മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ചു നടന്ന 'ഹരിവരാസനം' നൂറാം വാര്‍ഷികാഘോഷവും, ഹൈന്ദവ മഹാ സമ്മേളനവും സത്സംഗത്തോടെ പര്യവസാനിച്ചു

മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ചു നടന്ന 'ഹരിവരാസനം' നൂറാം വാര്‍ഷികാഘോഷവും, ഹൈന്ദവ മഹാ സമ്മേളനവും സത്സംഗത്തോടെ പര്യവസാനിച്ചു
ന്യൂയോര്‍ക്ക്: സ്വാമി ഉദിത് ചൈതന്യജി മുഖ്യാതിഥിയായി പങ്കെടുത്ത ഹൈന്ദവ മഹാ സമ്മേളനം ഡിസംബര്‍ 17 ശനിയാഴ്ച പകല്‍ രണ്ടുമണി മുതല്‍ നായര്‍ ബനവലന്റ് അസോഷിയേന്റെ ആസ്ഥാനത്ത് സമാരംഭം കുറിച്ചു. എന്‍.ബി.എ. വിമണ്‍സ് ഫോറവും വിവിധ ഹൈന്ദവ സംഘടനകളിലെ അമ്മമാരും ചേര്‍ന്ന് വിമണ്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ രാധാമണി നായരുടെ നേതൃത്വത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും 2 മണി മുതല്‍ 5 മണിവരെ ഭക്തിനിര്‍ഭരമായി നാരായണീയം ആലപിക്കുകയുണ്ടായി. നാരായണീയ ദിനമായ വൃശ്ചികം 28 ഈ മാസം ഡിസംബര്‍ 14 ആയിരുന്നെന്നും ആ ദിവസത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഇന്നത്തെ പാരായണം എന്നും പറഞ്ഞുകൊണ്ടാണ് ജയപ്രകാശ് നായര്‍ പാരായണത്തിന് തുടക്കം കുറിച്ചത്. 436 വര്‍ഷം മുമ്പുള്ള ഒരു വൃശ്ചികം 28 നായിരുന്നു മേല്‍പ്പത്തൂര്‍ നാരായണീയം എഴുതിത്തീര്‍ത്ത് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ചടങ്ങില്‍ സംബന്ധിക്കാനെത്തിച്ചേര്‍ന്ന സ്വാമി ഉദിത് ചൈതന്യജിയെ എന്‍.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ പൂര്‍ണകുംഭം നല്‍കി എതിരേറ്റ് താലപ്പൊലിയോടെയും വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. എന്‍.ബി.എ. ചെയര്‍മാന്‍ രഘുവരന്‍ നായര്‍ സ്വാമിജിക്ക് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ രഘുവരന്‍ നായര്‍ സ്വാമിജിയെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. ന്യൂയോര്‍ക്കിലും പ്രാന്തപ്രദേശത്തും പ്രവര്‍ത്തിക്കുന്ന വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകള്‍ നേര്‍ന്നു.


കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍ ബാഹുലേയന്‍ രാഘവന്‍, ഫെഡറേഷന്‍ ഓഫ് ശ്രീ നാരായണ അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ സഹൃദയന്‍ കെ പണിക്കര്‍, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ്, സ്റ്റാറ്റന്‍ ഐലന്റ് ടെമ്പിള്‍ സൊസൈറ്റിക്കു വേണ്ടി രാംദാസ് കൊച്ചുപറമ്പില്‍, മലയാളി ഹിന്ദു മണ്ഡലത്തിനു വേണ്ടി വൈസ് പ്രസിഡന്റ് ഡോ. ഉണ്ണിക്കൃഷ്ണന്‍ തമ്പി, എന്‍.എസ്.എസ് ഹഡ്‌സണ്‍വാലിക്കുവേണ്ടി പ്രസിഡന്റ് ജി.കെ. നായര്‍, ലോംഗ് ഐലന്റ് ടെമ്പിള്‍ സൊസൈറ്റിക്കു വേണ്ടി സെക്രട്ടറി ശോഭാ കറുവക്കാട്ട്, കെ.എച്.എന്‍.എ. ബോര്‍ഡ് മെമ്പറും എന്‍.ബി.എ. കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ വനജ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


അമേരിക്കയിലെ ഹൈന്ദവ സംഘടനകളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം മാതൃകാപരമാണെന്നും നമ്മുടെ ജന്മനാട്ടില്‍ ചാതുര്‍വര്‍ണ്യത്തിന്റെ തെറ്റായ ഭാഷ്യം നല്‍കി ഹൈന്ദവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നത് മനസ്സിലാക്കി 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ആദര്‍ശത്തില്‍ പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവും ലോകനന്മക്ക് അനിവാര്യവുമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്വാമി ഉദിത് ചൈതന്യജി ഉദ്‌ബോധിപ്പിച്ചു. രണ്ടു മണിക്കൂറോളം സ്വാമിജിയുടെ പ്രഭാഷണം നീണ്ടു.


