ചെല്‍സി ക്ലബിന്റെ ഉടമയാകുന്നതില്‍ റൊമാന്‍ അബ്രാമോവിച്ചിന് വിലക്ക്; ക്ലബിനെ ഉടന്‍ വില്‍ക്കണം; ഉത്തരവിട്ട് പ്രീമിയര്‍ ലീഗ്; യുകെയുടെ ഉപരോധത്തില്‍ പിടിവള്ളിയില്ലാതെ റഷ്യന്‍ ശതകോടീശ്വരന്‍; സീസണ്‍ തീര്‍ക്കാന്‍ സര്‍ക്കാരിന്റെ 110 മില്ല്യണ്‍ പൗണ്ട്

ചെല്‍സി ക്ലബിന്റെ ഉടമയാകുന്നതില്‍ റൊമാന്‍ അബ്രാമോവിച്ചിന് വിലക്ക്; ക്ലബിനെ ഉടന്‍ വില്‍ക്കണം; ഉത്തരവിട്ട് പ്രീമിയര്‍ ലീഗ്; യുകെയുടെ ഉപരോധത്തില്‍ പിടിവള്ളിയില്ലാതെ റഷ്യന്‍ ശതകോടീശ്വരന്‍; സീസണ്‍ തീര്‍ക്കാന്‍ സര്‍ക്കാരിന്റെ 110 മില്ല്യണ്‍ പൗണ്ട്

ചെല്‍സിയുടെ ഡയറക്ടറായി തുടരുന്നതിന് റഷ്യന്‍ ശതകോടീശ്വരന്‍ റൊമാന്‍ അബ്രാമോവിച്ചിന് വിലക്ക് ഏര്‍പ്പെടുത്തി പ്രീമിയര്‍ ലീഗ്. റഷ്യ നടത്തുന്ന ഉക്രെയിന്‍ അധിനിവേശവും, പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായുള്ള ബന്ധവും മുന്‍നിര്‍ത്തിയാണ് യുകെ ഗവണ്‍മെന്റ് അബ്രാമോവിച്ചിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിനിടെ ഈ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ചെല്‍സിക്ക് 110 മില്ല്യണ്‍ പൗണ്ട് അനുവദിച്ചു.


പ്രീമിയര്‍ ലീഗ് വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ക്ലബിന്റെ നടത്തിപ്പില്‍ ഇനി റഷ്യന്‍ ശതകോടീശ്വരന് ഇടപെടാന്‍ കഴിയില്ല. വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രീമിയര്‍ ലീഗ് ഞെട്ടിക്കുന്ന നിലപാട് വ്യക്തമാക്കിയത്. ഇതിന് ശേഷമാണ് ക്ലബിന് സാമ്പത്തിക ഇളവ് അനുവദിച്ചിരിക്കുന്നത്.

'യുകെ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പരിഗണിച്ചാണ് പ്രീമിയര്‍ ലീഗ് ബോര്‍ഡ് റൊമാന്‍ അബ്രാമോവിച്ചിനെ ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഡയറക്ടര്‍ പദവിയില്‍ നിന്നും അയോഗ്യനാക്കുന്നത്. ബോര്‍ഡിന്റെ തീരുമാനം മൂലം ക്ലബിന്റെ പരിശീലനത്തിനോ, ഫിക്‌സ്ചര്‍ പ്രകാരമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനോ തടസ്സമുണ്ടാകില്ല. 2022 മെയ് 31ന് അവസാനിക്കുന്ന സര്‍ക്കാര്‍ ലൈസന്‍സ് നിബന്ധനകള്‍ പ്രകാരമാണിത്', പ്രീമിയര്‍ ലീഗ് വക്താവ് അറിയിച്ചു.

ഈ നടപടി വന്നതോടെ പ്രീമിയര്‍ ലീഗ് നിയമപ്രകാരം വ്യക്തിയുടെ പേരിലുള്ള ഓഹരികള്‍ 28 ദിവസത്തിനുള്ളില്‍ വില്‍ക്കണം. തന്റെ ഓഹരി വില്‍ക്കാന്‍ അബ്രാമോവിച്ച് നേരത്തെ തന്നെ താല്‍പര്യം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയ്ക്കകം താല്‍പര്യം രേഖപ്പെടുത്താനാണ് വാങ്ങാന്‍ താല്‍പര്യമുള്ളവരെ അറിയിച്ചിരിക്കുന്നത്.

അബ്രാമോവിച്ച് ഉപരോധം നേരിടുകയും, സര്‍ക്കാര്‍ മരവിപ്പിച്ച സ്വത്തുക്കളില്‍ ക്ലബും ഉള്‍പ്പെടുന്നതും മൂലം 28 ദിവസത്തെ സമയപരിധിയും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. വില്‍പ്പനയുമായി മുന്നോട്ട് പോകാന്‍ ഇനി സര്‍ക്കാര്‍ പുതിയ ലൈസന്‍സ് അനുവദിക്കണം. വില്‍പ്പനയില്‍ നിന്നും ഒരു പെന്നി പോലും അബ്രാമോവിച്ചിന്റെ പോക്കറ്റില്‍ പോകുന്നില്ലെന്ന് കരാര്‍ ആയാല്‍ മാത്രമാകും ഇതിന് സാധ്യത തെളിയുക.

ഇതിന് ശേഷമാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ ക്ലബിന് പുതുക്കിയ ലൈസന്‍സ് നല്‍കിയത്. മുന്‍ ടെലിവിഷന്‍, സമ്മാനത്തുകകള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ക്ലബിന് അനുമതി നല്‍കിയത്. പ്രീമിയര്‍ ലീഗ്, യുവേഫ ടിവി വരുമാനത്തില്‍ നിന്നുള്ള 35 മില്ല്യണ്‍ പൗണ്ട് സീസണ്‍ തീരുന്നത് വരെ ഉപയോഗിക്കാം. കൂടാതെ പ്രൈസ് മണിയും പ്രയോജനപ്പെടുത്താം.
Other News in this category



4malayalees Recommends