നവീന ആശയങ്ങളുമായി ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട്

നവീന ആശയങ്ങളുമായി ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി  ലീല മാരേട്ട്
ഫൊക്കാന അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവമായ കാലം മുതല്‍ സംവരണം ഒന്നും ഒരു പ്രശ്‌നമല്ലാതെ പുരുഷ കേസരികളേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്ന വനിതാ നേതാവാണ് ലീലാ മാരേട്ട്. അവര്‍ ഫൊക്കാനയുടെ സമ്പത്ത് എന്ന്തന്നെ പറയാം. കാഴ്ചപ്പാടുകള്‍ ആണ് ലീല മാരേട്ടിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.


ഫൊക്കാനയുടെ തുടക്കം മുതല്‍ കമ്മിറ്റി മെമ്പര്‍ തുടങ്ങി മിക്കവാറും എല്ലാ പദവികളും അലങ്കരിച്ചിട്ടുള്ള ലീലാ മാരേട്ട് ഫൊക്കാനാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ എത്തിക്കാനുള്ള പരിശ്രമത്തില്‍ ആണ്. മറിയാമ്മ പിള്ളയ്ക്ക് ശേഷം ഫൊക്കാനയുടെ പ്രസിഡന്റ് പദത്തിലേക്ക് ഉറച്ച കാല്‍വെയ്‌പോടെ നടന്നു കയറാനുള്ള നിശയദാര്‍ഢ്യത്തിലാണ് ലീലാ മാരേട്ട് .


സ്‌കൂള്‍ കോളേജ് പഠന കാലംമുതല്‍ സാംസ്‌കാരിക, സാമൂഹ്യ രംഗത്തു സജീവ സാന്നിധ്യമാണ് ലീലാ മാരേട്ട്. പിതാവ് ആലപ്പുഴയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നതു കൊണ്ട് എന്താണ്‌സാമൂഹ്യ പ്രവര്‍ത്തനം എന്ന് ലീലാ മാരേട്ടിനെ ആരും പഠിപ്പിക്കേണ്ടതില്ല. അതിനു അവര്‍ നിന്ന് കൊടുക്കുകയുമില്ല. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വന്തം ശൈലി. ഒപ്പം നില്‍ക്കുന്നവരെ പരിഗണിക്കാനും അവര്‍ക്കു വേണ്ടത് ചെയ്യുവാനും സന്മനസ്സുള്ള ലീലാ മാരേട്ട് വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഫൊക്കാനയുടെ അമരത്തേക്കു വരുന്നത് .


ഫൊക്കാനാ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുവാന്‍, അല്ലങ്കില്‍ ആ പദത്തിലേക്ക് എത്തുവാന്‍ വളരെ വൈകി എന്ന് തോന്നലുണ്ടോ?


ഇല്ല. ഓരോന്നിനും ഓരോ സമയം സന്ദര്‍ഭം ഒക്കെയുണ്ട് .ജീവിതത്തിന്റെ തിരക്കുകളില്‍ സാമൂഹ്യ പ്രവര്‍ത്തനം ആത്മാര്‍ത്ഥമായി നടത്തുവാന്‍ സാധിക്കില്ല എന്ന് വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍. ഒരു പ്രവര്‍ത്തി ഏറ്റെടുത്താല്‍ അത് ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് എന്റെ അജണ്ട. അത് ഏറ്റവും ഭംഗിയായി നിര്‍വഹിക്കും. അപ്പോള്‍ അതില്‍ നമുക്ക് ശ്രദ്ധിക്കാനുള്ള സാഹചര്യം നാം ഉണ്ടാക്കിയെടുക്കണം. ഇപ്പോള്‍ അതിനു പറ്റിയ സമയം ആണെന്ന് തോന്നി. ഇറങ്ങി. മക്കളൊക്കെ സെറ്റില്‍ഡ് ആയി. ഞാനും ഇപ്പോള്‍ ഫ്രീ. 100 ശതമാനവും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും എന്ന് ഉറപ്പുണ്ട് .


