ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 30ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റിഷഭ് പന്ത് ഇപ്പോള്‍ സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
അപകടത്തിനുശേഷം താരം ആദ്യമായി സോഷ്യല്‍മീഡിയയിലൂടെ സ്വന്തം ചിത്രം പങ്കുവെച്ചിരിക്കുകയാണ്. നടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ' ഒരു ചുവട് മുന്നോട്ട്, ശക്തനാകാന്‍ ഒരു ചുവട്, മികച്ചതാവാന്‍ ഒരു ചുവട്' എന്നാണ് ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന തലക്കെട്ട്.
അപകടത്തില്‍ സാരമായി പരിക്കേറ്റ പന്ത് ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു തകരുകയും തീ ഗോളമായി മാരുകയും ചെയ്യുന്നതിന്റെ വീഡിയോ സകലരേയും ഞെട്ടിച്ചിരുന്നു. ഈ അപകടത്തില്‍ നിന്നും റിഷഭ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
മാതാപിതാക്കളുടെ അടുത്തേക്ക് ഡല്‍ഹിയില്‍ നിന്നും കാറോടിച്ച് പോകുന്നതിനിടെയാണ് റിഷഭ് പന്ത് അപകടത്തില്‍പ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്ക് വിധേയനായ പന്ത് നിരവധി ശസ്ത്രക്രിയകളിലൂടെയാണ് ആരോഗ്യം വീണ്ടെടുത്തിരിക്കുന്നത്.