എയര്‍ അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവം ; ഡിജിസിഎ അന്വേഷണം നടത്തും

എയര്‍ അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവം ; ഡിജിസിഎ അന്വേഷണം നടത്തും
കൊച്ചി വിമാനത്താവളത്തില്‍ എയര്‍ അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവത്തില്‍ ഡിജിസിഎ അന്വേഷണം നടത്തും. ഹൈഡ്രോളിക് സംവിധാനം തകരാറിലായത് കൊണ്ട് അടിയന്തര ലാന്‍ഡിംഗ് വേണ്ടി വന്നു എന്നാണ് എയര്‍ അറേബ്യ വ്യക്തമാക്കിയിരിക്കുന്നത്. 229 പേരുമായി യാത്ര ചെയ്ത വിമാനം യന്ത്രതകരാര്‍ ഉണ്ടായിട്ടും അത്ഭുതകരമായാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഇപ്പോള്‍ വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ ഇതുവരെയും വിമാനത്താവള അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടയുടന്‍ എയര്‍ അറേബ്യാ വിമാനം കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും അരമണിക്കൂര്‍ സമയം മുള്‍മുനയില്‍ നിര്‍ത്തിയാണ് വിമാനം റണ്‍വേയില്‍ ഇറക്കിയത്. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട എയര്‍ അറേബ്യ G9426 വിമാനത്തിലാണ് യന്ത്രതകരാര്‍ സംഭവിച്ചത്. നെടുമ്പാശേരിയില്‍ രാത്രി 7.13ന് നിശ്ചയിച്ച സ്വാഭാവിക ലാന്‍ഡിംഗിനായി ശ്രമിക്കുമ്പോഴാണ് ഹൈഡ്രോളിക്ക് സംവിധാനം തകരാറിലായതായി പൈലറ്റ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്താവളത്തില്‍ വിവരം അറിയിച്ച് അടിയന്തര ലാന്‍ഡിംഗ് തീരുമാനിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ 7.29 ഓടെ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.

യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം എയര്‍ അറേബ്യ വിമാനം റണ്‍വേയില്‍ നിന്നും പാര്‍ക്കിംഗിലേക്ക് വലിച്ച് നീക്കി. ഈ സമയം രണ്ട് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കാന്‍ കഴിഞ്ഞില്ല. ഹൈദരാബാദില്‍ നിന്നുള്ള ഗോ ഫസ്റ്റ് വിമാനം കണ്ണൂരിലേക്കും എയര്‍ അറേബ്യയുടെ അബുദാബിയില്‍ നിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചു വിട്ടു. രാത്രി എട്ടെകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ ആയതായി അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends