ടെലിവിഷനില്‍ വാര്‍ത്ത വന്നപ്പോഴാണ് ഞാന്‍ മരണവിവരം അറിഞ്ഞത്, ആ ദ്രോഹികള്‍ എന്നോട് പറഞ്ഞില്ല, അന്നും ഞാന്‍ പതിവുപോലെ ക്ഷേത്രത്തില്‍ പോയി അവന് വേണ്ടി പ്രാര്‍ത്ഥിച്ചു ; അനുഭവം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി

ടെലിവിഷനില്‍ വാര്‍ത്ത വന്നപ്പോഴാണ് ഞാന്‍ മരണവിവരം അറിഞ്ഞത്, ആ ദ്രോഹികള്‍ എന്നോട് പറഞ്ഞില്ല, അന്നും ഞാന്‍ പതിവുപോലെ ക്ഷേത്രത്തില്‍ പോയി അവന് വേണ്ടി പ്രാര്‍ത്ഥിച്ചു ; അനുഭവം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി
പിറന്നാള്‍ ദിനത്തില്‍ ശ്രീകുമാരന്‍ തമ്പി പങ്കുവെച്ച നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ഞാന്‍ എന്റെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എന്റെ ആരാധകര്‍ മനസിലാക്കണം. എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകന്‍ ആയിരുന്നു' എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രാവിലെ മുതല്‍ തനിക്ക് ആശംസകള്‍ അറിയിക്കുന്നവര്‍ക്കുള്ള വേദന നിറഞ്ഞ മറുപടിയായിരുന്നു അത്. മകന്റെ മരണം ശ്രീകുമാരന്‍ തമ്പിയെ വല്ലാതെ തളര്‍ത്തിയിരുന്നു.

2009 മാര്‍ച്ച് 20 നാണ് ശ്രീകുമാരന്‍ തമ്പിയുടെ മകന്‍ രാജ്കുമാര്‍ തമ്പിയെ സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്തെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മരണം.

മകന്റെ വേര്‍പാടിനെ കുറിച്ച് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത് മകന്‍ മരിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ താനും മരിച്ചെന്നാണ്. 'ലോകത്തില്‍ ഒരു അച്ഛന്റെയും ജീവിതത്തിലുണ്ടാകാത്ത കാര്യമാണ് ഞാന്‍ അനുഭവിച്ചത്. മകന്റെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ടെലിവിഷനില്‍ വാര്‍ത്ത വന്നപ്പോഴാണ് ഞാന്‍ മരണവിവരം അറിഞ്ഞത്. ആ ദ്രോഹികള്‍ എന്നോട് പറഞ്ഞില്ല. അന്നും ഞാന്‍ പതിവുപോലെ ക്ഷേത്രത്തില്‍ പോയി അവന് വേണ്ടി പ്രാര്‍ത്ഥിച്ചു. അവന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്ക് സിനിമ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അന്ന്. അവന് വേണ്ടി ഞാന്‍ പ്രത്യേക വഴിപാട് കഴിപ്പിച്ചു. മകന് വേണ്ടിയാണ് അര്‍ച്ചന നടത്തുന്നതെന്നു ഞാന്‍ പൂജാരിയോടു പറഞ്ഞിരുന്നു. അദ്ദേഹം പ്രസാദം എന്റെ കയ്യിലേക്ക് നല്‍കിയപ്പോള്‍ അത് പെട്ടെന്ന് താഴെ വീണു ചിതറിപ്പോയി. അങ്ങനൊരു അപൂര്‍വ സംഭവം ഉണ്ടായപ്പോള്‍ എനിക്കു വലിയ വിഷമം തോന്നി.'

'വീട്ടിലെത്തി ടെലിവിഷന്‍ തുറന്നപ്പോഴാണ് തെലുങ്കിലെ യുവസംവിധായകന്‍ രാജ് ആദിത്യ അന്തരിച്ചു എന്ന വാര്‍ത്ത കണ്ടത്. അത് ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്. മരണവിവരം വിശ്വസിക്കാനോ അംഗീകരിക്കാനോ സാധിച്ചില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മകന്‍. അവന്‍ പോയതോടെ എല്ലാ ആഘോഷവും നഷ്ടപ്പെട്ടു. എന്റെ ഏറ്റവും വലിയ ആഘോഷം അവസാനിപ്പിച്ച ആ കാലത്തോട് എനിക്ക് സ്‌നേഹവും നന്ദിയുമില്ല. എന്റെ 69ആം വയസിലാണ് അവന്‍ മരിച്ചത്. അന്ന് എന്റെ എല്ലാ സന്തോഷവും ആഘോഷവും അവസാനിച്ചു. പല വിട്ടുവീഴ്ചകളും ചെയ്യാന്‍ ഞാന്‍ തയാറായത് പോലും മോന്റെ വേര്‍പാടിന് ശേഷമാണ്. മരണത്തെക്കുറിച്ച് കൂടുതലായി പഠിക്കാനും തീക്ഷ്ണമായി ചിന്തിക്കാനും തുടങ്ങി. യഥാര്‍ഥത്തില്‍ ഇത് എന്റെ രണ്ടാം ജന്മമാണ്' എന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍.



Other News in this category



4malayalees Recommends