ന്യൂഫൗണ്ട്‌ലാന്‍ഡില്‍ ആഞ്ഞടിച്ച് ലാറി ചുഴലിക്കാറ്റ്; പതിനായിരത്തോളം ജനങ്ങള്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍; ചുരുങ്ങിയ സമയത്തില്‍ പെയ്തിറങ്ങിയത് 30 മില്ലിമീറ്റര്‍ മഴ

ന്യൂഫൗണ്ട്‌ലാന്‍ഡില്‍ ആഞ്ഞടിച്ച് ലാറി ചുഴലിക്കാറ്റ്; പതിനായിരത്തോളം ജനങ്ങള്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍; ചുരുങ്ങിയ സമയത്തില്‍ പെയ്തിറങ്ങിയത് 30 മില്ലിമീറ്റര്‍ മഴ

കാറ്റഗറി 1ല്‍ പെട്ട ലാറി ചുഴലിക്കാറ്റ് സൗത്ത് ഈസ്റ്റേണ്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് തീരത്ത് പ്രവേശിച്ചു. സെന്റ് ജോണ്‍സിലെയും, സമീപപ്രദേശങ്ങളിലെയും വൈദ്യുതി ബന്ധം തകര്‍ത്ത് കൊണ്ടാണ് ലാറി ചുഴലിക്കാറ്റ് വരവറിയിച്ചത്. കനത്ത കാറ്റും, ശക്തമായ മഴയും എത്തിയതിന് പുറമെ കൊടുങ്കാറ്റിനുള്ള സാധ്യതയും ഉയരുകയാണ്.


രാവിലെ 5 മണി വരെ എവാലോണ്‍ പെനിന്‍സുലയ്ക്ക് നല്‍കിയിരുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവസാനിച്ചെങ്കിലും കനത്ത കാറ്റിനുള്ള മുന്നറിയിപ്പ് തലസ്ഥാനത്ത് ഉള്‍പ്പെടെ ചില മേഖലകളില്‍ സജീവമാണ്. കൊടുങ്കാറ്റ് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചെന്നാണ് റിപ്പോര്‍ട്ട്. പതിനായിരത്തോളം പേരാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഇരുട്ടില്‍ കഴിയുന്നത്.

കുറച്ച് സമയത്തേക്കാണ് മഴ പെയ്തതെങ്കിലും അതിശക്തമായിരുന്നുവെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 30 മില്ലിമീറ്റര്‍ മഴയെങ്കിലും രേഖപ്പെടുത്തി. സെന്റ് ജോണ്‍സ്, മൗണ്ട് പേള്‍സ വൈറ്റ്‌ബോണ്‍, ബറിന്‍ പെനിന്‍സുല എന്നിവിടങ്ങളിലാണ് വൈദ്യുതിബന്ധം തകരാറിലായത്.

ന്യൂഫൗണ്ട്‌ലാന്‍ഡിലെ മേരി ക്യൂന്‍ ഓഫ് പീസ് എലിമെന്ററി സ്‌കൂളിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വ്യക്തമാക്കി. മേഖലയിലെ ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദ്ദേശം.

ലാറി ചുഴലിക്കാറ്റിന്റെ വരവ് നേരിടാന്‍ ഏതാനും ദിവസങ്ങളായി ഒരുക്കത്തിലാണ് അധികൃതര്‍. മരങ്ങള്‍ മറിഞ്ഞ് വൈദ്യുതി ലൈനുകളില്‍ കുടുങ്ങി കിടക്കാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
Other News in this category4malayalees Recommends