ജീവിതച്ചെലവ് ഇങ്ങനെ കുതിച്ചാല്‍ ആരും തോല്‍പ്പിക്കും! ഉപതെരഞ്ഞെടുപ്പിലെ ഇരട്ട തോല്‍വിയെ ന്യായീകരിച്ച് ബോറിസ്; തന്നെ പുറത്താക്കാനുള്ള പദ്ധതിയ്ക്ക് ചെവികൊടുക്കാതെ പണിയുമായി മുന്നോട്ട് തന്നെയെന്ന് പ്രധാനമന്ത്രി; ലേബര്‍-ലിബറല്‍ ഡെമോ. സഹകരണം?

ജീവിതച്ചെലവ് ഇങ്ങനെ കുതിച്ചാല്‍ ആരും തോല്‍പ്പിക്കും! ഉപതെരഞ്ഞെടുപ്പിലെ ഇരട്ട തോല്‍വിയെ ന്യായീകരിച്ച് ബോറിസ്; തന്നെ പുറത്താക്കാനുള്ള പദ്ധതിയ്ക്ക് ചെവികൊടുക്കാതെ പണിയുമായി മുന്നോട്ട് തന്നെയെന്ന് പ്രധാനമന്ത്രി; ലേബര്‍-ലിബറല്‍ ഡെമോ. സഹകരണം?

വെസ്റ്റ് യോര്‍ക്ക്ഷയറിലും, ഡിവോണിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ടോറി പാര്‍ട്ടിയെ തോല്‍പ്പിച്ചത് വര്‍ദ്ധിച്ച ജീവിതച്ചെലവുകളാണെന്ന് ബോറിസ് ജോണ്‍സണ്‍. തെരഞ്ഞെടുപ്പ് ഫലം മികച്ചതല്ലെന്നും പ്രധാനമന്ത്രി സമ്മതിച്ചു. ടിവേര്‍ടണിലും, വേക്ക്ഫീല്‍ഡിലും തോല്‍വി ഏറ്റുവാങ്ങിയതോടെ കേള്‍ക്കുകയും, പഠിക്കുകയും ചെയ്യുമെന്ന് റുവാന്‍ഡയിലെ കോമണ്‍വെല്‍ത്ത് സമ്മിറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബോറിസ് കൂട്ടിച്ചേര്‍ത്തു.


ഇരട്ട തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ചെയര്‍ ഒലിവര്‍ ഡൗഡെന്‍ രാജിവെച്ചിരുന്നു. വോട്ടര്‍മാര്‍ കൃത്യമായ സന്ദേശമാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ഉയരുന്ന പണപ്പെരുപ്പം മൂലം അവര്‍ നേരിടുന്ന സാഹചര്യങ്ങളാണ് ഇതിന് കാരണം. താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വലിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബോറിസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാജിവെയ്ക്കുമോയെന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

ഇനിയും പതിവ് പരിപാടിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് രാജിക്കത്തില്‍ ഡൗഡെന്‍ വ്യക്തമാക്കിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോടാണ് തന്റെ വിശ്വാസ്യതയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ബോറിസിനെ ഇനി ഡൗഡെന്‍ പിന്തുണയ്ക്കുമോയെന്ന സംശയങ്ങള്‍ ബലപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന ക്യാബിനറ്റ് അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയിരിക്കുകയാണ്. നയങ്ങളിലാണ് പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് വ്യക്തമാക്കി.

വേക്ക്ഫീല്‍ഡിലെ ഫലങ്ങള്‍ പുതിയ ലേബര്‍ ഗവണ്‍മെന്റിന്റെ ജന്മസ്ഥലമാകുമെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ടോറികളുടെ പൊട്ടിത്തെറിയിലേക്ക് ഫലങ്ങള്‍ വഴിയൊരുക്കുമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലും ലേബര്‍ പാര്‍ട്ടിയും, ലിബറല്‍ ഡെമോക്രാറ്റുകളും ഒത്തുകളിച്ചുവെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. ടോറികളെ ഒതുക്കാന്‍ ഇരുവരും രഹസ്യമായി സഹകരിക്കുന്നുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വിമര്‍ശിച്ചു.

Other News in this category



4malayalees Recommends