ഉക്രെയിന്‍ യുദ്ധ അഭയാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ വിസാ സ്‌കീം പ്രഖ്യാപിച്ച് ബ്രിട്ടന്‍; മുന്‍പ് പ്രതീക്ഷിച്ചതിലും നിബന്ധനകള്‍ ഉദാരമാക്കി ഹോം സെക്രട്ടറിയുടെ പ്രഖ്യാപനം; ബ്രിട്ടനുമായി കുടുംബബന്ധമുണ്ടെങ്കില്‍ വിസ

ഉക്രെയിന്‍ യുദ്ധ അഭയാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ വിസാ സ്‌കീം പ്രഖ്യാപിച്ച് ബ്രിട്ടന്‍; മുന്‍പ് പ്രതീക്ഷിച്ചതിലും നിബന്ധനകള്‍ ഉദാരമാക്കി ഹോം സെക്രട്ടറിയുടെ പ്രഖ്യാപനം; ബ്രിട്ടനുമായി കുടുംബബന്ധമുണ്ടെങ്കില്‍ വിസ

ഉക്രെയിന്‍ യുദ്ധ അഭയാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ വിസാ സ്‌കീം പ്രഖ്യാപിച്ച് ബ്രിട്ടന്‍. അടിയന്തര പദ്ധതിയുടെ നിബന്ധനകള്‍ അവസാന നിമിഷം കൂടുതല്‍ ഉദാരമാക്കിയാണ് ഹോം ഓഫീസ് പ്രഖ്യാപനം നടപ്പാക്കിയത്.


ബ്രിട്ടനുമായി ഏതെങ്കിലും വിധത്തില്‍ കുടുംബപരമായ ബന്ധമുള്ളവര്‍ക്ക് 12 മാസത്തെ പ്രാഥമിക താമസം ലഭ്യമാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ഇപ്പോള്‍ മൂന്നിരട്ടിയായി ഉയര്‍ത്തി. കൂടുതല്‍ ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്ന തരത്തിലാണ് മാറ്റങ്ങള്‍.

ആഴ്ചയില്‍ 6000 അപേക്ഷകള്‍ പ്രൊസസ് ചെയ്യാന്‍ കഴിയുമെന്നാണ് ഹോം ഓഫീസ് കരുതുന്നത്. വ്‌ളാദിമര്‍ പുടിന്റെ ക്രൂരമായ അധിനിവേശത്തില്‍ നിന്നും രക്ഷപ്പെടുന്ന ജനങ്ങളുടെ എണ്ണത്തില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഉക്രെയിനിലെ വിവിധ നഗരങ്ങളില്‍ റഷ്യന്‍ സേന അക്രമം കടുപ്പിക്കുന്ന സാഹചര്യത്തില്‍ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.

റഷ്യന്‍ പ്രസിഡന്റിന്റെ യുദ്ധ പ്രഖ്യാപനത്തിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്‌കോട്ട്‌ലണ്ട് യാര്‍ഡില്‍ നിന്നുള്ള ഓഫീസര്‍മാര്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഉക്രെയിനില്‍ ഇതിനകം മൂന്ന് റഷ്യന്‍ കമ്മാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പോളണ്ടിലെ മെദികയിലേക്ക് എത്തിയിട്ടുണ്ട്. ഉക്രെയിന്റെ വെസ്‌റ്റേണ്‍ അതിര്‍ത്തിയില്‍ നിന്നും ഒരു മൈല്‍ അകലെയാണ് ഈ പ്രദേശം. യുകെയിലേക്ക് വരാന്‍ സാധ്യതയുള്ള ആദ്യ അപേക്ഷകരുമായി ഹോം സെക്രട്ടറി നേരില്‍ സംസാരിച്ചു.

യുകെയില്‍ എത്തിച്ചേരുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഹോം ഓഫീസ്. 2 ലക്ഷം അഭയാര്‍ത്ഥികള്‍ ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും, നല്ലൊരു ശതമാനം പേരും സ്വന്തം നാട്ടില്‍ തുടരുമെന്നാണ് കരുതുന്നത്.
Other News in this category



4malayalees Recommends