ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട, ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട, ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട. അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പെലെയെ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

വിലാ ബെല്‍മിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്‌കാരം. രാജ്യത്തിന്റെ പ്രിയപുത്രന്റെ മരണത്തെത്തുടര്‍ന്ന് ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ പെലെ, നൂറ്റാണ്ടിന്റെ ഇതാഹാസതാരം എന്നതടക്കം വിവിധ ബഹുമതികളും നേടിയിട്ടുണ്ട്.

ലോകം കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ് പെലെ. തന്റെ ആദ്യ പ്രഫഷനല്‍ ക്ലബ്ബായ സാന്റോസിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിലേക്ക് എത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീല്‍ ജഴ്‌സി അണിയുമ്പോള്‍ പെലെയ്ക്ക് പതിനാറ് വയസ് ആയിരുന്നു പ്രായം. ആദ്യം മത്സരിച്ചത് അര്‍ജന്റീനയ്ക്ക് എതിരെയും.

അര്‍ജന്റീനയോട് അന്ന് ബ്രസീല്‍ 12ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോള്‍ നേടി പെലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. 58ല്‍ തന്റെ പതിനേഴാം വയസ്സില്‍ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്‌ബോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്നു. എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു.

പെലെ നിറഞ്ഞു നില്‍ക്കെ ബ്രസീല്‍ മൂന്ന് തവണ ലോകകപ്പ് ഏറ്റുവാങ്ങി. ആദ്യം 1958ല്‍, പിന്നെ 1962ല്‍, ഒടുവില്‍ 1970ല്‍. എന്നാല്‍ 1962ല്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പെലെ ലോകകപ്പിനിടയില്‍ പിന്‍മാറി. ആകെ നാലു ലോകകപ്പുകളില്‍ പങ്കെടുക്കുകയും പതിനാലു മത്സരങ്ങള്‍ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്.

Other News in this category



4malayalees Recommends