ജയിക്കും എന്നുറപ്പുണ്ടോ ?


സംശയം എന്താണ്? ഞാന്‍ ഫൊക്കാനയില്‍ ഇന്നലെ വന്ന ആളല്ല. ഫൊക്കാനയ്‌ക്കൊപ്പം വളര്‍ന്നു വന്ന ആളാണ്. അപ്പോള്‍ എന്തുകൊണ്ടും ഫൊക്കാനയെ സ്‌നേഹിക്കുന്നവര്‍ എന്നെ ആ പദവിയില്‍ എത്തിക്കും. കാരണം ഞാന്‍ അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. എനിക്ക് പല സംഘടനകള്‍ ഇല്ല. പല അഭിപ്രായങ്ങള്‍ ഇല്ല. പറയേണ്ടത് സത്യസന്ധമായി പറയും. അമേരിക്കന്‍ മലയാളികളുടെ എല്ലാ പ്രശനങ്ങളിലും ഒപ്പം നിന്നിട്ടുണ്ട്.


ഫൊക്കാനയുടെ പ്രതിസന്ധികളില്‍ ഒപ്പം എപ്പൊഴും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ഫൊക്കാനയുടെ വോട്ടര്‍മാര്‍ എന്നെ കൈവിടില്ല


എന്തെല്ലാമാണ് ഫൊക്കാന പ്രസിഡന്റ് ആയാല്‍ നടപ്പിലാക്കുവാന്‍ പോകുന്ന പദ്ധതികള്‍


വെറുതെ വിടുവായത്തം പറയാനല്ല പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുവാനാണ് ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇപ്പോള്‍ ഫൊക്കാനയുടെ പ്രധാന പ്രശ്‌നമായി എനിക്ക് തോന്നിയിട്ടുള്ളത് കൂടുതല്‍ അംഗ സംഘടനകളെ ഫൊക്കാനയിലേക്ക് കൊണ്ടുവരികയും, നിലവില്‍ ഉള്ള അംഗ സംഘടനകളെ സജീവമാക്കി അവരെയും പ്രവര്‍ത്തനത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ്. ഓരോ റീജിയണിലും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു നടപ്പിലാക്കുവാനും റീജിയന്‍ ശക്തിപ്പെടണം. റീജിയനില്‍ സജീവമായ പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ അമേരിക്കന്‍ മലയാളികളില്‍ എത്തണം.അങ്ങനെ ഓരോ റീജിയന്‍ ശക്തമാകുമ്പോള്‍ സ്വാഭാവികമായി ഫൊക്കാനയ്ക്കും വലിയ മാറ്റങ്ങള്‍ ഉണ്ടാകും.


സാമ്പത്തികമായി സുസ്ഥിരത അതിനു ഉണ്ടാക്കണ്ടേ ?


വേണം. അതിനും പദ്ധതികള്‍ ഉണ്ട്. റീജിയനുകള്‍ ശക്തമാകുമ്പോള്‍ സാമ്പത്തികമായ സുസ്ഥിരത ഉണ്ടാകും. പണ്ടൊക്കെ ഫൊക്കാനയുടെ സാമ്പത്തിക സ്രോതസ് സംസാര വിഷയം ആയിരുന്നു. ഇന്ന് അത് മാറി. ലോകത്തുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ അമേരിക്കന്‍ മലയാളികളെയും ബാധിച്ചിട്ടുണ്ട്. എന്നുവിചാരിച്ചു നല്ല കാര്യങ്ങള്‍ക്കു പണം മനസ്സോടെ നല്‍കുവാനും, പ്രവര്‍ത്തനങ്ങള്‍ക്കു ഒപ്പം നില്‍ക്കുവാനും സന്മനസുള്ളവര്‍ ഫൊക്കാനയില്‍ തന്നെയുണ്ട്. അവരുടെ ക്രോഡീകരണം ആണ് പ്രധാനം. സാമ്പത്തികമായ അടിത്തറ ഈ സംഘടനയ്ക്ക് ഉണ്ടാക്കുവാന്‍ നിഷ്പ്രയാസം സാധിക്കും .കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ.


