ഡാലസ്: അമേരിക്കയിലെ ക്‌നാനായ റീജിയണിലെ റ്റീന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട റ്റീന്‍സ് കോണ്‍ഫ്രണ്‍സ് 'എബയിഡ്' ന് ഡാളസ്സില്‍ വര്‍ണ്ണാഭമായ സമാപനം. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ കോണ്‍ഫ്രണ്‍സ് ഉദ്ഘാടനം ചെയ്തു. ജീവിത വീക്ഷണത്തെ രൂപപ്പെടുത്തി എടുക്കുന്ന റ്റീനേജ് പ്രായത്തില്‍ എബയിഡ് കോണ്‍ഫ്രണ്‍സ് ദൈവം കനിഞ്ഞ അനുഗ്രഹമാണന്നും അതു മനസ്സിലാക്കി തങ്ങളുടെ ജീവിതം സഭയ്ക്കും സമുദായത്തിനും അനുഗ്രഹീതമാക്കി മാറ്റണം എന്നും പിതാവ് തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ആദ്യമായി നടത്തപ്പെടുന്ന ഈ ഒത്തുചേരല്‍ കൂട്ടായ്മയുടെ ഉത്സവമായി തുടരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ചിക്കാഗോ വികാരി ജനറല്‍ തോമസ്സ് മുളവനാല്‍, ഡാളസ് ഇടവക വികാരി ഫാ. അബ്രാഹം കളരിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മൂന്ന് ദിവസങ്ങളില്‍ ആയി ഡാളസ്സിലെ സുന്ദരമായ ക്യാമ്പ് കൊമ്പാസ് സെന്ററില്‍ നടത്തപ്പെട്ട കോണ്‍ഫ്രണ്‍സില്‍ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേര്‍ന്ന വിവിധ പരുപാടികള്‍ ആണ് സംഘാടകര്‍ ക്രമീകരിച്ചത്.
റ്റീന്‍ മിനിസ്ട്രി റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ജോസഫ് തച്ചാറ , ജോസഫ് ഇലക്കൊട്ടിക്കല്‍, ബിന്റോ കുടകശ്ശേരില്‍, റെജിമോന്‍ തൊട്ടിയില്‍, ജിബി തോമസ്സ് വട്ടക്കളം,താര തൊട്ടിയില്‍, ആല്‍ബര്‍ട്ട് പുഴുക്കരോട്ട്, ലിജിമോള്‍ തറയില്‍, റ്റെസ്‌ന വട്ടക്കുന്നേല്‍, ആഷ്‌ലി വില്ലുത്തറ തുടങ്ങിയ കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും എത്തിയ നൂറ് കണക്കിന് കുട്ടികളെ പങ്കെടുപ്പിച്ച് ആദ്യമായി നടത്തപ്പെടുന്ന ഈ സംഗമം വേറിട്ടൊരു അനുഭവമായി മാറി.