദിവസങ്ങളിലായി നാലിടങ്ങളില്‍ പ്രദര്‍ശനം അരങ്ങേറും.

ജനുവരി 29ന് ഖോര്‍ഫക്കാന്‍ ബീച്ചില്‍ ക്ലാസിക് കാറുകള്‍ പ്രദര്‍ശിപ്പിക്കും. 'ഖോര്‍ഫക്കാന്‍ ബീച്ച് ക്ലാസിക്‌സ്' എന്ന പേരിലാണ് ഇതറിയപ്പെടുക. ശേഷം ഫെബ്രുവരി 19ന് 'അല്‍ ബദായര്‍ റിട്രീറ്റില്‍' രണ്ടാം പ്രദര്‍ശനവും തുടര്‍ന്ന് മാര്‍ച്ച് 26ന് 'അല്‍ ബെയ്ത്' ഹോട്ടല്‍ പരിസരത്ത് മൂന്നാം പ്രദര്‍ശനവുമൊരുക്കും. ഷാര്‍ജ ന?ഗരമധ്യത്തിലുള്ള ഫ്‌ലാ?ഗ് ഐലന്‍ഡില്‍ ഏപ്രില്‍ രണ്ടിന് നടക്കുന്ന പ്രദര്‍ശനത്തോടെയാണ് ക്ലാസിക് കാര്‍ ഫെസ്റ്റിവല്‍ അവസാനിക്കുക.

കാര്‍ പ്രേമികള്‍ക്ക്, പ്രത്യേകിച്ച് വിന്റേജ് കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ അത്യപൂര്‍വ കാറുകള്‍ അടുത്തുകാണാനും മനസ്സിലാക്കാനും ചിത്രമെടുക്കാനുമുള്ള അവസരമാണ് ക്ലാസിക് കാര്‍ ഉത്സവത്തിലൂടെയൊരുങ്ങുന്നത്. ഒരുകാലത്ത് നിരത്തുകള്‍ അടക്കി ഭരിച്ച രാജാക്കന്മാരെ അതേ പ്രൗഡിയോടെ വീണ്ടും കാണാനാവും. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ മുന്‍പത്തെക്കാള്‍ അഴകേറിയിട്ടുമുണ്ടാവും.

ഷാര്‍ജയിലെ, യുഎഇയിലെ തന്നെ വാഹനപ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ക്ലാസിക് കാര്‍ ഫെസ്റ്റിവല്‍ വീണ്ടും അവതരിപ്പിക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് ഷുറൂഖ് സിഒഒ അഹ്മദ് അല്‍ ഖസീര്‍ പറഞ്ഞു. 'ലോകത്തെ തന്നെ മുന്‍നിര ക്ലാസിക് കാര്‍ കലക്ഷന്‍ നമ്മുടെ ഷാര്‍ജയിലുണ്ട്. ഇത്തരം കാറുകള്‍ ശേഖരിക്കുന്നവരുടെ പട്ടികയെടുത്താലും നമ്മള്‍ മുന്‍നിരയിലാണ്. വിദേശികളടക്കമുള്ളവര്‍ക്ക് ഈ അപൂര്‍വ കലക്ഷനുകളെല്ലാം കാണാനും മനസ്സിലാക്കാനുമുള്ള മികച്ച അവസരമാണ് ക്ലാസിക് കാര്‍ ഫെസ്റ്റിവല്‍. ലോകത്തെ മുന്‍നിരബ്രാന്‍ഡുകളെല്ലാം നിര്‍മിച്ച, ലോകത്ത് തന്നെ അപൂര്‍വമായ മോഡലുകള്‍ പ്രദര്‍ശനത്തിലുണ്ടാവും. മനോഹരമായ വിനോദകേന്ദ്രങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ കാഴ്ചകള്‍ക്ക് വീണ്ടും മാറ്റേറും' അഹ്മദ് അല്‍ ഖസീര്‍ പറഞ്ഞു.

ഷുറൂഖുമായി ചേര്‍ന്ന് ഇത്തരമൊരു പ്രദര്‍ശനമൊരുക്കാനായതില്‍ ആഹ്ലാദമുണ്ടെന്ന് ഷാര്‍ജ ഓള്‍ഡ് കാര്‍സ് ക്ലബ് ചെയര്‍മാന്‍ ഡോ. അലി അഹമ്മദ് അബു അല്‍ സൂദ് പറഞ്ഞു. 'നമ്മുടെ നിരത്തുകള്‍ അടക്കി വാണിരുന്ന, എന്നാല്‍ പുതുതലമുറക്ക് അപരിചിതമായ അത്യപൂര്‍വ കലക്ഷനാണ് സന്ദര്‍ശകര്‍ക്ക് മുന്‍പിലെത്താന്‍ പോകുന്നത്. 1923 മുതല്‍ 1989 വരെ മുന്‍നിര ബ്രാന്‍ഡുകള്‍ പുറത്തിറക്കിയ, ലിമിറ്റഡ് എഡിഷന്‍ മോഡലുകളടക്കമുള്ള ?ഗംഭീര കലക്ഷന്‍. സന്ദര്‍ശകര്‍ എന്നുമോര്‍ക്കാനുള്ള അനുഭവമാകും ഇത്' അദ്ദേഹം പറയുന്നു.

അതതു ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി തൊട്ട് വൈകുന്നേരം ആറു വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. മേള കാണാന്‍ വിനോദകേന്ദ്രങ്ങളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വേണമെങ്കില്‍ കുട്ടികള്‍ക്കായുള്ള കളിയിടങ്ങളിലേക്കും റസ്റ്ററന്റുകളിലേക്കുമെല്ലാം പ്രവേശിക്കുകയും ചെയ്യാം.


കോവിഡ് സുരക്ഷാനിര്‍ദേശങ്ങളെല്ലാം ഉറപ്പുവരുത്തിയാണ് പ്രദര്‍ശനം ഒരുക്കുന്നത്. വന്നെത്തുന്ന സന്ദര്‍ശകരും ഇത് പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സംഘാടകര്‍ അറിയിച്ചു.

Other News in this category



4malayalees Recommends