ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത്; അനുമതി നല്‍കിയത് ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച്

ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത്; അനുമതി നല്‍കിയത് ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച്
സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നിതിന് ഇടയില്‍ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തി. ചൈനയുടെ യുവാന്‍ വാങ്5 എന്ന ചാരക്കപ്പലാണ് ഹംബന്‍തോട്ട തുറമുത്ത് നങ്കൂരമിട്ടിരിക്കുന്നത്. ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരീക്ഷിക്കാന്‍ കഴിവുള്ള ചൈനീസ് കപ്പലാണ് ഇന്ന് രാവിലെ ശ്രീലങ്കന്‍ തുറമുഖത്തെത്തിയത്.

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചാണ് ചൈനീസ് കപ്പലിന് ശ്രീലങ്ക അനുമതി നല്‍കിയത്. എന്നാല്‍ ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതിനാലാണ് കപ്പലിന് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോയതെന്നുമാണ് ശ്രീലങ്കയിലെ അധികൃതര്‍ വിശദീകരിക്കുന്നത്.

ചൈനീസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണ് ഹംബന്‍തോട്ട തുറമുഖം. ഇവിടെ ഈ മാസം 22 വരെ കപ്പല്‍ നങ്കൂരമിടാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ശ്രീലങ്കന്‍ തുറമുഖത്ത് യുവാന്‍ വാങ് 5ന് അനുമതി നല്‍കുന്നതില്‍ അമേരിക്കയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതില്‍ നിരവധി തവണ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സുരക്ഷാസാമ്പത്തിക താത്പര്യങ്ങള്‍ പരിഗണിച്ച് കപ്പലിന്റെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

Other News in this category



4malayalees Recommends