അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സനാതനധര്‍മ്മ പ്രഭാഷണം വന്‍ വിജയം

അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സനാതനധര്‍മ്മ പ്രഭാഷണം വന്‍ വിജയം

ന്യൂയോര്‍ക്ക്: സ്വാമി ഉദിത് ചൈതന്യജിയുടെ സനാതനധര്‍മ്മ പ്രഭാഷണം നവംബര്‍ 4, 5 തീയതികളില്‍ 26 നോര്‍ത്ത് ടൈസണ്‍ അവന്യുവിലുള്ള ടൈസണ്‍ സെന്റര്‍ ആഡിറ്റോറിയത്തില്‍ നടന്നു. നാനാജാതി മതസ്ഥരായ അനേകര്‍ പങ്കെടുത്ത സദസ്സിലേക്ക് സ്വാമിജിയെ പൂര്‍ണകുംഭം നല്‍കി അയ്യപ്പ സേവാസംഘം പേട്രനും ട്രഷററുമായ രാജഗോപാല്‍ കുന്നപ്പള്ളി സ്വീകരിച്ചു. സെക്രട്ടറി രഘുവരന്‍ നായര്‍ ചടങ്ങിനെപ്പറ്റി ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സ്വാമിജി, അയ്യപ്പ സേവാസംഘം രക്ഷാധികാരി രാം പോറ്റി, എന്‍.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍, ഡോ. ഉണ്ണിക്കൃഷ്ണന്‍ തമ്പി, അയ്യപ്പസേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. തദവസരത്തില്‍ രാധാമണി നായര്‍ ശ്രുതിമധുരമായി പ്രാര്‍ത്ഥനാഗാനം ആലപിച്ചു. സ്വാമിജി സന്നിഹിരായിരുന്നവരെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിഷ്ണു സഹസ്രനാമ ജപം നടത്തി.



ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് ഭാഗവതത്തിലെ കപിലോപദേശം എന്ന ഭാഗം വിവരിച്ചുകൊണ്ടാണ് സ്വാമിജി പ്രഭാഷണം ആരംഭിച്ചത്. കപില മഹര്‍ഷി തന്റെ മാതാവിന് പ്രായാധിക്യത്താല്‍ മനോവിഷമം നേരിട്ട വേളയില്‍ മാതാവിന് നല്‍കിയ ഉപദേശമായാണ് ഭാഗവതത്തില്‍ പറയുന്നത്. ചെറുപ്പം മുതല്‍ പ്രണശക്തിയെ ഉണര്‍ത്തി മുന്നോട്ടു പോയാല്‍ പ്രായാധിക്യത്തിലും ആരോഗ്യമുള്ള മനസ്സും ശരീരവുമായി ജീവിക്കാന്‍ കഴിയും. കയ്യിലെ അഞ്ചു വിരലുകളില്‍ ചെറുവിരലിനെ ശരീരത്തോടും, മോതിരവിരലിനെ മനസ്സിനോടും, നടുവിരലിനെ ബുദ്ധിയോടും, ചൂണ്ടുവിരലിനെ അഹങ്കാരത്തോടും, തള്ള വിരലിനെ മെന്റല്‍ പവറിനോടും (confidence) താരതമ്യം ചെയ്ത് സ്വാമിജി വിശദീകരിച്ചു. ശരീരത്തിനെയും മനസ്സിനെയും നിയന്ത്രിച്ച് ബുദ്ധിശക്തി വര്‍ദ്ധിപ്പിച്ച് അഹങ്കാരമാകുന്ന ഞാനെന്ന ഭാവം മാറ്റി മെന്റല്‍ പവര്‍ വര്‍ദ്ധിപ്പിച്ചാല്‍ പ്രായധിക്യത്തിലും ഒറ്റപ്പെടല്‍ കൊണ്ട് ഉണ്ടാകുന്ന വിഷമം ബാധിക്കില്ല.


അതിന് ദിവസവും രാവിലെ സൂര്യോദയത്തിന് മുമ്പേ ഉണര്‍ന്ന് ദീപം തെളിയിച്ചതിനു ശേഷം 40 മിനിട്ട് (ജ്ഞാനപ്രകാശം – ആത്മജ്ഞാന പ്രതീകം) പത്മാസനത്തില്‍ ഇരുന്ന് സാധന ചെയ്യുമ്പോള്‍ പ്രാണശക്തി കൂടുന്നു. ഭഗവത് ഗീതയില്‍ പതിനഞ്ചാം അദ്ധ്യായത്തില്‍ 14, 15 ശ്ലോകങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. ആത്മാ എന്നാല്‍ 'ആ' ആവിര്‍ഭവതി (manifestation),' ത് ' തിഷ്ടതി (നില്‍ക്കുന്നു), 'മാ' മേളനം (ഒരുമിച്ചു കൂടല്‍) എന്നും കര്‍മ്മ നിരതനായിരിക്കുകഃ ഗീതയില്‍ മൂന്നാം അദ്ധ്യായത്തില്‍ 5ാം ശ്ലോകം ഇത് വിശദീകരിക്കുന്നു. എന്നും കര്‍മ്മനിരതനായിരിക്കുന്നവന് പ്രായാധിക്യത്തിലും ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്ത് ആലസ്യം വെടിഞ്ഞാല്‍ ജീവിതം ധന്യമാകും. രണ്ടു ദിവസത്തെ ക്ലാസ്സില്‍ പങ്കെടുത്തവര്‍ വളരെ ഉത്സാഹഭരിതരായി പിരിഞ്ഞു.


ശനിയാഴ്ച വൈകിട്ട് 7.15 മുതല്‍ 8.15 വരെ ഗാനകോകിലം അനിത കൃഷ്ണ നടത്തിയ ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ സംഗീത സദസ്സ് അതിഗംഭീരമായി. സെക്രട്ടറി രഘുവരന്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചു.


രണ്ടാം ദിവസം പ്രഭാഷണത്തിനു ശേഷം രാംദാസ് കൊച്ചുപറമ്പിലിന്റെ ഗാനാലാപനത്തോടെയും ഹരിവരാസനത്തോടെയും ഡോ. ഉണ്ണിക്കൃഷ്ണന്‍ തമ്പിയുടെയും രഘുവരന്‍ നായരുടെയും ആരതിയോടെയും ചടങ്ങുകള്‍ പര്യവസാനിച്ചു. അയ്യപ്പ സേവാ സംഘം രക്ഷാധികാരി രാം പോറ്റിയും പ്രസിഡന്റ് ഗോപിനാഥക്കുറുപ്പും ചേര്‍ന്ന് സ്വാമിജിക്ക് ദക്ഷിണ നല്‍കി ആദരിച്ചു. രണ്ടുദിവസവും നല്‍കിയ രുചികരമായ സദ്യ കോര്‍ഡിനേറ്റ് ചെയ്തത് താരാ സായി, ശോഭ കറുവക്കാട്ട്, രാധാമണി നായര്‍, വനജ നായര്‍, ലക്ഷ്മീ രാം ദാസ്, രത്‌നമ്മ നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. സ്വാമിജിയുടെ പ്രഭാഷണം ഇനിയും ശ്രവിക്കുവാനുള്ള ആഗ്രഹത്തോടെ, കരഘോഷത്തോടെ സ്വാമിജിയെ സംഘാടകരും ശ്രോതാക്കളും യാത്രയാക്കി.


Other News in this category



4malayalees Recommends