ഫൊക്കാനയെ മറ്റ് സംഘടനകളില്‍ നിന്നും വളരെ വ്യത്യസ്തമാക്കുന്നത് ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആണ്. ഒട്ടേറെ വീടുകള്‍ കേരളത്തിലെ വീടില്ലാത്തവര്‍ക്കായി നിര്‍മ്മിച്ചു നല്‍കി. ഇത്തരം പദ്ധതികളില്‍ ആണ് ഫൊക്കാനയെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷ.


പ്രസിഡന്റ് ആയാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ആയിരിക്കും?


ഫൊക്കാനയുടെ തുടക്കം മുതല്‍ വീടില്ലാത്തവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതികള്‍ ഒരു തുടര്‍ പ്രോജക്ടായി തുടരുന്നവയാണ്. സര്‍ക്കാരിന്റെ ലക്ഷം വീട് കോളനി മുതല്‍ നിരവധി പദ്ധതികളില്‍ സര്‍ക്കാരുകള്‍ക്കൊപ്പവും അല്ലാതെ ഫൊക്കാന മറ്റു സംഘടനകള്‍ക്കൊപ്പവും, പഞ്ചായത്തുകള്‍ക്കൊപ്പവും, ഫൊക്കാനയുടെ നേതൃത്വത്തില് നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ കണക്കുകള്‍ എടുത്താല്‍ ആയിരത്തിലധികം വരും. വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി തുടരും.


മറ്റൊന്ന് കേരളത്തില്‍ ആരോഗ്യ രംഗത്തു, പ്രത്യേകിച്ച് പാലിയേറ്റിവ് രംഗത്തു വളരെ സഹായം വേണ്ട നിരവധി സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. ഓപ്പറേഷന്‍ തുടങ്ങിയവയൊക്കെ രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളിലൂടെ നടക്കും. പക്ഷെ അവര്‍ തുടര്‍ ചികിത്സകള്‍ ഇല്ലാതെ, നല്ല ഭക്ഷണം ലഭിക്കാതെ ഒക്കെ മരണപ്പെടുകയും മറ്റും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അപ്പോള്‍ അതിനു പരിഹാരമായി ഒരു പ്രോജക്ട് ഉണ്ടാക്കണമെന്ന് ആഗ്രഹം ഉണ്ട്. അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു രോഗിയെ ഏറ്റെടുത്തു ചെറിയ തുകകള്‍ അവര്‍ക്കായി മുടക്കം. പാലിയേറ്റിവ് രംഗത്തു പ്രവൃത്തിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കും അതൊരു സഹായമാകും. രോഗികള്‍ക്കും, വൃദ്ധ ജനങ്ങള്‍ക്കും അതൊരു സഹായമാകും. പലതുള്ളി പെരുവെള്ളം എന്നാണല്ലോ. ആര്‍ക്കും ഈ പ്രൊജക്ടുമായി സഹകരിക്കാം. 100രൂപാ വിലയുള്ള ഒരു ഗുളികയുടെ സ്ട്രിപ്പ് വരെ വാങ്ങി ഒരു രോഗിക്കായി നല്‍കാം. വളരെ ഭംഗിയായായി നടപ്പിലാക്കുവാന്‍ സാധിക്കുന്ന ഒരു പദ്ധതിയാണിത്.


എല്ലാ കണ്‍ വന്‍ഷനുകളുടെയും വിജയത്തിനു പിന്നിലെ ഒരു വലിയ ശക്തി ലീലാ മാരേട്ട്ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍, സുവനീര്‍ അങ്ങനെ പല പ്രവര്‍ത്തനങ്ങളുടെയും പിന്നിലെ നെടുംതൂണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ സ്ത്രീകള്‍ക്ക് വേണ്ട തരത്തിലുള്ള അംഗീകാരം കിട്ടുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?


