മന്ത്രിയുടെ മിന്നല്‍ പരിശോധന; ഹാജര്‍ ബുക്കില്‍ 17 ഡോക്ടര്‍മാര്‍, ഒപിയിലുള്ളത് 2 പേരും, മറുപടിയില്ലാത്ത സൂപ്രണ്ടിന് സ്ഥലംമാറ്റം

മന്ത്രിയുടെ മിന്നല്‍ പരിശോധന; ഹാജര്‍ ബുക്കില്‍ 17 ഡോക്ടര്‍മാര്‍, ഒപിയിലുള്ളത് 2 പേരും, മറുപടിയില്ലാത്ത സൂപ്രണ്ടിന് സ്ഥലംമാറ്റം
താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെ മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തി. അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ തെറിച്ചത് ആശുപത്രി സൂപ്രണ്ടും. ആശുപത്രിയിലെ വീഴ്ചകള്‍ ബോധ്യപ്പെട്ടതോടെയാണ് സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റിയത്.

മതിയായ സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടര്‍മാരുടെ സേവനമില്ല, മരുന്നില്ല തുടങ്ങിയ പരാതികള്‍ രോഗികള്‍ നേരിട്ട് മന്ത്രിയോട് ചോദിച്ചറിയുകയും, ഇതില്‍ വിശദീകരണം നല്‍കാന്‍ സൂപ്രണ്ടിന് കഴിയാതെയും വന്നതോടെയാണ് ഉടനടി നടപടി സ്വീകരിച്ചത്. ഒ.പി. വിഭാഗത്തിലാണ് മന്ത്രി ആദ്യമെത്തിയത്. അവിടെ ആകെ രണ്ട് ഡോക്ടര്‍മാരേ ഉണ്ടായിരുന്നുള്ളൂ. മന്ത്രി ഹാജര്‍ ബുക്ക് പരിശോധിച്ചു. ആകെ 17 ഡോക്ടര്‍മാരാണിവിടെയുള്ളത്.

ഹാജര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ ഇവരെ കാണാത്തതിനെക്കുറിച്ച് സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചെങ്കിലും അതിനും സൂപ്രണ്ടിന് മറുപടിയുണ്ടായിരുന്നില്ല. ഇതോടൊപ്പം ബ്ലഡ് ബാങ്ക് തുറക്കാത്തതിലുള്ള അമര്‍ഷവും മന്ത്രി രേഖപ്പെടുത്തി. മന്ത്രിയുടെ സന്ദര്‍ശന വിവരമറിഞ്ഞ് ജനപ്രതിനിധികളും എത്തി.

ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ചേര്‍ന്ന് അപാകതകള്‍ ചര്‍ച്ചചെയ്യാറുണ്ടെങ്കിലും പരിഹാരം കാണാറില്ലെന്ന് ജനപ്രതിനിധികളും പറഞ്ഞു. പരാതികള്‍ കേട്ട് സൂപ്രണ്ടിനോട് മന്ത്രി ക്ഷുഭിതയായി. ഗ്യാസിനുള്ള മരുന്നുപോലും ഫാര്‍മസിയില്‍നിന്നും രോഗികള്‍ക്ക് നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നു. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്‍കിയ കുറിപ്പടിയുടെ ഫോട്ടോ മന്ത്രി ഫോണിലേയ്ക്ക് നേരിട്ട് പകര്‍ത്തി. ഫാര്‍മസി വിഭാഗത്തിലെ മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം കൈമാറി.

കൂടാതെ, രാത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കാതെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ചെയ്യുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു.

Other News in this category



4malayalees Recommends