അതിജീവിതയായ നടിക്കൊപ്പം ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആള്‍ക്കൂട്ടത്തില്‍ അതിജീവിത തനിച്ചാണെന്ന് നടി നവ്യ നായര്‍. സമൂഹത്തിലെ അത്തരം അവസ്ഥകള്‍ തരണം ചെയ്തു തിരിച്ചു വരുമ്പോള്‍ അത് സാധാരണക്കാരായ ഇരകള്‍ക്ക് പ്രചോദനമാകുമെന്ന് നവ്യ പറയുന്നു. 'അവള് അതിജീവിച്ച് തിരിച്ചുവന്ന് ഒരു അഭിമുഖം നല്കാന് അഞ്ച് വര്‍ഷമെടുത്തു. നമ്മള് ആരെങ്കിലും ഒരു പോസ്റ്റ് ഇട്ടാല്‍ അതില്‍ ലൈക്ക് ചെയ്യും അല്ലെങ്കില്‍ ഷെയര്‍ ചെയ്യും. അതിനപ്പുറത്തേക്ക് നമ്മള് ഒന്നും അനുഭവിക്കുന്നില്ല. അതിനാല്‍ അവള്‍ക്കൊപ്പം ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്ക് തന്നെയാണ്. നവ്യ പറഞ്ഞു.
ആക്രമണം നേരിട്ടപ്പോള്‍ അതിജീവിതയ്ക്ക് പിന്തുണ നല്കിയവരാണ് ഭൂരിഭാഗം പേരും. ചിലര്‍ മാത്രമാണ് അല്ലാതെ പ്രവര്‍ത്തിച്ചത്. അത്തരക്കാരുടെ പേരില്‍ മുഴുവന്‍ സിനിമ വ്യവസായത്തെ പഴിക്കേണ്ടതില്ലെന്ന് നടി പറയുന്നു. 'അവള്‍ക്ക് ഭൂരിഭാഗം പേരും പിന്തുണ നല്‍കിയിരുന്നു. വളരെ ചുരുക്കം പേര് മാത്രമാണ് അല്ലാതെയിരുന്നത്. അതിപ്പോ എന്ത് സംഭവം ഉണ്ടായാലും 80 ശതമാനം പേര് പിന്തുണച്ചാലും 20 ശതമാനം എതിര്‍ത്ത് വരും. അതിന് നമുക്ക് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. അത് വ്യക്തി അധിഷ്ടിതമാണ്', നടി പറഞ്ഞു.
താനും വിഷയത്തില്‍ നടിയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ തനിയ്ക്ക് അറിയാത്ത വിഷയങ്ങളില്‍ പ്രതികരണം രേഖപ്പെടുത്തിയില്ല എന്നും നവ്യ പറയുന്നു. 'ഞാനും പിന്തുണയ്ക്കുന്ന വ്യക്തിയാണ്. ഞാന്‍ ഒരിക്കലും ഡിപ്ലോമാറ്റിക്ക് ആയി നിന്നിട്ടില്ല. എന്നാല്‍ അറിയാന്‍ പാടില്ലാത്ത വിഷയങ്ങളില്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല', നവ്യ കൂട്ടിച്ചേര്‍ത്തു.