വനിതകളെ അംഗീകരിക്കുന്നതിലും വളര്‍ത്തുന്നതിലും എന്നും മാതൃകയാണ് ഫൊക്കാന. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നപോലെ സ്ത്രീകള്‍ക്കും അവസരം നല്‍കാന്‍ എന്നും സംഘടന ശ്രദ്ധിക്കാറുണ്ടായിരുന്നു. എങ്കിലും വളരെ ചുരുക്കം ചില വനിതാ പ്രവര്‍ത്തകരിലേക്ക് സ്ത്രീ പ്രാധിനിത്യം ഒതുങ്ങിപ്പോവുന്നു എന്ന് ചില സന്ദര്‍ഭങ്ങളില്‍ തോന്നിയിട്ടുണ്ട്. ഫൊക്കാനയുടെ ജീവാത്മാവ് ഫൊക്കാന നടത്തുന്ന ദേശീയ കണ്‍വന്‍ഷന്‍ ആണ്. അവിടെ വനിതകളുടെയും കുഞ്ഞുങ്ങളുടെയും സാന്നിധ്യം ഇല്ലങ്കില്‍ എന്ത് കണ്‍വന്‍ഷന്‍. ഫൊക്കാനയുടെ ചിക്കാഗോകാനഡാ കണ്‍വന്‍ഷനുകളെ വെല്ലാന്‍ ഈ അടുത്ത കാലത്തു ഏതെങ്കിലും കണ്‍വന്‍ഷനു സാധിച്ചിട്ടുണ്ടോ? സ്ത്രീ പ്രാധിനിത്യം കൊണ്ടു ശ്രദ്ധേയമായ കണ്‍വന്‍ഷനുകള്‍ ആയിരുന്നു അവ രണ്ടും. ഇവിടെയെല്ലാം സ്ത്രീജനങ്ങളുടെ പങ്കാളിത്തം കൊണ്ടും, അവരുടെ കലാ പ്രവര്‍ത്തനങ്ങള്‍കൊണ്ടും ശ്രദ്ധയാകര്‍ഷിച്ച കണ്‍വന്‍ഷനുകള്‍ ആണ് ഫൊക്കാനാ സംഘടിപ്പിച്ചത്. ഫൊക്കാനയുടെപ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍ സ്ത്രീരത്‌നങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ അതെത്ര മാത്രം ദത്തശ്രദ്ധമാമെന്നു മനസ്സിലാക്കാം.


ഒരു പൊതുജനപ്രസ്ഥാനത്തിന്റെ പ്രത്യേകത എന്താണ്? എന്തെങ്കിലും ഒരു സങ്കീര്‍ണമായ ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്നതാണോ അത്? ജാതിയോ മതമോ ലിംഗമോ പ്രദേശമോ അതിനു വിലക്കിടാറില്ല. ഒരു മുന്‍വിധിയും കൂടാതെ പൊതുജനത്തിനാകെ പ്രയോജനപ്പെടുന്ന വിധമായിരിക്കും അവ പ്രവര്‍ത്തിക്കുക. ഫൊക്കാനാ സ്ത്രീകളുടെ ഉന്നമനത്തിനായും അവരെ നേതൃനിരയിലേക്കു കൊുവരുന്നതിനും എന്നും പ്രതിജ്ഞാബദ്ധമാ. അത് എന്റെ കമ്മിറ്റിയും തുടരും.


ഫൊക്കാനയില്‍ വര്‍ഷങ്ങളായി തുടരുന്നവരില്‍ പലരും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. പുതിയ ആളുകള്‍ വരണ്ടേ? പഴമക്കാര്‍ മാറി നില്‍ക്കേണ്ട സമയം ആയില്ലേ?


