വാഹന ഉടമകള്‍ക്ക് ആശ്വാസമായി എണ്ണവില താഴ്ന്നു; ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പിന്തുണയുമായി യുഎഇ; സൗദിയുമായുള്ള കരാര്‍ പ്രതീക്ഷയാകുന്നു; പണപ്പെരുപ്പവും, ഇന്ധനവിലയും ഭക്ഷ്യവിലയെ മുന്നോട്ട് നയിക്കുമ്പോള്‍ ബോറിസ് രക്ഷകനാകുമോ?

വാഹന ഉടമകള്‍ക്ക് ആശ്വാസമായി എണ്ണവില താഴ്ന്നു; ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പിന്തുണയുമായി യുഎഇ; സൗദിയുമായുള്ള കരാര്‍ പ്രതീക്ഷയാകുന്നു; പണപ്പെരുപ്പവും, ഇന്ധനവിലയും ഭക്ഷ്യവിലയെ മുന്നോട്ട് നയിക്കുമ്പോള്‍ ബോറിസ് രക്ഷകനാകുമോ?

റഷ്യ ഉക്രെയിന് എതിരായി ആരംഭിച്ച യുദ്ധവും, ഇതിന് എതിരെ അടിച്ചേല്‍പ്പിക്കുന്ന ഉപരോധങ്ങളും എണ്ണ ഉത്പാദനത്തെയും, വിതരണത്തെയും സാരമായി ബാധിക്കുന്നുണ്ട്. തല്‍ഫലമായി ബ്രിട്ടനില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. ഇതിനിടെ അല്‍പ്പം ആശ്വാസം പകര്‍ന്ന് എണ്ണ വില താഴ്ന്നു. ഇന്ധന വില റെക്കോര്‍ഡ് ഉയരം താണ്ടിയതോടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ യുഎഇ തയ്യാറായതാണ് ഇതിന് കാരണം.


സൗദി അറേബ്യയുമായി കരാര്‍ നേടാന്‍ ഇടപെട്ട് റിസര്‍വിലുള്ള എണ്ണ പുറത്തുവിടാന്‍ ബോറിസ് ജോണ്‍സണ്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിക്കാന്‍ ഗള്‍ഫ് രാജ്യത്തിന്റെ നേതാവ് വിസമ്മതിച്ചതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യം ഉയരുന്നത്.


ഒരു ലിറ്റര്‍ അണ്‍ലീഡഡിന് റെക്കോര്‍ഡ് നിരക്കായ 159 പെന്‍സില്‍ എത്തിച്ചേര്‍ന്നിരുന്നു. ഡീസല്‍ 167.4 പെന്‍സിലുമെത്തി. എന്നാല്‍ ചില ഫൊര്‍കോര്‍ട്ടുകളില്‍ ഡീസല്‍ 2 പൗണ്ടിലും, പെട്രോള്‍ ഇതിന് തൊട്ടുതാഴെയുമായാണ് വില്‍പ്പന നടക്കുന്നത്. ഇതോടെ ഓണ്‍ലൈനില്‍ വില പരിശോധിക്കുന്ന ആളുകളുടെ എണ്ണവും കുതിച്ചുയര്‍ന്നു. ദിവസേന ഒന്നര ലക്ഷം പേരാണ് തങ്ങളുടെ സേവനം ഉപയോഗിക്കുന്നതെന്ന് ഓണ്‍ലൈന്‍ ഫ്യുവല്‍ കമ്പാരിസണ്‍ സര്‍വ്വീസായ പെട്രോള്‍പ്രൈസസ് പറയുന്നു.

ഫെബ്രുവരി മധ്യത്തോടെ പത്തിരട്ടിയാണ് വര്‍ദ്ധന. ഡ്രൈവര്‍മാര്‍ കടുത്ത സാമ്പത്തിക ഞെരുക്കമാണ് ഇന്ധനവില വര്‍ദ്ധന മൂലം നേരിടുന്നത്. അതേസമയം എണ്ണവില ബാരലിന് 111 ഡോളറിലേക്ക് താഴ്ന്നത് പ്രതീക്ഷ ഉയര്‍ത്തുകയാണ്. തിങ്കളാഴ്ച 140 ഡോളറില്‍ എത്തിയ ശേഷമാണ് ഇടിവ്. എന്നാല്‍ ഈ വ്യത്യാസം ഡ്രൈവര്‍മാരിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല.

സൗദി അറേബ്യയുടെ ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ജോ ബൈഡനുമായി എണ്ണ പ്രതിസന്ധി സംബന്ധിച്ച് സംസാരിക്കാന്‍ തയ്യാറായില്ലെന്ന റിപ്പോര്‍ട്ടും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. സൗദി യുവരാജാവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മെച്ചപ്പെട്ട ബന്ധമാണുള്ളതെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാനാണ് ബോറിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Other News in this category



4malayalees Recommends