വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ കൊലപാതകം അന്വേഷിക്കാന്‍ കോവിഡ് ക്യൂആര്‍ കോഡ് വസ്തുതകള്‍ ദുരുപയോഗിച്ചുവെന്ന് ആരോപണം; നീക്കത്തിന് തടയിടാന്‍ നിയമവുമായി സ്റ്റേറ്റ് ഗവണ്മെന്റ്; SafeWA ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് പോലീസ്

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ കൊലപാതകം അന്വേഷിക്കാന്‍ കോവിഡ് ക്യൂആര്‍ കോഡ് വസ്തുതകള്‍ ദുരുപയോഗിച്ചുവെന്ന് ആരോപണം;  നീക്കത്തിന് തടയിടാന്‍  നിയമവുമായി സ്റ്റേറ്റ് ഗവണ്മെന്റ്; SafeWA ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് പോലീസ്
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയിയയില്‍ മുന്‍ റിബല്‍സ് ബൈക്കി തലവന്‍ നിക്ക് മാര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉള്‍പ്പെടെ രണ്ട് കേസുകളുടെ അന്വേഷണത്തിന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പോലീസ് കോവിഡ് ക്യൂആര്‍ കോഡിലെ വിവരങ്ങള്‍ ഉപയോഗിച്ചത് വന്‍ വിവാദമാകുന്നു. സ്‌റ്റേറ്റിലെ കോവിഡ് കോണ്‍ടാക്ട് ട്രേസിംഗ് കാര്യക്ഷമമാക്കാന്‍ തുടങ്ങിയ SafeWA ആപ്പില്‍ നിന്നാണ് പൊലിസ് കേസന്വേഷണത്തിനായി വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നിയമവുമായി സ്‌റ്റേറ്റ് ഗവണ്‍മെന്റ് രംഗത്തെത്തിയിട്ടുണ്ട്.

പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കടുത്ത നിയമമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പ്രീമിയറായ മാര്‍ക്ക് മക് ഗോവന്‍ പറയുന്നത്. കൊവിഡ് കോണ്‍ടാക്ട് ട്രേസിംഗിനായുള്ള ആപ്പില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ച് പൊലിസ് കേസന്വേഷണം നടത്തിയതിനെത്തുടര്‍ന്ന് പുതിയ നിയമം നടപ്പിലാക്കുന്നതെന്നാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

കോവിഡ് കോണ്‍ടാക്ട് ട്രേസിംഗ് ആവശ്യങ്ങള്‍ക്ക് മാത്രമേ ഈ ആപ്പിലെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു എന്ന കടുത്ത നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ടെന്നും പ്രീമിയര്‍ വെളിപ്പെടുത്തുന്നു. പക്ഷേ ഗവണ്‍മെന്റിന്റെ ഇത് സംബന്ധിച്ച കടുംപിടിത്തത്തോട് പൊരുത്തപ്പെടാനാവില്ലെന്നാണ് പോലീസ് പ്രതികരിച്ചതോടെയാണ് കര്‍ക്കശമായ നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ബില്‍ ചൊവ്വാഴ്ച അധോസഭയില്‍ പാസായിട്ടുണ്ട്.

പോലീസും കറപ്ഷന്‍ ആന്‍ഡ് ക്രൈം കമ്മീഷനും പ്രസ്തുത ആപ്പില്‍ നിന്നുള്ള ഡാറ്റ മറ്റ് ആവശ്യങ്ങള്‍ക്കായി ശേഖരിക്കുന്നത് തടയിടുന്നതാണ് പുതിയ നിയമം. ഈ ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ കേസ് അന്വേഷണത്തിനായി ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ പോലീസിനോട് നിര്‍ദേശിച്ചെങ്കിലും ഇത് നിയമപരമാണെന്ന് ചൂണ്ടിക്കാട്ടി പൊലിസ് ഈ നിര്‍ദേശം തള്ളുകയായിരുന്നു.അതായത് ആപ്പിന്റെ വ്യവസ്ഥകള്‍ക്കനുസരിച്ച് നിയമപരമായ കാരണങ്ങള്‍ക്ക് ഇതിലെ ഡാറ്റ ഉപയോഗിക്കാമെന്നാണ് പൊലിസ് കമ്മീഷണര്‍ ക്രിസ് ഡോസന്‍ ന്യായീകരിക്കുന്നത്.

എന്നാല്‍ സ്‌റ്റേറ്റിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ അംഗീകൃത ഉദ്യോഗസ്ഥര്‍ മാത്രമേ ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയുള്ളുവെന്ന് 2020ല്‍ നവംബറില്‍ ഈ ആപ്പ് തുടങ്ങിയ സമയത്ത് ആരോഗ്യ മന്ത്രി റോജര്‍ കുക്ക് ജനങ്ങള്‍ക്ക് ഉറപ്പേകിയിരുന്നു. ഇതിനാല്‍ ആപ്പിലെ ഡാറ്റ കൊലപാതക കേസുകളുടെ അന്വേഷണത്തിന് പ്രയോജനപ്പെടുത്തിയത് വഴി ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് മിയ ഡേവിസ് ആരോപിക്കുന്നു.ഈ ഒരു സാഹചര്യത്തിലാണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ നിയമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.


Other News in this category



4malayalees Recommends