എന്റെ ശബ്ദം പോയത് സംഗീത സംവിധായകരുടെ പ്രാക്കാണെന്ന് പറഞ്ഞ് മെഴുകിയ ചേട്ടന്‍മാരോട് ഇത് പറയാന്‍ ആഗ്രഹിക്കുന്നു..: ഹരീഷ് ശിവരാമകൃഷ്ണന്‍

എന്റെ ശബ്ദം പോയത് സംഗീത സംവിധായകരുടെ പ്രാക്കാണെന്ന് പറഞ്ഞ് മെഴുകിയ ചേട്ടന്‍മാരോട് ഇത് പറയാന്‍ ആഗ്രഹിക്കുന്നു..: ഹരീഷ് ശിവരാമകൃഷ്ണന്‍
തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് തന്റെ ശബ്ദം പോയെന്നും 15 ദിവസം വോയിസ് റെസ്റ്റിലാണെന്നും ഗായകന്‍ ഹരീഷ് ശിവരാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തനിക്ക് സംഭവിച്ചത് അത്ര വലിയ മാറാ രോഗമൊന്നുമല്ല എന്നാണ് ഹരീഷ് ഇപ്പോള്‍ പറയുന്നത്. തന്റെ ശബ്ദം പോകാന്‍ കാരണം സംഗീത സംവിധായകരുടെ പ്രാക്ക് കൊണ്ടാണെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായാണ് ഗായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ, എനിക്ക് അത്ര വലിയ പ്രശ്‌നം / മാറാ രോഗം ഒന്നും ഇല്ല എന്ന പറയാന്‍ ആണ് ഈ പോസ്റ്റ്. throat infection അഥവാ laryngitis എന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നത് കൊണ്ട് ശബ്ദം പോയി എന്നത് ശരി ആണ്, 15 ദിവസം കൊണ്ട് ശരി ആവും എന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ഉണ്ട്.

സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതിദാരുണമായ വാര്‍ത്ത ഒന്നും അല്ല ഇത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. (അങ്ങനെ കുറെ വാര്‍ത്ത കണ്ടു പേടിച്ചു എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോണ്‍ വിളിച്ചിരുന്നു എന്നോട് സ്‌നേഹമുള്ള കുറെ പേര്‍)..

പിന്നെ മെസ്സേജുകളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്ക് വേണ്ടി സമയം ചിലവഴിച്ച, എല്ലാം വേഗം ശരി ആവും എന്നു ആവര്‍ത്തിച്ചു പറഞ്ഞ ഒരുപാട് പേരുണ്ട് – നിങ്ങളുടെ സ്‌നേഹത്തിനു തിരികെ തരാന്‍ എന്റെ കയ്യില്‍ എന്റെ സംഗീതം മാത്രമേ ഉള്ളു – അത് തന്നു കൊണ്ടേ ഇരിക്കും. നിങ്ങളുടെ ഈ സ്‌നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം. ഒരുപാട് സ്‌നേഹം, നന്ദി.

പിന്നെ പ്രസ്തുത വാര്‍ത്തയുടെ താഴെ വന്നു 'നന്നായി, ഇനി അവന്‍ പാടില്ലല്ലോ…, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്' എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ – 15 ദിവസത്തില്‍ എന്റെ തൊണ്ട ശരി ആവും, ഇല്ലെങ്കില്‍ ഒരു മാസം അല്ലെങ്കില്‍ രണ്ടു മാസം.

എന്നായാലും ഞാന്‍ ഇനീം എനിക്ക് ഇഷ്ടമുള്ളത് പോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയില്‍ തന്നെ പാടും. നിങ്ങള്‍ക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കി, നിങ്ങള്‍ കേക്കണ്ടാന്നെ… 'കണ്ണ് പോയതല്ല, കറന്റ് പോയതാണ്' എന്ന് എല്ലാ ഭഗീരഥന്‍ പിള്ളമാരോടും പറയാന്‍ ആഗ്രഹിക്കുന്നു.

Other News in this category



4malayalees Recommends