എന്‍എച്ച്എസില്‍ നേത്രപരിചരണം മെച്ചപ്പെടുത്താനും ഐ കെയര്‍ സര്‍വീസുകള്‍ക്കായി ഇംഗ്ലണ്ടിലെ രോഗികളുടെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കാനുമായി ആധുനിക ടെക്നോളജികള്‍ ഉപയോഗിച്ചുള്ള പുതിയ സംവിധാനം നിലവില്‍ വന്നേക്കും. ഇത് സംബന്ധിച്ച ഒരു പുതിയ ക്ലിനിക്കല്‍ ഗൈഡന്‍സ് എന്‍എച്ച്എസ് ഇന്നലെ (മേയ് 28)ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ നീക്കമനുസരിച്ച് രോഗികള്‍ക്ക് കണ്‍സള്‍ട്ടന്റിന്റെ അടുത്തേക്ക് റഫര്‍ ചെയ്യപ്പെടുന്നതിന് മുമ്പ് കൂടുതല്‍ വ്യക്തമായ ഡയഗ്‌നോസ്റ്റിക് ഇമേജിംഗ് ലഭിക്കുമെന്നാണ് പുതിയ ഗൈഡന്‍സ് നിര്‍ദേശിക്കുന്നത്.
നേത്രചികിത്സക്കായുള്ള ഹോസ്പിറ്റല്‍ അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നതിന്റെ ഫലമായുളള ഉത്കണ്ഠകള്‍ കുറയ്ക്കാനും ഓഫ്താല്‍മോളജി സര്‍വീസുകള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാനും അത്യാവശ്യക്കാര്‍ മാത്രം സ്പെഷ്യലിസ്റ്റിനെ കാണുന്ന സാഹചര്യമൊരുക്കി വിലയേറിയ ക്ലിനിക്കല്‍ സമയം ഫലപ്രദമായി ഉപയോഗിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഐ കെയര്‍ സര്‍വീസുകളില്‍ പുതിയ രീതിയിലുള്ള ടെസ്റ്റിംഗ് പ്രാവര്‍ത്തികമാക്കുന്നതിലൂടെ അത്യാവശ്യമല്ലാത്ത റഫറലുകളെ വെട്ടിക്കുറയ്ക്കാനും സാധിക്കും. ഇത് രോഗികളുടെ അനാവശ്യ ബുദ്ധിമുട്ടുകളൊഴിവാക്കുന്നതിന് പുറമെ നികുതിദായകന്റെ പണം വ്യഥാവിലാകുന്നത് കുറയ്ക്കുകയും ചെയ്യും.
സെക്കന്‍ഡറി കെയറില്‍ ഏറ്റവും തിരക്കേറിയ ഔട്ട്പേഷ്യന്റ് സ്പെഷ്യാലിറ്റിയാണ് ഓഫ്താല്‍മോളജി എന്നതിനാലും എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിന്റെ പത്ത് ശതമാനവും ഐ കെയര്‍ സര്‍വീസുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണെന്നതിനാലും പുതിയ പരിഷ്‌കാരം ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഗ്ലൂക്കോമ, കാറ്ററാക്ട് നേത്രരോഗങ്ങളാണെന്ന് സംശയിച്ച് ചികിത്സ തേടിയെത്തുന്നവര്‍ക്കും ചികിത്സ മെച്ചപ്പെടുത്തുന്നതിന് നീക്കമുണ്ട്. ഇവര്‍ക്ക് ഇതിന്റെ ഭാഗമായി കൂടുല്‍ കൃത്യമായ ടെസ്റ്റിംഗ് പ്രദാനം ചെയ്യുന്നതായിരിക്കും. തങ്ങള്‍ക്ക് ഏത് ചികിത്സയാണ് ഏറ്റവും മെച്ചമെന്ന് തീരുമാനിക്കുന്നതിന് രോഗികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും ആലോചനയുണ്ട്.
ഓഫ്താല്‍മോളജി സര്‍വീസസിലെ അനാവശ്യമായ ആയിരക്കണക്കിന് റഫറലുകളെ ഇല്ലാതാക്കി രോഗികളുടെയും എന്‍എച്ച്എസ് ജീവനക്കാരുടെയും വിലപ്പെട്ട സമയം ലാഭിക്കാന്‍ പുതിയ നിര്‍ദേശങ്ങളിലൂടെ സാധിക്കുമെന്നും ഇത് നികുതിപ്പണം വൃഥാവിലാകുന്നത് തടയുമെന്നുമാണ് എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടറായ പ്രഫ. സര്‍ സ്റ്റീഫന്‍ പോവിസ് പ്രതികരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഡിജിറ്റല്‍ ഇമേജിംഗ് ടെക്നോളജി ഉപയോഗിക്കുന്നതിലൂടെ രോഗികള്‍ക്കുള്ള ഐ കെയര്‍ ട്രീറ്റ്മെന്റുകളുടെ വേഗതയും ഗുണനിലവാരവും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് മിനിസ്റ്ററായ നെയില്‍ ഓ ബ്രിയാന്‍ പ്രതികരിച്ചിരിക്കുന്നത്.