ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകള്‍ അതേ കച്ചവടക്കാരന്റെ പേരില്‍ തിരിച്ചേല്പിച്ച് അവര്‍ ഇറങ്ങിവന്നു.. മഞ്ജുവാര്യരെ കുറിച്ചുള്ള കുറിപ്പ് വൈറല്‍

ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകള്‍ അതേ കച്ചവടക്കാരന്റെ പേരില്‍ തിരിച്ചേല്പിച്ച് അവര്‍ ഇറങ്ങിവന്നു.. മഞ്ജുവാര്യരെ കുറിച്ചുള്ള കുറിപ്പ് വൈറല്‍
നടി മഞ്ജുവിന്റെ ശക്തമായ മടങ്ങിവരവിനെകുറിച്ചും അവരുടെ ഇടപെടലുകളെ കുറിച്ചും വന്നൊരു കുറിപ്പാണ് വൈറലായി മാറുന്നത്. കിരണ്‍ ആര്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ രൂപം:

ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വിവാഹബന്ധം വേര്‍പെടുത്തിയപ്പോഴും, അവര്‍ അതില്‍ പുലര്‍ത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാന്‍ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുന്‍ഭര്‍ത്താവിന്റെ സ്വകാര്യതയെ മാനിച്ചാണ് അവര്‍ ഏതൊരു പൊതുവിടത്തിലും സംസാരിച്ചത്. പിരിയാനുള്ള കാരണം അന്നുമിന്നും പൊതുവിടത്തില്‍ വെളിപ്പെടുത്താതെ, മലയാളസിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനില്‍ നിന്നും ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകള്‍ അതേ കച്ചവടക്കാരന്റെ പേരില്‍ തിരിച്ചേല്പിച്ച് അവര്‍ ഇറങ്ങിവന്നു. സിനിമയിലേക്ക് തിരിച്ചുവന്നു.

രണ്ടു വര്‍ഷം തികഞ്ഞില്ല, മലയാളസിനിമാ ലോകചരിത്രത്തില്‍ ഇന്നോളം കാണാത്ത വിധം ഹീനമായ ക്രൂരത അരങ്ങേറി. ആക്രമിക്കപ്പെട്ട നടിയോട് ഐക്യപ്പെടാന്‍ അമ്മ സംഘടന വിളിച്ചുചേര്‍ത്ത യോഗത്തില്‍ പലരും ഒരിറ്റ് ആത്മാര്‍ഥതയില്ലാത്ത വൈകാരികത ചാര്‍ത്തിയ സംഭാഷണങ്ങള്‍ കൊണ്ട് അവരവരുടെ കടമ തീര്‍ത്തുവെന്ന് വരുത്തിയപ്പോഴും, ഒന്നര മിനിറ്റില്‍ അവര്‍ പറഞ്ഞുതീര്‍ത്ത സത്യസന്ധമായ കുറച്ചു വാക്കുകള്‍.

'ഇതിന് പിന്നിലുള്ളത് ഒരു ക്രിമിനല്‍ ഗൂഡാലോചനയാണ്. അതിനുവേണ്ടി പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണം, ശിക്ഷിക്കണം.'

ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ശബ്ദം. അതിന് തുടര്‍ച്ചകളുണ്ടായി. നിയമപരമായ ഇടപെടലുകളുണ്ടാകാന്‍ തുടങ്ങി. വിചാരണയും വിസ്താരവുമടക്കം വര്‍ഷങ്ങളനവധി കടന്നുപോയി. അന്നുതൊട്ടിന്നുവരെ ആക്രമിക്കപ്പെട്ടവളുടെ കൂടെത്തന്നെ അവര്‍ നിന്നു. ഗൂഡാലോചന നടത്തിയവരും, അതിന് വക്കാലത്ത് പിടിച്ചവരും അതിനെതിരെ വായനക്കാതെയിരുന്നവരും, പേടിച്ചോ പ്രലോഭിപ്പിക്കപ്പെട്ടോ പൊലീസിന് മുന്നിലും കോടതിയിലും കൂറുമാറിയവരും, കുറ്റാരോപിതനെ രക്ഷിച്ചെടുക്കാന്‍ മനസോടെയോ അല്ലാതെയോ ആവുന്നത് ചെയ്തപ്പോഴും അവര്‍ സ്വന്തം വാക്കുകള്‍ തിരുത്തിപ്പറഞ്ഞില്ല. പറയാനുണ്ടായിരുന്ന സത്യങ്ങള്‍ അണുവിട തെറ്റാതെ ആവര്‍ത്തിച്ചുപറഞ്ഞു.

ഇന്നിപ്പോ കൊടിയ ഗൂഢാലോചന നടന്നുവെന്നതിനെ ശരിവെക്കുന്ന പുതിയ തെളിവുകള്‍ കത്തുകളായും ശബ്ദരേഖകളായും ഓരോന്നായി പുറത്തുവരുമ്പോള്‍, നടന്നതിനെക്കാളും എത്രയോയിരട്ടി മറഞ്ഞിരിക്കുന്ന 'ജനപ്രിയന്‍' കഥകള്‍ ഓരോന്നായി തെളിഞ്ഞുവരുമ്പോള്‍, പണക്കൊഴുപ്പില്‍ എല്ലാം തീര്‍ക്കാമെന്നു കരുതിയവരുടെ പ്രതീക്ഷകള്‍ അവസാനനിമിഷം തെറ്റിപ്പോകുമ്പോള്‍, അവസാനത്തെ ചിരി ആക്രമിക്കപ്പെട്ടവള്‍ക്കും അവളുടെ കൂടെ നിന്ന മഞ്ജുവാര്യരെന്ന സുഹൃത്തിനും, wcc എന്ന സംഘടനയിലെ ജനുവിനായി ഇടപെട്ട സ്ത്രീകള്‍ക്കുമാകുന്നു.

വഞ്ചിക്കപ്പെട്ടയിടത്തില്‍ നിന്നുള്ള ഏറ്റവും മാന്യമായ ഇറങ്ങിപ്പോരലും, അതിന് കാരണമായതിന്റെ പേരില്‍ ബലിയാടാക്കപ്പെട്ടവളുടെ നീതിക്കായുള്ള പോരാട്ടത്തിലുള്ള കൂടെനില്‍ക്കലും, ഒന്നുമില്ലായ്മയില്‍ നിന്നും തിരിച്ചുവന്ന് തൊഴില്‍മേഖലയില്‍ നിന്നും സാമ്പത്തികസുരക്ഷ നേടിയെടുക്കലുമടക്കം, മഞ്ജുവാര്യരെന്ന വ്യക്തിയില്‍ നിന്നും, പ്രൊഫഷണലില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട്.. പല പൊയ്മുഖങ്ങളും അഴിഞ്ഞുവീഴാന്‍ കാരണമായതിന്റെ സന്തോഷവും സമാധാനവും അവര്‍ മറ്റാരേക്കാളും അര്‍ഹിക്കുന്നുമുണ്ട്.

Other News in this category



4malayalees Recommends