എന്‍എച്ച്എസ് നഴ്‌സിംഗ് ശേഖരത്തിലേക്ക് വന്‍തോതില്‍ നഴ്‌സുമാരെ സംഭാവന ചെയ്ത് ഇന്ത്യ; 2021-22 വര്‍ഷത്തില്‍ യുകെയില്‍ ജോലി ചെയ്യാന്‍ യോഗ്യത നേടിയത് 37,815 ഇന്ത്യന്‍ നഴ്‌സുമാര്‍; ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണമേറി

എന്‍എച്ച്എസ് നഴ്‌സിംഗ് ശേഖരത്തിലേക്ക് വന്‍തോതില്‍ നഴ്‌സുമാരെ സംഭാവന ചെയ്ത് ഇന്ത്യ; 2021-22 വര്‍ഷത്തില്‍ യുകെയില്‍ ജോലി ചെയ്യാന്‍ യോഗ്യത നേടിയത് 37,815 ഇന്ത്യന്‍ നഴ്‌സുമാര്‍; ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണമേറി

യുകെയുടെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലേക്ക് എത്തിച്ചേരുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ എണ്ണം കുതിച്ചുയര്‍ന്നു. നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ 2021-22 വര്‍ഷത്തെ ഔദ്യോഗിക ഡാറ്റ പുറത്തുവിട്ടപ്പോഴാണ് ഇന്ത്യന്‍ നഴ്‌സുമാര്‍ എന്‍എച്ച്എസില്‍ ചേക്കേറുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യക്കാരായത്.


37,815 ഇന്ത്യന്‍ നഴ്‌സുമാരാണ് യുകെയില്‍ ജോലി ചെയ്യാന്‍ യോഗ്യത നേടി കൗണ്‍സിലിന്റെ രജിസ്റ്ററില്‍ ഇടംപിടിച്ചത്. മുന്‍വര്‍ഷം ഇത് 28,192 ആയിരുന്നു. നാല് വര്‍ഷം മുന്‍പ് 17,730 എന്ന നിലയില്‍ നിന്നാണ് ഈ കുതിപ്പ്. ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ ഇപ്പോഴും രജിസ്റ്ററില്‍ പ്രവേശിക്കുന്നത് ഫിലിപ്പൈന്‍സില്‍ നിന്നാണ്, 41,090.

7256 നഴ്‌സുമാര്‍ നൈജീരിയില്‍ നിന്നും എന്‍എച്ച്എസിലെത്തി. 'നമ്മുടെ രജിസ്റ്റര്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. രണ്ട് വര്‍ഷത്തെ സമ്മര്‍ദം വെച്ച് നോക്കിയാല്‍ ഇത് നല്ല വാര്‍ത്തയാണ്. എന്നാല്‍ ചില മുന്നറിയിപ്പിന്റെ സൂചനകളും ഇതിലുണ്ട്', എന്‍എംസി ചീഫ് എക്‌സിക്യൂട്ടീവും, രജിസ്ട്രാറുമായ ആന്‍ഡ്രിയ സട്ക്ലിഫ് പറഞ്ഞു.

'രജിസ്റ്ററില്‍ നിന്നും പുറത്ത് പോകുന്ന ആളുകളുടെ എണ്ണവും ഏറുകയാണ്. മുന്‍പത്തെ നാല് വര്‍ഷങ്ങളില്‍ കൃത്യമായി വളര്‍ച്ച നേടിയ ശേഷമാണിത്. മഹാമാരി കാലത്ത് നേരിടേണ്ടി വന്ന സമ്മര്‍ദത്തിന്റെ കഥകള്‍ ജോലി ഉപേക്ഷിച്ചവര്‍ക്ക് പറയാനുള്ളത്. നിലവിലുള്ളവരെ പിടിച്ചുനിര്‍ത്താനും, പുതിയ റിക്രൂട്ട്‌മെന്റ് നടത്താനും കഴിഞ്ഞാലാണ് ഹെല്‍ത്ത്, കെയര്‍ സര്‍വ്വീസുകള്‍ക്കുള്ള ആവശ്യത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയൂ', അവര്‍ കൂട്ടിച്ചേര്‍ത്തു.


ഹെല്‍ത്ത് സര്‍വ്വീസ് മേഖലയിലെ നഴ്‌സിംഗ് ക്ഷാമം ഒരുപരിധി വരെ നേരിടാന്‍ കഴിയുന്നുണ്ടെന്ന് കണക്ക് വ്യക്തമാക്കുന്നു. എന്നാല്‍ പുതുതായി ചേര്‍ന്ന പകുതിയോളം പേരും വിദേശത്ത് നിന്നുള്ളവരാണെന്ന് എന്‍എംസി കണ്ടെത്തി. ഇതില്‍ 66 ശതമാനവും ഇന്ത്യയിലും, ഫിലിപ്പൈന്‍സിലും പരിശീലനം നേടിയവരാണ്.


അന്താരാഷ്ട്ര പരിശീലനം നേടിയവര്‍ രാജ്യത്തിന്റെ ആരോഗ്യത്തിന് മികച്ച സംഭാവന നല്‍കുന്നുണ്ടെങ്കിലും ഇതിനെ കൂടുതലായി ആശ്രയിക്കുന്നതും ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണെന്ന് സട്ക്ലിഫ് മുന്നറിയിപ്പ് നല്‍കി. ഇപ്പോഴും ആയിരക്കണക്കിന് നഴ്‌സിംഗ് വേക്കന്‍സികള്‍ എന്‍എച്ച്എസില്‍ നിലവിലുണ്ട്.


Other News in this category



4malayalees Recommends