സത്യം ആണത്. ഫൊക്കാനയില്‍ പുതിയ ആളുകള്‍ വരണം. അധികാരം കുറച്ചു ആളുകളിലേക്ക് കേന്ദ്രീകരിക്കുന്നത് ഒരു സംഘടനയ്ക്കും ഭൂഷണം അല്ല.അത് ഫൊക്കാനയ്ക്കും പോരായ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനു പഴയവര്‍ മാറി നില്‍ക്കുകയോ മാറ്റുകയോ അല്ല വേണ്ടത്. പുതിയ തലമുറയെ ഫൊക്കാനയിലേക്ക് കൊണ്ടുവന്നു പ്രവര്‍ത്തന സജ്ജരാക്കുകയാണ് വേണ്ടത്. അതിനാണ് ഫൊക്കാനയുടെ യുവജനോത്സവങ്ങള്‍, പ്രൊഫഷണല്‍ സമാഗമം ഒക്കെ വേണ്ടത്. ഇതൊക്കെ കാര്യക്ഷമമായി ചെയ്യുവാന്‍ എനിക്ക് സാധിക്കും. അതിനായി പ്രവര്‍ത്തിക്കുന്ന ഊര്‍ജസ്വലതയുള്ള ഒരു കമ്മിറ്റിയായായിരിക്കും എന്റേത് .അതില്‍ സംശയം വേണ്ട .


ചെയ്യാന്‍ പറ്റുന്നവ മാത്രമാണ് ലീലാ മാരേട്ട് പറഞ്ഞത് .അത് അവര്‍ ചെയ്യും കാരണം കോളേജ് അധ്യാപികയായിരുന്ന ഈ ആലപ്പുഴക്കാരി രാഷ്ടീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. ഒരു വലിയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നയാള്‍. കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രത്യേകിച്ച് ആലപ്പുഴക്കാര്‍ക്കു സുപരിചിതനായ തോമസ്സ് സാറിന്റെ മകള്‍. പിതാവ് കോണ്‍ഗ്രസ്സുകാര്‍ക്കെല്ലാം സമാദരണീയനായ നേതാവായിരുന്നു. എ.കെ ആന്റണിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന വ്യക്തി കൂടി ആയിരുന്നു തോമസ് സാര്‍ .


ആലപ്പുഴ സെന്റ് ജൊസഫ് കോളിജില്‍ ഡിഗ്രി പഠനം. പി ജി എസ് ബി കോളേജില്‍, ആലപ്പുഴ സെന്റ് ജൊസഫ് കോളിജില്‍ തന്നെ അധ്യാപിക ആയി. 1981ല്‍ അമേരിക്കയില്‍ വന്നു. 1988 മുതല്‍ പൊതു പ്രവര്‍ത്തനം തുടങ്ങി. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ് . അതിന്റെ മെമ്പര്‍ മുതല്‍ നിരവധി പദവികള്‍ വഹിച്ചു. ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്‌റ്, ചെയര്‍മാന്‍, യൂണിയന്റെറെക്കോര്‍ഡിംഗ് സെക്രട്ടറി,സൗത്ത് ഏഷ്യന്‍ ഹെറിറ്റേജിന്റെ വൈസ്പ്രസിഡന്റ്‌റ്, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെമ്പര്‍ തുടങ്ങിയ നിലകളില്‍ സ്തുത്യര്‍ഹ്യമായ പ്രവര്‍ത്തനങ്ങള്‍ ആണ് ലീലാ മാരേട്ട് കാഴ്ച വച്ചിട്ടുള്ളത്. ഇവിടെയെല്ലാം ശ്രദ്ധിക്കേണ്ട വസ്തുത, ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കുടുംബം ഒപ്പം നില്‍ക്കുന്നു എന്നതാണ്


ഭര്‍ത്താവ് രാജന്‍ മാരേട്ട് ട്രാന്‍സിറ്റില്‍ ആയിരുന്നു. രണ്ടു മക്കള്‍, ഒരു മകനും, മകളും .മകന്‍ ഫിനാന്‍സ് കഴിഞ്ഞു കമ്പനിയുടെ വൈസ് പ്രസിടന്റ്‌റ് ആയി ജോലി ചെയുന്നു. മകള്‍ ഡോക്ടര്‍. ലീല മാരേട്ട്‌ന്യൂയോര്‍ക്ക് സിറ്റി പരിസ്ഥിതി വിഭാഗത്തില്‍സൈന്റിസ്റ്റ് ആയിരുന്നു.