ഹരിവരാസനത്തിന് നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെയും അയ്യപ്പ ഭജനോത്സവത്തിന്റെയും ഭാഗമായി ന്യൂയോര്‍ക്കിന്റെ അഭിമാനവും അറിയപ്പെടുന്ന ഒരു ഗായികയുമായ അനുഷ്‌ക ബാഹുലേയന്റെ നേതൃത്വത്തില്‍ എല്ലാവരം ചേര്‍ന്ന് ഹരിവരാസനം ആലപിച്ചുകൊണ്ട് ആദ്യ ദിവസത്തെ ചടങ്ങുകള്‍ സമാപിച്ചു.


രണ്ടാം ദിവസമായ 18 ഞായറാഴ്ച 2 മുതല്‍ 5 മണിവരെ നാരായണീയ പാരായണവും തുടര്‍ന്ന് ഏവര്‍ക്കും സര്‍വ്വ ഐശ്വര്യവും ഭവിക്കുന്നതിനു വേണ്ടിയുള്ള ലളിതാനാമ സഹസ്രാര്‍ച്ചനയോടെയുള്ള 'സര്‍വ്വൈശ്വര്യ പൂജ'യും നടന്നു. മനഃസൗഖ്യവും ശാന്തിയും ഐശ്വര്യവും ലഭിക്കുന്ന സര്‍വ്വൈശ്വര്യ പൂജയില്‍ അനവധി ഭക്തര്‍ പങ്കെടുത്ത് സായൂജ്യമടഞ്ഞു.

ഹിമാലയത്തില്‍ നിന്നും ലഭിച്ച അത്യപൂര്‍വ്വവും അതിവിശിഷ്ടവുമായ ചതുര്‍മുഖ രുദ്രാക്ഷം ഏവര്‍ക്കും സ്വാമിജി പ്രസാദമായി നല്‍കി അനുഗ്രഹിച്ചു.


തുടര്‍ന്ന് സുപ്രസിദ്ധ ഗായിക അനിതാ കൃഷ്ണന്‍, ദിവ്യാ ശര്‍മ്മ എന്നിവരുടെ 'ഭക്തിഗാന സുധ' ആഘോഷങ്ങള്‍ക്ക് മിഴിവേകി. എന്‍.ബി.എ. വൈസ് പ്രസിഡന്റ് ശശി പിള്ള ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. രണ്ടു ദിവസവും വൈകിട്ട് പ്രസാദ വിതരണം, സദ്യ എന്നിവയുണ്ടായിരുന്നു. ഇവ സ്തുത്യര്‍ഹമായി ഏകോപിപ്പിച്ചത് ലക്ഷ്മി രാംദാസിന്റെ നേതൃത്വത്തിലുള്ള അമ്മമാരായിരുന്നു. കോവിഡ് കാലത്തിനുശേഷം പുനര്‍നിര്‍മ്മാണം നടത്തിയ എന്‍.ബി.എ. ആസ്ഥാനവും സ്വാമിജി ഉദ്ഘാടനം നടത്തിക്കൊണ്ട് സത്കര്‍മ്മങ്ങള്‍ക്കും സത്സംഗങ്ങള്‍ക്കുമുള്ള ഒരു വേദിയായി മാറട്ടെ എന്നും ആശീര്‍വദിച്ചു. ഈ ആഘോഷം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ഭാരവാഹികളെയും മറ്റു പ്രവര്‍ത്തകരെയും അഭിനന്ദിച്ചു.


എന്‍.ബി.എയുടെ ഈ ആസ്ഥാനം എന്നും സജ്ജനങ്ങള്‍ക്ക് പ്രാപ്യമായിരിക്കും എന്ന് പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ ഹര്‍ഷാരവത്തിനിടക്ക് അറിയിച്ചു.


റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


Other News in this category



4malayalees Recommends