വേറിട്ട വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്ത നടിയാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ കരിയറിന്റെ ആരംഭകാലത്തിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.
അക്കാലത്ത് താന്‍ കോമേഴ്സ്യല്‍ സിനിമയുടെ ഒരു അവിഭാജ്യ ഘടകമേ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. ചിലപ്പോഴൊക്കെ സിനിമയില്‍ നിന്ന് പിന്തിരിഞ്ഞ് നടന്നാലോ എന്ന് ചിന്തിക്കുന്ന കാലവുമുണ്ടായിട്ടുണ്ടെന്നും സുരഭി പറഞ്ഞു.
സുരഭിയുടെ വാക്കുകള്‍
ഞാന്‍ കൊമേഴ്സ്യല്‍ സിനിമയുടെ അവിഭാജ്യഘടകമേ ആയിരുന്നില്ല. നായികയോ, സഹനടിയോ അല്ലായിരുന്നു. രണ്ടോ മൂന്നോ ദിവസം വന്ന് അഭിനയിച്ചു പോയിരുന്നതാണ്. ചിലപ്പോഴെങ്കിലും പിന്തിരിഞ്ഞു നടന്നാലോ എന്നു ചിന്തിക്കുന്ന കാലമുണ്ടായിരുന്നു. അത്തരം ചിന്തകളെ മാറ്റിയെടുക്കാന്‍ പുരസ്കാരങ്ങള്‍ സഹായിച്ചിട്ടുണ്ട്.
അവാര്‍ഡിനു ശേഷവും മലയാളത്തിലെ പ്രധാന സംവിധായകര്‍ സിനിമയില്‍ നല്ലൊരു വേഷമുണ്ട് എന്നു പറഞ്ഞു വിളിച്ചിട്ടൊന്നുമില്ല. നല്ല വേഷങ്ങള്‍ ചെയ്യണമെന്നേയുള്ളു. അതില്‍ ഇമേജ് നോട്ടമില്ല. ചെറിയൊരു ഗ്രാമത്തില്‍നിന്ന്, സിനിമയുടെ ഒരു പശ്ചാത്തലവുമില്ലാതെ വന്നതാണ് ഞാന്‍. കലോത്സവം, നാടകം, ടിവി സീരിയല്‍, ഒന്നു മുഖം കാണിച്ചുപോകുന്ന സിനിമാവേഷങ്ങള്‍, കുറച്ചുകൂടി നല്ല വേഷങ്ങള്‍… അങ്ങനെയാണ് എന്റെ സിനിമാജീവിതം.