സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ വിലക്ക് നീങ്ങിയില്ല

സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ വിലക്ക് നീങ്ങിയില്ല
സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പനെ' വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പകര്‍പ്പാവകാശ ലംഘനം കാട്ടി എന്നാരോപിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം നല്‍കിയ പരാതിയിന്മേലായിരുന്നു സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ഒറ്റക്കൊമ്പന്റെ അണിയറപ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചത്.ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്ത കേസില്‍ ഇടപെടേണ്ടതില്ല എന്ന് സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. വിചാരണ നടപടികള്‍ വേഗത്തിലാക്കുവാനും ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുവാനും കോടതി ആവശ്യപ്പെട്ടു.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന സിനിമയുടെ കഥാ പശ്ചാത്തലവും കഥാപാത്രത്തിന്റെ പേരും ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാണ ജോലികള്‍ക്ക് ജില്ലാ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിധിയെ 2021 ഏപ്രിലില്‍ ഹൈക്കോടതി ശരിവെച്ചിരുന്നു.അതേസമയം പൃഥ്വിരാജ് ചിത്രം 'കടുവ' റിലീസിന് ഒരുങ്ങുകയാണ്.

Other News in this category



4malayalees Recommends