ലോക മലയാളികള്‍ക്ക് ഫൊക്കാനയുടെ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍: ഡോ. ബാബു സ്റ്റീഫന്‍

ലോക മലയാളികള്‍ക്ക് ഫൊക്കാനയുടെ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍: ഡോ. ബാബു സ്റ്റീഫന്‍
ലോക മലയാളികള്‍ക്ക് അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

ലോകം മുഴുവന്‍ സുഖം പകരാനായി സ്‌നേഹദീപമായി ആകാശത്തു നക്ഷത്രം തെളിഞ്ഞ ദിവസമാണ് ക്രിസ്തുമസ്. ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ തിരുപ്പിറവിയുടെ ആഘോഷം ലോകമെങ്ങും ആവേശമുണര്‍ത്തുന്നു. കരുണയുടെ കരമാണ് യേശുക്രിസ്തുവിന്റേത്. ഈ കരത്തിന്റെ ബലത്തില്‍ ലോകത്ത് ലക്ഷക്കണക്കിന് മനുഷ്യര്‍ ജീവിക്കുന്നു. അതുപോലെയാണ് ഫൊക്കാനയും. ഫൊക്കാനയും സഹജീവികളെ കരുതുകയും അവര്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന വലിയ പ്രസ്ഥാനമാണ്.

'നീ നിന്നെ സ്‌നേഹിക്കുന്നത് പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എനിക്കേറ്റവും പ്രിയപ്പെട്ട യേശു വചനമാണ് ഇത്. ഞാന്‍ ഉള്‍പ്പെടുന്ന ഏത് പ്രസ്ഥാനത്തിലൂടെയും സഹജീവികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഇത്തരം മഹത് ചിന്തകരുടെ പിന്‍ബലത്തിലാണെന്ന് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു.

നാം ജീവിക്കുന്ന കാലത്തെയും ലോകത്തെയും ശാന്തിക്കു തിരി കൊളുത്താന്‍ പ്രാപ്തമായ ഏറ്റവും ഉജ്ജ്വലവും ശക്തവുമായ ദൈവ സന്ദേശമാണ് യേശു ലോകത്തിന് നല്‍കിയതെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. കരുണയുള്ള ഹൃദയത്തിന്റെ കാഴ്ചകള്‍ സുന്ദരമാകുമെന്നും ദയയുള്ള കരങ്ങളും പ്രവര്‍ത്തികള്‍ വിശുദ്ധമാകുമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് യേശുവിന്റെ പല ചിന്തകളും.

യുദ്ധങ്ങളും വിലാപങ്ങളും അശാന്തി നിറയ്ക്കുന്ന താഴ്‌വാരങ്ങള്‍ ഇനിയും ബാക്കിയുള്ള ഒരു ലോകത്തില്‍ നാം ജീവിക്കുന്ന ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണവും മഹത്വരവുമാക്കാന്‍ ഈ ക്രിസ്തുമസ് കാലം മാറ്റിവയ്ക്കാമെന്ന് ഫൊക്കാന ട്രഷറര്‍ ബിജു കൊട്ടാരക്കര പറഞ്ഞു.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ തിരുപ്പിറവി ദിനത്തിന്റെ നന്മകളാല്‍ സമ്പന്നമായ ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍ നേരുന്നതായി ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍, അംഗങ്ങള്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍, ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റി തുടങ്ങി എല്ലാവരും അറിയിച്ചു.


Other News in this category4malayalees Recommends