ജമാല്‍ ഖഷോഗി വധം: ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ; സൗദി പൗരന്മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി മന്ത്രാലയം

ജമാല്‍ ഖഷോഗി വധം: ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ;  സൗദി പൗരന്മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി മന്ത്രാലയം
മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ എഴുപത്തിയാറ് സൗദി പൗരന്മാര്‍ക്ക് യുഎസ് യാത്രാവിലക്കേര്‍പ്പെടുത്തി. തെറ്റായ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായി സൗദി അറിയിച്ചു.

2018 ഒക്ടോബര്‍ 20നാണ് സൗദി പൗരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും കിരീടാവകാശിയുടെ വിമര്‍ശകനുമായ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്താന്‍ സൗദിയില്‍ നിന്നെത്തിയ പ്രത്യേക സംഘം പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

ഈ സംഭവത്തില്‍ പിടിയിലായ 18ല്‍ അഞ്ച് പേര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും സൗദി കോടതി വിധിച്ചിരുന്നു. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഖഷോഗിയെ പിടികൂടാനോ കൊലപാതകത്തിനോ സൗദി കിരീടാവകാശിയുടെ ഉത്തരവുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് ചൂണ്ടിക്കാട്ടി 76 സൗദി പൗരന്മാര്‍ക്കെതിരെ ഉപരോധവും വിസാ വിലക്കും ഏര്‍പ്പെടുത്തി.

എന്നാല്‍ നടപടി ഏകപക്ഷീയമാണെന്നും നീതീകരിക്കാനാകില്ലെന്നും സൗദി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു. തെറ്റായതും അവഹേളിക്കുന്നതുമാണ് റിപ്പോര്‍ട്ട്. കൃത്യം നടത്തിയ വ്യക്തികള്‍ അവരുടെ മേധാവികള്‍ പോലുമറിയാതെ നടത്തിയ നടപടിയുടെ പേരില്‍ ഭരണനേതൃത്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ല. മുന്‍വിധികളും ജുഡീഷ്യറിയുടെ പരമാധികാരത്തിലും കൈകടത്തരുത്. എട്ട് പതിറ്റാണ്ടായി മികച്ച ബന്ധമാണ് സൗദിക്കുള്ളതെന്നും പരസ്പര ബഹുമാനത്തോടെ അത് തുടരാനാണ് താല്‍പര്യമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

Other News in this category



4malayalees Recommends