അമേരിക്കയിലെത്തിയ തന്നെ താനാക്കിയത് ഫൊക്കാനയാണെന്നു ലീലാ മാരേട്ട് അഭിമാനത്തോടെയാണ് എപ്പൊഴും പറയാറ്. ഫൊക്കാനയുടെ ചിറകിലേറിയതാണ് തന്റെ ഇവിടത്തെ ജീവിതമോടിക്കു കാരണമെന്നു അവര്‍ പറയുന്നു. കേരളത്തില്‍ എത്തുമ്പോള്‍ കിട്ടുന്ന സ്വീകരണങ്ങളും അംഗീകാരവും ഫൊക്കാനയുടെ പേരിലാണെന്നു അവര്‍ തുറന്നു പറയുന്നു. ഒരു വനിതയായ തനിക്കു സംഘടന നല്‍കിയ അവസരവും വഴിയുമാണ് ഇതെന്നു അഭിമാനത്തോടെ പറയുമ്പോള്‍ വനിതാ പ്രാതിനിധ്യത്തില്‍ ഫൊക്കാനയുടെ നിലപാടും പ്രവര്‍ത്തനവും വെറും പ്രസ്താവനയല്ലെന്നു തെളിയുകയാണ്.


സ്ത്രീകളെ പൊതുസമൂഹത്തിലേക്കും പൊതുധാരയിലേക്കും കൊണ്ടു വരിക എന്ന ലക്ഷ്യം ഫൊക്കാന പ്രഖ്യാപിത നയമാണ്. അക്കാര്യത്തില്‍ സംഘടന ഇവരിലൂടെ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഒരു കാലം വരെ തൊഴിലെടുക്കുകയും വരൂമാനം ഉണ്ടാക്കുകയും മാത്രമായിരുന്നു ഇവിടെ സ്ത്രീകളുടെ ലക്ഷ്യം. അത് പത്തുവര്‍ഷം മുന്‍പ് മാറ്റിയെടുക്കാന്‍ ശ്രമിച്ച സംഘടനയായിരുന്നു ഫൊക്കാന. കുടുംബവും ജോലിയും കവിഞ്ഞൊരു ലോകം അവര്‍ക്കില്ലായിരുന്നു. അത്തരമൊരു ചുറ്റുപാടില്‍ നിന്നുമാണ് വനിതകളെ ഫൊക്കാനാ അന്ന് ഉയര്‍ത്തി കൊണ്ട് വന്നത്. ഫൊക്കാനയുടെ നേതൃത്ത്വം വരുന്ന രണ്ടു വര്‍ഷം വീണ്ടും ഒരു വനിതഏറ്റെടുക്കുന്ന സമയം വരുന്നു എന്ന്ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ പറ്റും. കാരണം ഈ ഉറപ്പ് നമുക്ക് നല്‍കുന്നത് ലീലാ മാരേട്ട് ആണ്


സാമൂഹ്യസേവന രംഗത്തോടുള്ള സ്ത്രീജനങ്ങളുടെ കാഴ്ചപ്പാടും മുന്‍വിധിയും മാറണമെന്നും, മികച്ച സംഘാടകരും നേതാക്കളുമാകാന്‍ അവര്‍ക്കു സാധിക്കുമെന്നുമാണ്‌ഫൊക്കാനയിലെ വിജയികളായ വനിതകള്‍ നമുക്കു കാട്ടിത്തരുന്നത്. അതിനൊപ്പം നില്‍ക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കഴിയും എന്ന കാര്യത്തില്‍ സംശയം ഇല്ല. അതുകൊണ്ട് ലീലാ മാരേട്ടിനു ഫൊക്കാനാ പ്രസിഡന്റ് പദം അത്ര ബുദ്ധിമുട്ടായിരിക്കുകയില്ല.


Other News in this category



4malayalees Recommends