രാധേ ശ്യാമി'ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് പ്രഭാസ് ആരാധകന്‍ ആത്മഹത്യ ചെയ്തു
പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രം 'രാധേ ശ്യാമി'ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. രവി തേജ എന്ന 24കാരനാണ് മരിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ട നെഗറ്റീവ് നിരൂപണങ്ങളും റിപ്പോര്‍ട്ടുകളും കണ്ട ഇയാള്‍ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതില്‍ രവി തേജ നിരാശനായിരുന്നെന്നും സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നതായും സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പ്രഭാസ് ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് രാധേ ശ്യാം. ഏകദേശം 350 കോടി ബജറ്റില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാധാ കൃഷ്ണ കുമാറാണ്. ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് പ്രഭാസിന്റെ നായികയായെത്തിയത്.