സിഡ്‌നിയിലും, മെല്‍ബണിലും കോവിഡ്19 ആഘാതം! സുരക്ഷിതമായ ഇടത്തേക്ക് താമസം മാറ്റാന്‍ ജനങ്ങള്‍; അഡ്‌ലെയ്ഡിലെ ഭവന വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്

സിഡ്‌നിയിലും, മെല്‍ബണിലും കോവിഡ്19 ആഘാതം! സുരക്ഷിതമായ ഇടത്തേക്ക് താമസം മാറ്റാന്‍ ജനങ്ങള്‍; അഡ്‌ലെയ്ഡിലെ ഭവന വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്
അഡ്‌ലെയ്ഡിലെ ഭവന വിലകള്‍ റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുന്നു. വില്‍ക്കാനുള്ള വീടുകളുടെ എണ്ണം കുറവായതും, പുറമെ നിന്നുള്ള നിക്ഷേപകര്‍ എത്തിയതുമാണ് വളര്‍ച്ചയെ നയിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഡ്‌ലെയ്ഡിലെ ഭവന വിലയില്‍ 17.9 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കോര്‍ലോജിക് ഡാറ്റ അനാലിസിസ് വ്യക്തമാക്കുന്നു. കഴിഞ്ഞ പാദത്തില്‍ മാത്രം 5.3 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തി.

മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലാണ് അഡ്‌ലെയ്ഡിലെ ഭവന വില റെക്കോര്‍ഡ് ഉയരങ്ങള്‍ താണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. പല സ്റ്റേറ്റ് തലസ്ഥാനങ്ങളിലെയും ഭവനവില സമാനമായ തോതില്‍ കുതിക്കുന്നുണ്ട്. അഡ്‌ലെയ്ഡിലെ വില വളര്‍ച്ച ഹൊബാര്‍ട്ട് (24.5%), കാന്‍ബെറ (22.5%), സിഡ്‌നി (20.9%), ഡാര്‍വിന്‍ (22%), ബ്രിസ്‌ബെയിന്‍ (18.3%) എന്നിവിടങ്ങളേക്കാള്‍ കുറവാണെന്നതാണ് വസ്തുത.

1989ന് ശേഷം ഭവന വിലയില്‍ ഏറ്റവും വലിയ വര്‍ദ്ധനവ് ഉണ്ടായത് കഴിഞ്ഞ 12 മാസത്തിനിടെയാണെന്ന് കോര്‍ലോജിക് റിസേര്‍ച്ച് ഡയറക്ടര്‍ ടിം ലോലെസ് പറഞ്ഞു. അഡ്‌ലെയ്ഡിലെ ഭവന മേഖല വലിയ തലസ്ഥാനങ്ങള്‍ക്ക് പിന്നില്‍ നില്‍ക്കുന്നതാണ് പരമ്പരാഗത രീതി. പക്ഷെ അടുത്തിടെയായി ഇന്റര്‍‌സ്റ്റേറ്റ്, പുറമെ നിന്നുള്ള നിക്ഷേപകര്‍ എന്നിവര്‍ എത്തിയതും, കോവിഡ് പശ്ചാത്തലത്തില്‍ സ്ഥലം മാറിയതും അഡ്‌ലെയ്ഡിലെ ഭവന വിപണിക്ക് അനുഗ്രഹമായി.

അതേസമയം ചോദിക്കുന്ന വിലയും, അന്തിമമായി വില്‍ക്കുന്ന വിലയും തമ്മില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നത് അഡ്‌ലെയ്ഡില്‍ വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഏജന്റുമാരും, വെന്‍ഡേഴ്‌സും വിലയിടുന്നതാണ് ഇതിനൊരു പ്രധാന കാരണമെന്നാണ് ആരോപണം.

Other News in this category



4malayalees Recommends