പ്രവാസികള്‍ക്ക് പാര്‍ട്ട്-ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കി കുവൈത്ത്; നിബന്ധന ബാധകം

പ്രവാസികള്‍ക്ക് പാര്‍ട്ട്-ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കി കുവൈത്ത്; നിബന്ധന ബാധകം
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കിയതായി പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലെഡ് അല്‍ സബാ. യഥാര്‍ത്ഥ എംപ്ലോയര്‍/ സ്‌പോണ്‍സര്‍ ഇതിനുള്ള അനുമതി നല്‍കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വ്യക്തമാക്കി.

അടുത്ത മാസം മുതല്‍ തീരുമാനം നിലവില്‍ വരുമെന്നും അധികൃതര്‍ പറഞ്ഞു. ദിവസേന നാല് മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനാണ് അനുമതിയുള്ളത്. എന്നാല്‍ കോണ്‍ട്രാക്ടിംഗ് മേഖലയില്‍ സമയപരിധി ബാധകമല്ല. പാര്‍ട്ട്‌ടൈം ജോലി ചെയ്യാന്‍ പ്രവാസികള്‍ എംപ്ലോയറുടെ അംഗീകാരവും, ആ ഉദ്ദേശത്തിനായി വര്‍ക്ക് പെര്‍മിറ്റും നേടണമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വ്യക്തമാക്കി.

കുവൈത്തിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് പകരം നിലവില്‍ രാജ്യത്തുള്ള പ്രവാസികളെ ഉപയോഗപ്പെടുത്താനാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. 4.5 മില്ല്യണ്‍ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് പേരും പ്രവാസികളാണെന്നാണ് കണക്ക്. നിലവിലെ എംപ്ലോയ്‌മെന്റ് നിയമപ്രകാരം സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ നില്‍ക്കുകയും, മറ്റുള്ളവര്‍ക്കായി ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ നാടുകടത്തല്‍ നേരിടേണ്ടി വരികയും ചെയ്യും.
Other News in this category



4malayalees Recommends