നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്തായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്.സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം
തീര്‍ച്ചയായും സിദ്ദീഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം എത്രയോ കഴിഞ്ഞിരിക്കുന്നു.
പല സിദ്ദീഖുമാര്‍ ഇന്നും ആ ഇടത്തില്‍ ആക്റ്റീവ് ആയി നില്ക്കുന്നതില് തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസിലാക്കാം,' രേവതി സമ്പത്ത് പറഞ്ഞു.
സിദ്ദീഖിനെതിരെ ലൈംഗീകാധിക്ഷേപ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് നേരത്തെ രംഗത്തുവന്നിരുന്നു. 2019 മെയിലായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. 2016ല്‍ സിദ്ദീഖില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് രേവതി പറഞ്ഞിരുന്നു.
2016ല്‍ തിരുവനന്തപുരം നിള തീയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖില്‍ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്. സിദ്ദിഖും കെ.പി.എ.സി. ലളിതയും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് രേവതി ഇക്കാര്യം തുറന്നുപറഞ്ഞിരുന്നത്.
അതേസമയം, നടിയെ അക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ നടന് സിദ്ദീഖും അടുത്തുണ്ടായിരുന്നതായി പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്നണ്ട്. ഇതു പുറത്തുവന്നതിന് പിന്നാലെയാണ് രേവതി സമ്പത്തിന്റെ പ്രതികരണം.