ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റം വരും; സ്ഥിരീകരിച്ച് പുതിയ ഹോം സെക്രട്ടറി; ബ്രിട്ടനില്‍ കുറഞ്ഞ സ്‌കില്‍ഡ് കുടിയേറ്റക്കാരും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും വന്‍തോതില്‍ എത്തുന്നു; ഇന്ത്യന്‍ വംശജയായ മന്ത്രി ഇന്ത്യക്കാര്‍ക്ക് പാരയാകുമോ?

ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റം വരും; സ്ഥിരീകരിച്ച് പുതിയ ഹോം സെക്രട്ടറി; ബ്രിട്ടനില്‍ കുറഞ്ഞ സ്‌കില്‍ഡ് കുടിയേറ്റക്കാരും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും വന്‍തോതില്‍ എത്തുന്നു; ഇന്ത്യന്‍ വംശജയായ മന്ത്രി ഇന്ത്യക്കാര്‍ക്ക് പാരയാകുമോ?

ബ്രിട്ടനിലെ നെറ്റ് മൈഗ്രേഷന്‍ 2019 തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞത് പോലെ കുറച്ച് നിര്‍ത്താനുള്ള വാഗ്ദാനം നടപ്പാക്കാനാണ് യുകെയുടെ ലിസ് ട്രസ് ഗവണ്‍മെന്റ് നീങ്ങുന്നത്. ഇന്ത്യന്‍ വംശജയായ സുവെല്ലാ ബ്രാവര്‍മാന്‍ ഹോം സെക്രട്ടറിയായി പദവിയേറ്റതോടെ കുടിയേറ്റം നിയന്ത്രണവിധേയമാക്കാന്‍ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിക്കുകയാണ്.


ബ്രിട്ടനിലേക്ക് വന്‍തോതില്‍ ലോ-സ്‌കില്‍ഡ് കുടിയേറ്റക്കാരും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും എത്തിച്ചേരുന്നുണ്ടെന്ന് സുവെല്ലാ ബ്രാവര്‍മാന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തുന്ന ഡിപെന്‍ഡന്റ്‌സ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഹോം സെക്രട്ടറി ആരോപിച്ചു.

'നമ്മുടെ രാജ്യത്ത് അനവധി കുറഞ്ഞ സ്‌കില്‍ഡ് ജോലിക്കാരുണ്ട്. ഉയര്‍ന്ന തോതില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്നതിനാല്‍ ഉയര്‍ന്ന തോതില്‍ ഡിപെന്‍ഡന്റ്‌സും ഇവര്‍ക്ക് പിന്നാലെ രാജ്യത്ത് എത്തുന്നു', ഹോം സെക്രട്ടറി പറയുന്നു.

'ഇത്തരം ആളുകള്‍ പലപ്പോഴും ആവശ്യമുള്ള ജോലി ചെയ്യാന്‍ ഇടയില്ല, ചിലപ്പോള്‍ കുറഞ്ഞ സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടും. ഇവര്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് യാതൊരു സംഭാവനയും നല്‍കുന്നില്ല', സുവെല്ലാ ബ്രാവര്‍മാന്‍ പറഞ്ഞു. യുകെ ഗവണ്‍മെന്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്നും, ഇമിഗ്രേഷന്‍ പോളിസി റിവ്യൂ ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.


യുകെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരം യുകെയുടെ നെറ്റ് മൈഗ്രേഷന്‍ 2021 ജൂണ്‍ അവസാനം 239,000 ആണ്. ബ്രക്‌സിറ്റ് പൂര്‍ത്തിയാക്കിയ ശേഷം യൂറോപ്യന്‍ യൂണിയന്‍ ജോലിക്കാര്‍ക്ക് പകരം ഇയു-ഇതര ജോലിക്കാരാണ് അധികമായി യുകെയിലെത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഇതില്‍ മുന്‍നിരയിലുണ്ട്.

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നീക്കം ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെയും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും സാരമായി ബാധിക്കും. നേരത്തെ രാജ്യം നേരിടുന്ന ലേബര്‍ ക്ഷാമം പരിഹരിക്കാന്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ലിസ് ട്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് ഹോം സെക്രട്ടറി വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends