ക്ലിഫ് ഹൗസിലെ ചര്‍ച്ചയില്‍ എംഎ യൂസഫലിയെ പുറത്തു നിര്‍ത്തി,വീണാ വിജയന് ദുബായിയില്‍ ഐ ടി ഹബ്ബ് തുടങ്ങുന്നതിന് ഷാര്‍ജാ ഭരണാധികാരിയോട് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചുവെന്ന് സ്വപ്ന

ക്ലിഫ് ഹൗസിലെ ചര്‍ച്ചയില്‍ എംഎ യൂസഫലിയെ പുറത്തു നിര്‍ത്തി,വീണാ വിജയന് ദുബായിയില്‍ ഐ ടി ഹബ്ബ് തുടങ്ങുന്നതിന് ഷാര്‍ജാ ഭരണാധികാരിയോട് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചുവെന്ന് സ്വപ്ന
സ്വപ്ന സുരേഷ് 164 പ്രകാരം രഹസ്യമൊഴി നല്‍കുന്നതിന് മുമ്പ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ മുഖ്യമന്ത്രിക്കും കുടംബത്തിനുമെതിരെ ചൊരിഞ്ഞത് ഗുരുതരമായ ആരോപണങ്ങള്‍. മകള്‍ വീണാ വിജയന് ദുബായിയില്‍ ഐ ടി ഹബ്ബ് തുടങ്ങുന്നതിന് ഷാര്‍ജാ ഭരണാധികാരിയോട് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചുവെന്നാണ് സ്വപ്ന ആരോപിക്കുന്നത്.

ഷാര്‍ജാ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഭാര്യ ഷെയ്ഖാ ജവാഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയും തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും അവര്‍ക്ക് താമസം ഒരുക്കിയിരുന്ന കോവളം ലീലാ ഹോട്ടലിലേക്ക് ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യയെ കാറില്‍ അനുഗമിച്ചത് കമലാ വിജയന്‍ ആയിരുന്നു. ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ തന്നെ കമലാ വിജയന്‍ മകളുടെ ബിസിനസ്‌കാര്യം മുന്നോട്ടു വെച്ചത് ഷെയ്ഖാ ജവാഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയെ പ്രകോപിപ്പിച്ചു. അവര്‍ ക്ലിഫ് ഹൗസിലെ വിരുന്നില്‍ പങ്കെടുക്കുന്നില്ല എന്ന് ഇതേ തുടര്‍ന്ന് അറിയിച്ചതായി സ്വപ്ന ആരോപിക്കുന്നു. വീണയ്ക്ക് ഐ ടി ഹബ്ബ് തുടങ്ങുന്നതിന് പകരമായി വന്‍തോതില്‍ സ്വര്‍ണവും ഡയമണ്ടും ഉപഹാരമായി നല്‍കാന്‍ കമലാ വിജയന്‍ ഒരുങ്ങിയതായും സ്വപ്ന ആക്ഷേപിക്കുന്നു . എന്നാല്‍ അത് സ്വീകരിക്കില്ല എന്ന് അവര്‍ അറിയിച്ചതിനാല്‍ ഇതില്‍ നിന്ന് പിന്മാറിയത്രേ.

2017 സെപ്റ്റംബര്‍ 26ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഷാര്‍ജാ ഭരണാധികാരിക്ക് വിരുന്നൊരുക്കിയിരുന്നു. വ്യവസായി എം എ യൂസഫലി അടക്കമുള്ളവര്‍ വിരുന്നിന് ഉണ്ടായിരുന്നു. എന്നാല്‍ യൂസഫലിയെ പുറത്ത് നിര്‍ത്തിയാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതെന്നും സ്വപ്ന സത്യാവാങ്ങ്മൂലത്തില്‍ പറയുന്നു .

കേരളത്തില്‍ നിക്ഷേപിക്കാനുള്ള അവസരം നല്‍കാം, പകരം, വീണാ വിജയന് ഷാര്‍ജയിലെ ഐ ടി മേഖലയില്‍ അവസരം നല്‍കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്രെ . ഈ യോഗത്തില്‍ മുഖ്യമന്ത്രിയേയും ഷാര്‍ജാ ഭരണാധികാരിയെയും കൂടാതെ ഭാര്യ കമല, മകള്‍ വീണാ വിജയന്‍, നളിനി നെറ്റോ, എം ശിവശങ്കര്‍, സി എം രവീന്ദ്രന്‍ എന്നിവരാണ് പങ്കെടുത്തതെന്നും സ്വപ്ന സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

യോഗത്തിന് ശേഷം മുഖ്യമന്ത്രി ആവശ്യപ്പെട്ട ബിസിനസ് പ്രൊപ്പോസല്‍ ഏകോപിപ്പിക്കാന്‍ കോണ്‍സുല്‍ ജനറലിനെ തന്നെ ചുമതലപ്പെടുത്തി. പിന്നീട് ശിവശങ്കര്‍ ഷാര്‍ജാ ഐ ടി മന്ത്രി ഷെയ്ഖ് ഫാഹിമുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന്, ഷെയ്ഖ് ഫാഹിമിന് കാര്യമായി ഒന്നും ചെയ്യാനായില്ല എന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ പറയുന്നു .




Other News in this category



4malayalees Recommends