പുതുവര്‍ഷത്തില്‍ കൂടുതല്‍ നികുതി വെട്ടിക്കുറയ്ക്കാന്‍ ലിസ് ട്രസ്; ഇന്‍കം ടാക്‌സിലും, സേവിംഗ്‌സിലും, ചൈല്‍ഡ് ബെനഫിറ്റിലും പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി; ചാന്‍സലറുടെ മിനി-ബജറ്റ് വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നു

പുതുവര്‍ഷത്തില്‍ കൂടുതല്‍ നികുതി വെട്ടിക്കുറയ്ക്കാന്‍ ലിസ് ട്രസ്; ഇന്‍കം ടാക്‌സിലും, സേവിംഗ്‌സിലും, ചൈല്‍ഡ് ബെനഫിറ്റിലും പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി; ചാന്‍സലറുടെ മിനി-ബജറ്റ് വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നു

രാജ്യത്ത് കൂടുതല്‍ നികുതി വെട്ടിക്കുറവുകള്‍ വരുത്താന്‍ ലക്ഷ്യമിട്ട് പുതിയ പ്രധാനമന്ത്രി. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് അവതരിപ്പിച്ച മിനി ബജറ്റ് വിപണിയില്‍ ആശങ്ക പരത്തുകയും, വിമര്‍ശകരെ ഉണര്‍ത്തുകയും ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ ഖേദമില്ലെന്ന നിലപാടിലാണ് ലിസ് ട്രസ്.


ഇന്‍കംടാക്‌സ്, പെന്‍ഷന്‍ പോട്ട്, ചൈല്‍ഡ് ബെനഫിറ്റ് എന്നിവയില്‍ പരിഷ്‌കാരങ്ങള്‍ തയ്യാറാക്കുകയാണ് ട്രഷറി ഉദ്യോഗസ്ഥരെന്നാണ് റിപ്പോര്‍ട്ട്. എമര്‍ജന്‍സി ബജറ്റിലെ നികുതി വെട്ടിക്കുറവുകള്‍ ഉയര്‍ന്ന വരുമാനക്കാരെ സഹായിക്കുന്നതാണെന്ന ആരോപണത്തെ ലിസ് ട്രസ് പ്രതിരോധിക്കുകയാണ്. കുറഞ്ഞ നികുതിയും, അവസരങ്ങള്‍ നിറഞ്ഞതുമായ രാജ്യമാണ് തന്റെ ലക്ഷ്യമെന്നാണ് ട്രസിന്റെ വാദം.

എന്നാല്‍ സ്വന്തം ബാക്ക്‌ബെഞ്ചില്‍ നിന്ന് പോലും ഈ കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോമണ്‍സില്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന 45 പെന്‍സ് നികുതി റേറ്റ് റദ്ദാക്കിയതിന് പുറമെ ഇന്‍കം ടാക്‌സില്‍ 1 പെന്‍സ് കുറവും ക്വാസി ക്വാര്‍ട്ടെംഗ് പ്രഖ്യാപിച്ചിരുന്നു. അര നൂറ്റാണ്ടിനിടെ ഒരു ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തുന്ന ഏറ്റവും വലിയ നികുതി വെട്ടിച്ചുരുക്കലാണ് ഇത്.

ഇതിന് പുറമെയാണ് 2023-ലെ സമ്പൂര്‍ണ്ണ ബജറ്റില്‍ 1.6 മില്ല്യണ്‍ സേവിംഗ്‌സുകാര്‍ക്കും ജീവിതകാലത്തെ ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ വരുന്നത്. വാര്‍ഷിക പെന്‍ഷന്‍ സേവിംഗ് അലവന്‍സുകളിലും മാറ്റങ്ങള്‍ സംഭവിക്കുമെന്ന് സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 100,000 പൗണ്ട് ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ഫുള്‍ ഇന്‍കം ടാക്‌സ് പേഴ്‌സണല്‍ അലവന്‍സിന്റെ ഗുണം ലഭിക്കും. ഇതോടെ പ്രതിവര്‍ഷം 5000 പൗണ്ടായിരിക്കും ടാക്‌സ് ബ്രേക്ക്.

50,000 പൗണ്ട് വരുമാനമുള്ളവരെയും ചൈല്‍ഡ് ബെനഫിറ്റ് നേടുന്നതിന് ചാര്‍ജ്ജ് ചെയ്യില്ലെന്നാണ് കരുതുന്നത്. ഇതുമൂലം ഉയര്‍ന്ന വരുമാനം നേടാന്‍ കുടുംബങ്ങള്‍ തയ്യാറാകാതെ പോകുന്നത് ഒഴിവാക്കാനാണ് ശ്രമം. ഒരു എന്‍എച്ച്എസ് ഡോക്ടറുടെ പെന്‍ഷന്‍ വര്‍ഷത്തില്‍ 40,000 പൗണ്ടിലേറെ വര്‍ദ്ധിച്ചാല്‍ ഇതിന് 45 ശതമാനം വരെ ഒറ്റത്തവണ ടാക്‌സ് അടയ്‌ക്കേണ്ട അവസ്ഥയാണ്. കൂടുതല്‍ കാലം ജോലി ചെയ്ത്, ഉയര്‍ന്ന സാലറി നേടുന്ന ഡോക്ടര്‍മാര്‍ ഇതിന്റെ പേരില്‍ നേരത്തെ വിരമിക്കുന്ന അവസ്ഥ പോലുമുണ്ട്.

Other News in this category



4malayalees Recommends