ന്യൂ സൗത്ത് വെയില്‍സില്‍ എട്ടാമത്തെ ഒമിക്രോണ്‍ വേരിയന്റ് കേസ് സ്ഥിരീകരിച്ചു; രോഗം പിടിപെട്ടത് ഒരു കുഞ്ഞിന്; രക്ഷിതാക്കളും കോവിഡ് പോസിറ്റീവ്; സൂപ്പര്‍ വേരിയന്റാണോ പിന്നിലെന്ന് അന്വേഷണം

ന്യൂ സൗത്ത് വെയില്‍സില്‍ എട്ടാമത്തെ ഒമിക്രോണ്‍ വേരിയന്റ് കേസ് സ്ഥിരീകരിച്ചു; രോഗം പിടിപെട്ടത് ഒരു കുഞ്ഞിന്; രക്ഷിതാക്കളും കോവിഡ് പോസിറ്റീവ്; സൂപ്പര്‍ വേരിയന്റാണോ പിന്നിലെന്ന് അന്വേഷണം

ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ വേരിയന്റ് കേസുകളുടെ എണ്ണം ഒന്‍പതായി. എന്‍എസ്ഡബ്യുവില്‍ എട്ട് കേസുകളും, നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ഒരു കേസുമാണുള്ളത്. നവംബര്‍ 23ന് ദോഹയില്‍ നിന്നും സിഡ്‌നിയിലെത്തിയ വിമാനത്തില്‍ യാത്ര ചെയ്തവരിലാണ് ഒടുവിലത്തെ രോഗി. മടങ്ങിയെത്തിയ യാത്രക്കാരില്‍ ജീനോമിക് സീക്വന്‍സിംഗ് നടത്തിയപ്പോഴാണ് ഇന്‍ഫെക്ഷന്‍ തിരിച്ചറിഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി.


സിംഗപ്പൂരില്‍ നിന്നും സിഡ്‌നിയിലെത്തിയ യാത്രക്കാരനും ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി എന്‍എസ്ഡബ്യു ഹെല്‍ത്ത് അറിയിച്ചു. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ വ്യക്തിയാണ് ഈ യാത്രക്കാരന്‍. തിരിച്ചെത്തിയ ശേഷം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയവെയാണ് വേരിയന്റ് പിടിപെട്ടതായി സ്ഥിരീകരിച്ചത്.

ഇതിനിടെ എന്‍എസ്ഡബ്യുവില്‍ വാക്‌സിനെടുക്കാന്‍ പ്രായമായിട്ടില്ലാത്ത കൊച്ചുകുഞ്ഞിനും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന കുഞ്ഞിന്റെ മാതാപിതാക്കളും പോസിറ്റീവാണ്. ഇവരെ ബാധിച്ചത് ഒമിക്രോണ്‍ ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ദോഹയില്‍ നിന്നും കുടുംബസമേതം എത്തിയ ഇവര്‍ ക്വാറന്റൈനിലായിരുന്നു.

നവംബര്‍ 23ന് ദോഹയില്‍ നിന്നും സിഡ്‌നിയിലേക്കുള്ള ക്യുആര്‍908 വിമാനത്തില്‍ യാത്ര ചെയ്തവര്‍ അടിയന്തരമായി ടെസ്റ്റ് നടത്താനും, ഐസൊലേഷനില്‍ കഴിയാനുമാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒമിക്രോണ്‍ കേസുകള്‍ എന്‍എസ്ഡബ്യുവില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി നിയന്ത്രണങ്ങളില്‍ സൗത്ത് ഓസ്‌ട്രേലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.

എന്‍എസ്ഡബ്യുവില്‍ നിന്നും പ്രവേശിക്കുന്നവര്‍ ഇവിടെ ഒരു ടെസ്റ്റിന് വിധേയമാകേണ്ടി വരുമെന്നാണ് എസ്എ പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ അറിയിച്ചിരിക്കുന്നത്.
Other News in this category



4malayalees Recommends