അങ്ങനെ നിര്‍മ്മാതാവിനു തോന്നുകയാണെങ്കില്‍ ആ നടനെ ഒഴിവാക്കിയേക്കണം; പ്രതിഫല വിഷയത്തില്‍ പൃഥ്വിരാജ്

അങ്ങനെ നിര്‍മ്മാതാവിനു തോന്നുകയാണെങ്കില്‍ ആ നടനെ ഒഴിവാക്കിയേക്കണം; പ്രതിഫല വിഷയത്തില്‍ പൃഥ്വിരാജ്
താരങ്ങള്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തുന്നത് മലയാള സിനിമയ്ക്ക് വലിയ ബാദ്ധ്യത സൃഷ്ടിക്കുന്നുവെന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ പൃഥ്വിരാജ്. ഒരു നടന്റെ താരമൂല്യമാണ് അയാളുടെ പ്രതിഫലം തീരുമാനിക്കുന്നതെന്ന് പൃഥ്വിരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

നടന്റെ വാക്കുകള്‍

'ഈ സിനിമയ്ക്ക് എനിക്കു പ്രതിഫലം കിട്ടിയിട്ടില്ല. ഇതു പുതിയ ആവശ്യമല്ല. ഇടയ്ക്കിടെ ഈ ആവശ്യം ഉയര്‍ന്നു വരാറുണ്ട്. പക്ഷേ, ഒരു താരത്തിന്റെ ശമ്പളം എത്രയാണ് എന്നുള്ളത് ആ നടന്റെയോ നടിയുടെയോ തീരുമാനമാണ്. ആ നടനെയോ നടിയെയോ വച്ച് സിനിമയെടുക്കണമോയെന്ന തീരുമാനം നിര്‍മാതാവിന്റേതുമാണ്.

ഇന്ന നടന്‍ ചോദിക്കുന്ന ശമ്പളം ഞാന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയ്ക്കു താങ്ങുന്നതല്ല എന്നു നിര്‍മാതാവിനു തോന്നുകയാണെങ്കില്‍ ആ നടനെ ഒഴിവാക്കുകയെന്നതാണ് നിര്‍മാതാവിന് ചെയ്യാവുന്ന ആദ്യത്തെ പടി.

പ്രധാന താരങ്ങളുടെ ശമ്പളം വലിയ നിക്ഷേപമാണ്. അതുകൊണ്ട് പങ്കാളിയായിരിക്കുന്നതാണ് എപ്പോഴും നല്ലത് എന്നു തോന്നിയിട്ടുണ്ട്. അതായത്, സിനിമ പരാജയപ്പെട്ടാല്‍ കുറച്ചു പ്രതിഫലമേ കിട്ടുകയുള്ളൂ, അതേസമയം വിജയിച്ചാല്‍ കൂടുതല്‍ പ്രതിഫലം കിട്ടും എന്ന നിലയില്‍ സിനിമയുടെ പങ്കാളിയായിരിക്കുന്നതാണ് നല്ലത്. ഞാന്‍ പരമാവധി സിനിമകള്‍ അങ്ങനെ ചെയ്യാനാണ് ശ്രമിക്കുന്നത്. അടുത്ത സിനിമയായ 'കാപ്പ'യില്‍ അങ്ങനെ ചെയ്യാന്‍ നിര്‍മാതാവായ ജിനു സമ്മതിച്ചില്ല.

ഞാന്‍ സാധാരണ നിര്‍മാതാവിനോടു പറയാറുള്ളത്, ലാഭത്തിന്റെ നിശ്ചിത ശതമാനം എന്നതാണ്. അതുകൊണ്ടുള്ള ഗുണം സിനിമ നിര്‍മിക്കുമ്പോള്‍ നമ്മുടെ ശമ്പളം പൂര്‍ണമായി തരികയെന്ന ബാധ്യത നിര്‍മാതാവിന് ഉണ്ടാകില്ല എന്നതാണ്. സിനിമ നല്ല രീതിയില്‍ ഓടിയാല്‍ അതില്‍ നിന്നുള്ള ലാഭത്തില്‍ നിന്നാണ് ശമ്പളം ലഭിക്കുക. സിനിമ വിജയമായാലേ നല്ല ശമ്പളം കിട്ടുകയുള്ളൂ എന്ന തോന്നല്‍ അഭിനേതാക്കള്‍ക്കും ഉണ്ടാകും.



Other News in this category



4malayalees Recommends